റോബോട്ടിക്സ് രംഗത്ത് പുതിയ വിപ്ലവം: റോബോട്ടുകൾക്കായി പ്രത്യേക ‘ആപ്പ് സ്റ്റോർ

സ്മാർട്ട്ഫോൺ വിപ്ലവത്തിന് സമാനമായ ഒരു മാറ്റത്തിന് റോബോട്ടിക്സ് മേഖല സാക്ഷ്യം വഹിക്കുന്നു. നമ്മൾ ഫോണുകളിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് പുതിയ ഫീച്ചറുകൾ ചേർക്കുന്നതുപോലെ, ഇനി റോബോട്ടുകൾക്കും പുതിയ കഴിവുകൾ സോഫ്റ്റ്‌വെയർ വഴി നൽകാം. പ്രമുഖ റോബോട്ടിക്സ് സോഫ്റ്റ്‌വെയർ കമ്പനിയായ ഓപ്പൺമൈൻഡ് (OpenMind) ആണ് റോബോട്ടുകൾക്കായി ഇത്തരമൊരു ആപ്പ് സ്റ്റോർ പ്ലാറ്റ്‌ഫോം ആഗോളതലത്തിൽ അവതരിപ്പിച്ചത്.

കമ്പനിയുടെ ‘OM1’ എന്ന നൂതന മോഡുലാർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത റോബോട്ടുകളുടെ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും തമ്മിലുള്ള വേർതിരിവാണ്. നിലവിൽ ഓരോ ജോലിക്കായി ഓരോ തരം റോബോട്ടുകളെ വാങ്ങേണ്ട സാഹചര്യമാണുള്ളത് എങ്കിലും ഓപ്പൺമൈൻഡിന്‍റെ ഈ നീക്കത്തിലൂടെ ഒരേ റോബോട്ടിനെത്തന്നെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കും. ഒരു റോബോട്ടിൽ പുതിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ അതിന് അതുവരെ ഇല്ലാതിരുന്ന പുതിയ കഴിവുകൾ പഠിച്ചെടുക്കാൻ കഴിയുന്നു എന്നതാണ് ഇതിന്‍റെ പ്രധാന നേട്ടം.

വീട്ടുജോലികൾക്കായി വാങ്ങിയ ഒരു റോബോട്ടിനെത്തന്നെ മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നതാണ് ഇതിന്‍റെ പ്രായോഗിക വശം. ഉദാഹരണത്തിന് തറ വൃത്തിയാക്കാനായി വാങ്ങിയ റോബോട്ടിൽ സുരക്ഷാ പരിശോധനയ്ക്കുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ ഉടമസ്ഥർ ഇല്ലാത്ത സമയത്ത് വീടിന് കാവൽ നിൽക്കാനും അനാവശ്യമായി ആരെങ്കിലും പ്രവേശിച്ചാൽ മുന്നറിയിപ്പ് നൽകാനും അതിന് സാധിക്കും. ഇതേ റോബോട്ടിൽ തന്നെ ആരോഗ്യപരിചരണത്തിനുള്ള ആപ്പുകൾ നൽകിയാൽ പ്രായമായവർക്ക് കൃത്യസമയത്ത് മരുന്ന് നൽകാനും അവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനും അതിനെ പ്രാപ്തമാക്കാം. കൂടാതെ ഫോട്ടോകൾ എടുക്കാനും മനുഷ്യരുമായി സംസാരിക്കാനുമുള്ള ആപ്പുകളും ഈ സ്റ്റോറിൽ ലഭ്യമാണ്.

യൂബിടെക്, അഗിബോട്ട്, ഡീപ് റോബോട്ടിക്സ്, ഫോറിയർ തുടങ്ങിയ ലോകപ്രശസ്ത റോബോട്ട് നിർമ്മാണ കമ്പനികളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഹാർഡ്‌വെയർ നിർമ്മാണത്തേക്കാൾ വേഗത്തിൽ സോഫ്റ്റ്‌വെയർ വികസിപ്പിക്കാൻ കഴിയുമെന്നതിനാൽ റോബോട്ടുകളുടെ കഴിവുകൾ ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കും. കംപ്യൂട്ടറുകളും ഫോണുകളും അവയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം നൽകുന്ന അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറം നമ്മൾ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ വഴിയാണ് സ്മാർട്ട് ആകുന്നത് എന്നും റോബോട്ടുകളുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കാൻ പോകുന്നതെന്നും ഓപ്പൺമൈൻഡ് സിഇഒ ജാൻ ലിഫാർട്ട് വ്യക്തമാക്കി.

നിലവിൽ ആയിരത്തിലധികം ഡെവലപ്പർമാർ ഈ പ്ലാറ്റ്‌ഫോമിനായി ലോകമെമ്പാടുമിരുന്ന് പുതിയ ആപ്പുകൾ നിർമ്മിക്കുന്നുണ്ട്. ഐഫോണിന്‍റെയും ആൻഡ്രോയിഡിന്‍റെയും ആദ്യകാലങ്ങളിലെന്നപോലെ ഇപ്പോൾ ലളിതമായ ആപ്പുകളാണ് ഉള്ളതെങ്കിലും ഭാവിയിൽ സങ്കീർണ്ണമായ ജോലികൾ ചെയ്യുന്ന ആപ്പുകൾ ഇതിൽ എത്തും. സ്മാർട്ട്ഫോണുകൾ എങ്ങനെയാണോ സാധാരണക്കാരുടെ നിത്യജീവിതത്തിന്‍റെ ഭാഗമായത് അതേപോലെ റോബോട്ടുകളെയും ഓരോ വീട്ടിലെയും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാക്കുകയാണ് ഈ പുതിയ നീക്കത്തിലൂടെ ഓപ്പൺമൈൻഡ് ലക്ഷ്യമിടുന്നത്.

About The Author