ആൻഡ്രോയിഡ് സ്‌ക്രീൻ റെക്കോർഡിംഗിൽ വിപ്ലവം വരുന്നു: പുതിയ ടൂൾബാറും സെൽഫി ക്യാമറയും

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായേക്കാവുന്ന ഒരു കൂട്ടം പുതിയ ഫീച്ചറുകൾ സ്‌ക്രീൻ റെക്കോർഡിംഗ് സംവിധാനത്തിൽ ഒരുക്കാൻ ഗൂഗിൾ തയ്യാറെടുക്കുന്നു. ആൻഡ്രോയിഡ് പിസികളിലേക്ക് എത്തുന്നതിന്‍റെ ഭാഗമായാണ് നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള സ്‌ക്രീൻ റെക്കോർഡിംഗ് ഫീച്ചർ പരിഷ്കരിക്കുന്നത്.


പ്രധാന മാറ്റങ്ങൾ

പുതിയ ടൂൾബാർ: ‘ക്വിക്ക് സെറ്റിംഗ്സ്’ ടൈലിൽ ടാപ്പ് ചെയ്യുമ്പോൾ സ്‌ക്രീനിൽ ഒരു പുതിയ ടൂൾബാർ പ്രത്യക്ഷപ്പെടുന്ന രീതിയിൽ ആയിരിക്കും ടൂൾ ബാറിന്റെ ഡിസൈൻ. നിലവിലെ ഡയലോഗ് ബോക്സിനേക്കാൾ ചെറുതായിരിക്കും ഇത്. പിന്നിലെ ഉള്ളടക്കം കാണാൻ എളുപ്പമാകുന്ന രൂപത്തിലായിരിക്കും രൂപകൽപ്പന.

സെൽഫി ക്യാമറ ഓപ്ഷൻ: പുതിയ ടൂൾബാറിലെ ഏറ്റവും ശ്രദ്ധേയമായ കൂട്ടിച്ചേർക്കലാണ് ‘സെൽഫി ക്യാമറ’. ഇതുവഴി ഒരേ സമയം സ്‌ക്രീൻ ഫൂട്ടേജും, മുൻ ക്യാമറയിലെ ദൃശ്യങ്ങളും റെക്കോർഡ് ചെയ്യാൻ സാധിക്കും. ട്യൂട്ടോറിയൽ നിർമ്മാതാക്കൾക്കും സ്ട്രീമർമാർക്കും ഇത് വലിയ നേട്ടമാകും.


ഓഡിയോ ക്രമീകരണങ്ങളിൽ മാറ്റം: നിലവിലുള്ള ഓപ്ഷനുകൾ നിലനിർത്തിക്കൊണ്ട്, ഓഡിയോ ക്രമീകരണങ്ങൾ ഡ്രോപ്പ്ഡൗൺ മെനുവിന് പകരം പ്രത്യേകം ടോഗിളുകളാക്കി മാറ്റി.

പോസ്റ്റ്-കാപ്ചർ:നിലവിൽ റെക്കോർഡിംഗ് കഴിയുമ്പോൾ വരുന്ന നോട്ടിഫിക്കേഷൻ ടാപ്പ് ചെയ്താൽ വീഡിയോ ഒരു സാധാരണ വീഡിയോ പ്ലെയർ ആപ്പിലാണ് തുറക്കുന്നത്. ഇതിന് പകരം, ഒരു പുതിയ യൂസർ ഇന്‍റർഫേസ് (UI) അവതരിപ്പിക്കും. ഈ പുതിയ സ്‌ക്രീനിൽ സീക്ക്‌ബാർ, പ്ലേ/പോസ്, മ്യൂട്ട് ബട്ടണുകൾ എന്നിവയോടുകൂടിയ ഒരു ലളിതമായ വീഡിയോ പ്ലെയർ ഉണ്ടാകും. റെക്കോർഡ് ചെയ്ത ഫൂട്ടേജ് ‘Retake’ (വീണ്ടും എടുക്കുക), ‘Edit’ (എഡിറ്റ് ചെയ്യുക), ‘Delete’ (മായ്ച്ചു കളയുക), ‘Share’ (പങ്കിടുക) എന്നിവ ചെയ്യാനുള്ള ഓപ്ഷനുകളും ഇതിലുണ്ടാകും. ഇതുവഴി ഒരു തെറ്റ് സംഭവിച്ചാൽ വേഗത്തിൽ റെക്കോർഡിംഗ് വീണ്ടും തുടങ്ങാനുള്ള ‘Retake’ ബട്ടണും, ഗാലറിയിൽ പോകാതെ തന്നെ അനാവശ്യ ഫൂട്ടേജ് ഒഴിവാക്കാനുള്ള ‘Delete’ ബട്ടണും ഏറെ സൗകര്യപ്രദമാകും. അബദ്ധങ്ങൾ ഒഴിവാക്കാൻ ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് സ്ഥിരീകരണം ചോദിക്കുകയും ചെയ്യും.

പാർഷ്യൽ സ്‌ക്രീൻ ക്യാപ്ചർ: ഇമേജുകളിൽ കാണിച്ചിട്ടില്ലെങ്കിലും, സ്‌ക്രീൻഷോട്ടുകൾക്കും സ്‌ക്രീൻ റെക്കോർഡിംഗിനുമായി ‘തിരഞ്ഞെടുത്ത ഭാഗം’ മാത്രം ക്യാപ്ചർ ചെയ്യാനുള്ള സൗകര്യവും (Partial Screen Capture Support) ഗൂഗിൾ ഒരുക്കുന്നുണ്ട്.

എപ്പോൾ പ്രതീക്ഷിക്കാം?
മാർച്ചിൽ പുറത്തിറങ്ങുന്ന ആൻഡ്രോയിഡ് 16 QPR3 റിലീസിലോ അടുത്ത വർഷത്തെ ആൻഡ്രോയിഡ് 17 അപ്‌ഡേറ്റിലോ ഈ ഫീച്ചർ ലഭ്യമാകും
തുടക്കത്തിൽ നേറ്റീവ് സ്‌ക്രീൻ റെക്കോർഡിംഗ് ഇല്ലാതിരുന്ന ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിന് ഇത് വഴി വലിയ മാറ്റം ആണ് ഉണ്ടായിരിക്കുന്നത്. പുതിയ അപ്‌ഡേറ്റുകൾക്കായി ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

About The Author