മനുഷ്യ-കമ്പ്യൂട്ടർ ഇടപെടൽ ഇനി പുതിയ തലത്തിൽ

മനുഷ്യ-കമ്പ്യൂട്ടർ ഇടപെടലുകൾക്ക് (BCI) പുതിയ ദിശ നൽകിക്കൊണ്ട്, ‘Biological Interface System to Cortex’ അഥവാ BISC എന്ന ബ്രെയിൻ ഇംപ്ലാന്‍റ് , ഗവേഷണരംഗത്ത് പുത്തൻ സാധ്യതകൾ തുറന്നിടുന്നു. തലച്ചോറിലെ ചിന്തകളെയും സിഗ്നലുകളെയും തിരിച്ചറിയാനും അവ റെക്കോർഡ് ചെയ്യാനും കമ്പ്യൂട്ടറിലേക്ക് അയക്കാനും ഈ ചിപ്പ് സഹായിക്കും. ശരീരത്തിൽ വയർലെസ്സ് ആയിട്ടായിരിക്കും ഇത് പ്രവർത്തിക്കുക.

തലച്ചോറിലെ ന്യൂറോണുകൾ ആശയവിനിമയം നടത്തുന്നത് വളരെ നേർത്ത വൈദ്യുത സിഗ്നലുകൾ ഉപയോഗിച്ചാണ്. BISC ചിപ്പിന്‍റെ പ്രവർത്തനം ആരംഭിക്കുന്നത് ഈ സിഗ്നലുകളെ പിടിച്ചെടുക്കുന്നതിലൂടെയാണ്. കടലാസ് പോലെ നേർത്ത ഈ ചിപ്പിൽ 65,000-ത്തിലധികം ഇലക്ട്രോഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചിപ്പ് തലച്ചോറിന്‍റെ ഉപരിതലത്തിൽ സ്ഥാപിക്കുമ്പോൾ, ഈ ഇലക്ട്രോഡുകൾ ന്യൂറോണുകൾ പുറപ്പെടുവിക്കുന്ന വൈദ്യുത സിഗ്നലുകൾ ശേഖരിക്കുന്നു. ചിപ്പിനുള്ളിലെ അതിസങ്കീർണ്ണമായ ഇലക്ട്രോണിക് സർക്യൂട്ടുകൾ ഈ ദുർബലമായ സിഗ്നലുകളെ അളക്കാൻ കഴിയുന്ന രൂപത്തിലേക്ക് ശക്തപ്പെടുത്തുന്നു (Amplify).
ശേഖരിച്ച ഈ വലിയ അളവിലുള്ള ഡാറ്റാ തലച്ചോറിൽ നിന്ന് പുറത്തുള്ള കമ്പ്യൂട്ടറിലേക്ക് അയക്കേണ്ടതുണ്ട്. ഇതിനായി, BISC ചിപ്പ് ഒരു വയർലെസ്സ് റിലേ സ്റ്റേഷനുമായി ബന്ധപ്പെടുന്നു. ഇതിനുള്ളിൽ റേഡിയോ ട്രാൻസ്‌സീവറും മറ്റ് ഇലക്ട്രോണിക്സുകളും ഉണ്ട്. ചിപ്പും റിലേ സ്റ്റേഷനും തമ്മിലുള്ള ആശയവിനിമയം നടക്കുന്നത് അൾട്രാവൈഡ്ബാൻഡ് റേഡിയോ ലിങ്ക് വഴിയാണ്. ഈ സാങ്കേതികവിദ്യ BISC-ന് 100 Mbps എന്ന അതിവേഗ ഡാറ്റാ കൈമാറ്റശേഷി നൽകുന്നു. നിലവിലുള്ള മറ്റു ബ്രെയിൻ ഇന്‍റർഫേസുകളേക്കാൾ നൂറ് മടങ്ങ് വേഗതയുണ്ട് ഇതിന്. ഈ റിലേ സ്റ്റേഷൻ തന്നെയാണ് വയറുകളില്ലാതെ ചിപ്പിന് പ്രവർത്തിക്കാനുള്ള വൈദ്യുതിയും നൽകുന്നത്.

റിലേ സ്റ്റേഷൻ വഴി കമ്പ്യൂട്ടറിൽ എത്തുന്ന ന്യൂറൽ ഡാറ്റാ, അഡ്വാൻസ്ഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിശകലനം ചെയ്യുന്നു. ഈ സോഫ്റ്റ്‌വെയറുകൾ തലച്ചോറിലെ സിഗ്നലുകളുടെ പാറ്റേണുകൾ പരിശോധിച്ച്, ഒരു വ്യക്തിയുടെ ചിന്തകൾ, കൈ ചലിപ്പിക്കാനുള്ള ഉദ്ദേശം, സംസാരിക്കാനുള്ള ശ്രമം തുടങ്ങിയ സങ്കീർണ്ണമായ ഉദ്ദേശങ്ങൾ തിരിച്ചറിയുന്നു. ഇങ്ങനെ ഡീകോഡ് ചെയ്യുന്ന വിവരങ്ങൾ പിന്നീട് പക്ഷാഘാതം സംഭവിച്ച ഒരാളുടെ റോബോട്ടിക് കൈ ചലിപ്പിക്കാനോ, ഒരു കമ്പ്യൂട്ടർ സ്ക്രീനിൽ ടെക്സ്റ്റ് ടൈപ്പ് ചെയ്യാനോ, അല്ലെങ്കിൽ കാഴ്ച പുനഃസ്ഥാപിക്കാനുള്ള ഉപകരണങ്ങളിലേക്കോ ഉപയോഗിക്കാവുന്നതാണ്.
ചുരുക്കത്തിൽ, BISC ഒരു ഹൈ-സ്പീഡ് വയർലെസ്സ് ക്യാമറ പോലെയാണ്. ഇത് നമ്മുടെ തലച്ചോറിലെ ന്യൂറൽ സിഗ്നലുകൾ റെക്കോർഡ് ചെയ്യുകയും, അത് അതിവേഗം പുറത്തേക്ക് അയക്കുകയും, പുറത്തുള്ള AI അത് മനസ്സിലാക്കി നമുക്ക് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്തുതരികയും ചെയ്യുന്നു. മനുഷ്യ-കമ്പ്യൂട്ടർ ഇടപെടലുകളിൽ ഒരു പുതിയ യുഗത്തിന് ആണ് ഇതോടെ തുടക്കമാകുന്നത്.

About The Author