ഡിജിറ്റൽ ലോകത്തെ ഇനി തൊട്ടറിയാം

കാഴ്ചയുടെയും കേൾവിയുടെയും കാര്യത്തിൽ നമ്മുടെ ഡിജിറ്റൽ യുഗം അതിവേഗം മുന്നേറിയിരിക്കുന്നു. വിർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റുകളും അതിശക്തമായ ഓഡിയോ സംവിധാനങ്ങളും നമ്മുടെ അനുഭവങ്ങളെ മാറ്റിമറിച്ചു. എന്നാൽ ഒരു സുപ്രധാന സംവേദനം മാത്രം പിന്നോട്ട് പോയിരുന്നു: സ്പർശനം. നമ്മുടെ സ്മാർട്ട്‌ഫോണുകളിലെയും വിർച്വൽ ലോകങ്ങളിലെയും വസ്തുക്കൾ നമുക്ക് സ്പർശിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന്, വൈബ്രേഷനുകൾ (വിറയൽ) മാത്രമായിരുന്നു ഇതുവരെയുള്ള മറുപടി.
നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയർമാർ ഈ യാഥാർത്ഥ്യം മാറ്റിമറിക്കാൻ രംഗത്തെത്തിയിരിക്കുകയാണ്. വിരലിൽ ധരിക്കാൻ കഴിയുന്ന, ബാൻഡ്-എയ്ഡ് പോലുള്ള അൾട്രാ-തിൻ വോക്‌സലൈറ്റ് (VoxeLite) എന്ന വിപ്ലവകരമായ ഹാപ്റ്റിക് ഉപകരണമാണ് (Haptic Device) അവർ അവതരിപ്പിക്കുന്നത്.

വോക്‌സലൈറ്റ്: ഡിജിറ്റൽ ലോകത്തെ സ്പർശനത്തിൻ്റെ ‘പിക്സലുകൾ’

സ്പർശനത്തിൻ്റെ സംവേദനം ഡിജിറ്റലായി പുനഃസൃഷ്ടിക്കുക എന്നതാണ് വോക്‌സലൈറ്റിൻ്റെ പ്രധാന ആശയം. ഒരു കമ്പ്യൂട്ടർ സ്ക്രീനിലെ പിക്സലുകൾക്ക് സമാനമായി, ചെറിയ വൃത്താകൃതിയിലുള്ള നോഡുകളുടെ (Nodes) ഒരു ഗ്രിഡ് ഇതിലുണ്ട്. ഈ നോഡുകളാണ് സ്പർശനാനുഭൂതിയുടെ അടിസ്ഥാന ഘടകങ്ങൾ. ഈ നോഡുകൾ ഇലക്ട്രിക് പൾസുകൾ ഉപയോഗിച്ച് ഇലക്‌ട്രോഅഡീഷൻ (electroadhesion) എന്ന പ്രതിഭാസം സൃഷ്ടിക്കുന്നു. ഒരു ബലൂൺ മതിലിൽ ഒട്ടിപ്പിടിക്കുന്നതിന് സമാനമായ ഈ പ്രഭാവം, ഉപയോക്താവിന് ഘർഷണം (friction), പരുപരുത്ത പ്രതലം (roughness) മിനുസമുള്ള പ്രതലം (smoothness) തുടങ്ങിയ ഇടങ്ങളിൽ തൊടുമ്പോൾ ഉള്ള അനുഭവം നൽകുന്നു.

വോക്‌സലൈറ്റ് ധരിക്കുന്ന സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഓൺലൈനിൽ ഉള്ള ഒരു സ്വെറ്ററിൻ്റെ മുകളിൽ വിരലോടിച്ച് തുണിയുടെ ഘടന (texture) തിരിച്ചറിയാൻ സാധിക്കും. വിർച്വൽ റിയാലിറ്റി ഗെയിമർമാർക്ക് വില്ലിൻ്റെ ഞാൺ മുറുകുന്നതിൻ്റെ വലിച്ചിലോ, വാതിൽപ്പിടിയുടെ വഴുവഴുപ്പുള്ള പ്രതലമോ തിരിച്ചറിയാൻ കഴിയും. കാഴ്ച വൈകല്യമുള്ളവർക്ക് കൂടുതൽ എളുപ്പത്തിൽ ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിക്കാനും എന്നതായിരിക്കും ഏറ്റവും വലിയ നേട്ടം.

ഒരു ദിവസം മുഴുവൻ കണ്ണട ധരിക്കുന്നത് പോലെയായിരിക്കും ഇതിൻ്റെ ഉപയോഗമെന്നാണ് ഗവേഷകർ പറയുന്നത്. ദിവസം മുഴുവൻ ആയാസരഹിതമായി ഇതുപയോഗിക്കാം. ഡിജിറ്റൽ ലോകവുമായി നമ്മൾ ഇടപഴകുന്ന രീതിയെ സമൂലമായി മാറ്റിമറിക്കാൻ സാധ്യതയുള്ള ഒരു സാങ്കേതിക മുന്നേറ്റമാണ് വോക്‌സലൈറ്റ്. മനുഷ്യനും യന്ത്രവും തമ്മിലുള്ള അതിർവരമ്പ് വീണ്ടും മങ്ങുമ്പോൾ, വോക്‌സലൈറ്റ് ഡിജിറ്റൽ ലോകത്തേക്ക് സ്പർശനത്തിൻ്റെ പുതിയൊരു വാതിൽ തുറന്നിട്ടിരിക്കുകയാണ്.

About The Author