ഗൂഗിള്‍ ഫോട്ടോസിൽ എ.ഐ, ഫോട്ടോകൾ അടുക്കിവെച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കും

നിങ്ങളുടെ ഫോണുകളിലെ സ്റ്റോറേജ് വർദ്ധിപ്പിക്കുന്നതിനായി ഗൂഗിള്‍ ഫോട്ടോസിൽ വമ്പൻ മാറ്റങ്ങൾ വരുന്നു. ആവശ്യമില്ലാത്തതോ, ഒരേപോലെയുള്ളതോ ആയ ചിത്രങ്ങൾ ഫോണിന്‍റെ സ്ഥലം പാഴാക്കുന്നു എന്നത് പലരുടെയും വലിയൊരു പ്രശനം ആയിരുന്നു. ഇതിന് പരിഹാരമായി ഗൂഗിള്‍ ഫോട്ടോസിൽ ‘സ്റ്റാക്കിംഗ്’ (Photo Stacks) എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുകയാണ്.

ഈ പുതിയ സംവിധാനം ഉപയോക്താക്കൾ ചിത്രങ്ങൾ എടുക്കുമ്പോൾ ഉണ്ടാകുന്ന സമാന ചിത്രങ്ങളെല്ലാം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഉപയോഗിച്ച് കണ്ടെത്തി ഒരൊറ്റ ‘കൂന’ അഥവാ സ്റ്റാക്കായി അടുക്കി പ്രദർശിപ്പിക്കുന്നു. നിലവിൽ ആന്‍ഡ്രോയിഡ്, ഐഓഎസ് ഉപകരണങ്ങളിലെ ഗൂഗിള്‍ ഫോട്ടോസ് ഉപയോക്താക്കൾക്കായി ഈ ഫീച്ചർ ഘട്ടം ഘട്ടമായി പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്.

ഈ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ ഗാലറി കൂടുതൽ വൃത്തിയാക്കാനും, ഒരേ സമയം നിരവധി ചിത്രങ്ങൾ നീക്കം ചെയ്ത് സ്റ്റോറേജ് ലാഭിക്കാനും സാധിക്കും. ഒരു സ്റ്റാക്കിനുള്ളിലെ ഏറ്റവും മികച്ച ചിത്രം ഏതാണെന്ന് ഉപയോക്താവിന് സ്വയം തിരഞ്ഞെടുത്ത്, ബാക്കിയുള്ളവ ഡിലീറ്റ് ചെയ്യാനുള്ള അവസരം ലഭിക്കുന്നു. കൂടാതെ, സമയം ലാഭിക്കുന്നതിനായി, ഒരു ടാപ്പിലൂടെ AI-യുടെ സഹായത്തോടെ സ്റ്റാക്കിലെ ഏറ്റവും മികച്ച ഷോട്ട് തിരഞ്ഞെടുത്ത്, ബാക്കിയുള്ളവ ഒറ്റയടിക്ക് നീക്കം ചെയ്യാനുള്ള ഓപ്ഷനും ഗൂഗിള്‍ നൽകുന്നുണ്ട്.

ഈ പുതിയ സ്റ്റാക്കിംഗ് ഫീച്ചർ ഗൂഗിളിന്‍റെ AI സാങ്കേതികവിദ്യയുടെ വിപുലീകരണമാണ്. പിക്സല്‍ ഫോണുകളിൽ മാത്രം ലഭ്യമായിരുന്ന ‘Top Shot’ ഫീച്ചറിന് സമാനമാണ് ഈ ഫീച്ചർ.  ഷട്ടര്‍ ബട്ടൺ അമർത്തുന്നതിന് മുൻപും ശേഷവുമുള്ള നിരവധി ഫ്രെയിമുകൾ ക്യാപ്ചർ ചെയ്ത്, അതിൽ ഏറ്റവും മികച്ചത് AI തിരഞ്ഞെടുക്കുന്ന സംവിധാനമാണ് Top Shot. എന്നാൽ, ഈ പുതിയ സ്റ്റാക്കിംഗ് ടൂൾ എല്ലാ ഗൂഗിള്‍ ഫോട്ടോസ് ഉപയോക്താക്കൾക്കും (Android, iOS എന്നിവയുൾപ്പെടെ) ലഭ്യമാക്കാനാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. കൂടുതൽ ആപ്ലിക്കേഷനുകളിലേക്ക് AI സംയോജിപ്പിക്കാനുള്ള കമ്പനിയുടെ തന്ത്രപരമായ നീക്കത്തിന്‍റെ ഭാഗമാണിത്.

About The Author