റോബോട്ടിക്‌സിൽ മസ്‌ക് യുഗം: ഒരു ദശലക്ഷം ഓപ്റ്റിമസ് റോബോട്ടുകൾ വരുന്നു

ടെസ്‌ല കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടായ ഓപ്ടിമസ് (Optimus). ഭാവിയിൽ മനുഷ്യന്‍റെ ജീവിതത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നും, സർജറികൾ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ ജോലികൾ ഇവയ്ക്ക് ചെയ്യാൻ സാധിക്കുമെന്നും ടെസ്‌ല സി.ഇ.ഒ. എലോൺ മസ്ക്. കമ്പനിയുടെ ഏറ്റവും വലിയ ഉൽപ്പന്നമായി ഓപ്ടിമസ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്ടിമസ് റോബോട്ടിന്‍റെ പുതിയ പതിപ്പായ വി3 (V3) 2026-ൻ്റെ ആദ്യ പാദത്തിൽ പ്രദർശിപ്പിക്കാനുള്ള പദ്ധതികളും ടെസ്‌ല സ്ഥിരീകരിച്ചു. റോബോട്ട് നിർമ്മാണ രംഗത്ത് ടെസ്‌ല അതിവേഗം മുന്നോട്ട് പോവുകയാണ് എന്നതിന്‍റെ സൂചനയാണിത്. മനുഷ്യരെപ്പോലെ രൂപകൽപ്പന ചെയ്ത ഈ റോബോട്ടിന് നടക്കാനും, വസ്തുക്കൾ കൈകാര്യം ചെയ്യാനും, മറ്റ് ജോലികൾ ചെയ്യാനും കഴിയും. വരുംവർഷങ്ങളിൽ തന്‍റെ കമ്പനി ഒരുദശലക്ഷം (10 ലക്ഷം) ഒപ്റ്റിമസ് റോബോട്ടുകൾ നിർമ്മിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചു. കമ്പനിയുടെ ത്രൈമാസ വരുമാന ചർച്ചയ്ക്കിടെ ആയിരുന്നു പ്രഖ്യാപനം. ടെസ്‌ലയുടെ ചരിത്രത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ പദ്ധതിയായി പ്രോജക്റ്റ് ഒപ്റ്റിമസ് മാറുമെന്ന് അദ്ദേഹം പറഞ്ഞു.
അപകടകരമായതോ, ആവർത്തന സ്വഭാവമുള്ളതോ, വിരസമായതോ ആയ ജോലികൾ ചെയ്യുന്നതിനായാണ് ഓപ്ടിമസിനെ പ്രധാനമായും ലക്ഷ്യമിടുന്നത്. ടെസ്‌ലയുടെ കാറുകളിൽ ഉപയോഗിക്കുന്ന അതേ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സംവിധാനമാണ് ഓപ്ടിമസിലും ഉപയോഗിക്കുന്നത്. ഭാവിയിൽ വാഹന നിർമ്മാണത്തേക്കാൾ വലിയ ഉൽപ്പന്നമായി ഓപ്ടിമസ് മാറുമെന്നാണ് എലോൺ മസ്ക് പറയുന്നത്. പരമ്പരാഗത കാർ നിർമ്മാണ കമ്പനി എന്നതിൽ നിന്ന്, ടെസ്‌ല ഒരു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) & റോബോട്ടിക്‌സ് കമ്പനി എന്ന നിലയിലേക്ക് മാറുന്നതിൻ്റെ സൂചനയാണിത്.
മനുഷ്യരെക്കാൾ അഞ്ചിരട്ടി കാര്യക്ഷമതയോടെ ജോലികൾ ചെയ്യാൻ ഓപ്റ്റിമസിന് കഴിയുമെന്നാണ് മസ്‌കിൻ്റെ വാദം. പൂർണ്ണമായും കൃത്രിമബുദ്ധിയെ അടിസ്ഥാനമാക്കിയാണ് റോബോട്ടിൻ്റെ പ്രവർത്തനം. അതായത്, മനുഷ്യൻ്റെ സഹായമില്ലാതെ തന്നെ സ്വന്തമായി ചിന്തിക്കാനും തീരുമാനമെടുക്കാനും സാഹചര്യങ്ങളോട് പ്രതികരിക്കാനും ഇതിന് കഴിയും. റോബോട്ടിൻ്റെ വികസന പ്രക്രിയ വേഗത്തിലാക്കാൻ അദ്ദേഹം ടെസ്‍ലയുടെ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ദാരിദ്ര്യ നിർമാർജനവും ‘അവിശ്വസനീയ സർജനും’

നിർമ്മാണം, ലോജിസ്റ്റിക്‌സ്, ആരോഗ്യ സംരക്ഷണം, വീട്ടിലെ ജോലികൾ തുടങ്ങിയ വിവിധ മേഖലകളിൽ റോബോട്ടിനെ വിന്യസിക്കാനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്.
ഇതിലൂടെ, ദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാവുകയും എല്ലാവർക്കും മികച്ച ആരോഗ്യ സംരക്ഷണം ലഭ്യമാവുകയും ചെയ്യുന്ന ഒരു ഭാവിക്ക് ഓപ്റ്റിമസ് അടിത്തറയിടുമെന്ന് മസ്‌ക് അഭിപ്രായപ്പെട്ടു. മാത്രമല്ല, ഓപ്റ്റിമസ് ഒരു ‘അവിശ്വസനീയ സർജനായി’ വരെ പ്രവർത്തിക്കാൻ സാധിക്കുമെന്ന അദ്ദേഹത്തിൻ്റെ പ്രവചനം ശാസ്ത്രലോകത്തെ ഏറെ ശ്രദ്ധേയമാക്കുന്നു.

വെല്ലുവിളികളും അടുത്ത ലക്ഷ്യവും

2023-ൽ നടന്ന അവതരണത്തിനുശേഷം ഓപ്റ്റിമസ് പ്രോജക്റ്റ് അതിവേഗം മുന്നോട്ട് പോവുകയാണ്. ഓപ്റ്റിമസ് വിവിധ കുങ്ഫു അഭ്യാസങ്ങൾ വേഗത്തിലും കൃത്യതയോടെയും ചെയ്യുന്നതും, നൃത്തം ചെയ്യുന്നതും, അത്താഴം ഉണ്ടാക്കുന്നതും ആയ വീഡിയോകൾ വന്നിരുന്നു. വ്യാവസായിക മേഖലയിൽ ഇത്തരം കഴിവുകൾക്ക് സാധ്യതയില്ലെങ്കിലും, അത് റോബോട്ടിൻ്റെ ഉയർന്ന ചലനശേഷിയും ഏകോപനവും വ്യക്തമാക്കുന്നു. ഇത് തീർച്ചയായും തൊഴിലിടങ്ങളിൽ ഉപയോഗപ്രദമാകും.
എങ്കിലും, അമേരിക്കൻ കമ്പനികളായ ബോസ്റ്റൺ ഡൈനാമിക്സ്, ഫിഗർ, ആപ്‌ട്രോണിക്, ചൈനീസ് സ്ഥാപനങ്ങളായ യൂണിട്രീ, ലിംഎക്‌സ് ഡൈനാമിക്സ് തുടങ്ങിയ ശക്തരായ എതിരാളികളോടാണ് ടെസ്‌ല മത്സരിക്കുന്നത്. ഉത്പാദനം അതിവേഗം വർദ്ധിപ്പിക്കാനുള്ള തങ്ങളുടെ കഴിവാണ് ഈ മത്സരത്തിൽ ടെസ്‌ലയ്ക്കുള്ള പ്രധാന നേട്ടം. സ്വന്തം ഫാക്ടറികളിൽ റോബോട്ടുകളെ സമന്വയിപ്പിക്കാനും പരീക്ഷിക്കാനുമുള്ള അവസരവും അവർക്കുണ്ട്.
ടെസ്‌ലയുടെ നിലവിലെ പദ്ധതി അനുസരിച്ച്, 2026-ൻ്റെ തുടക്കത്തോടെ ഓപ്റ്റിമസ് V3 യുടെ ഉത്പാദനത്തിനായുള്ള പ്രോട്ടോടൈപ്പ് തയ്യാറാക്കും. തുടർന്ന് അതേ വർഷം അവസാനത്തോടെ വൻതോതിലുള്ള വാണിജ്യപരമായ ഉൽ‌പാദനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓപ്റ്റിമസിന്‍റെ വരവോടെ മനുഷ്യൻ്റെ ജോലികൾക്ക് എന്ത് സംഭവിക്കുമെന്ന ചോദ്യം സാങ്കേതിക ലോകത്ത് സജീവമായി നിലനിൽക്കുന്നു.

About The Author