കൂടുതൽ AI ഫീച്ചറുകൾ ഉൾപ്പെടുത്തി ChatGPT-5 പുറത്തിറങ്ങി. സയൻസ്, മാത്‍സ്, കോഡിങ്, റീസണിങ് തുടങ്ങി എല്ലാ മേഖലകളിലും Ph.D തല വിദഗ്ധനെ പോലെ പ്രവർത്തിക്കുന്ന മോഡൽ ആയിരിക്കും ഇതെന്നാണ് OpenAI CEO Sam Altman വിശദമാക്കിയത്. ശബ്ദമോ, വീഡിയോയോ, ചിത്രങ്ങളോ എന്തു വേണമെങ്കിലും നിങ്ങൾക്ക് വിവരശേഖരണത്തിനായി നൽകാം. വ്യത്യസ്ത ആവശ്യങ്ങൾക്കായി മിനി, നാനോ എന്നീ രണ്ടു വേർഷനുകൾ ChatGPT ക്ക് ഉണ്ടാകും. കൂടുതൽ മികച്ച സേവനങ്ങൾക്കായി പ്രോ വേർഷനും ഉണ്ട്.
ചാറ്റ് GPT കൊണ്ടുവന്ന മാറ്റങ്ങളിൽ പ്രധാനം എന്താണ്?
മനുഷ്യനും മെഷീനും തമ്മിലുള്ള അകലം കുറഞ്ഞു എന്നതുതന്നെയാണ് പ്രധാന വ്യത്യാസം. വൈകാരികമായ പ്രശ്നങ്ങൾക്ക് പോലും ഉത്തരംതേടി ChatGPT-ലേക്കെത്തുന്നവരും കുറവല്ല. തമാശക്കാണെങ്കിൽ പോലും ChatGPT യോടും ജെമിനയോടുമൊക്കെ നർമ്മസംഭാഷണം നടത്തുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ധാരാളം കാണാം. ഒരു സുഹൃത്തിനോടെന്നപോലെ ഒരു വൈകാരിക അടുപ്പം AI ടൂളുകളോടും മനുഷ്യന് വളർന്നു വരുന്നുണ്ട്. മനുഷ്യന്റെ മാറുന്ന ആവശ്യങ്ങൾ പരിഗണിച്ച് പുതിയ അപ്ഡേഷന്‍ ഒരുക്കുകയാണ് ChatGPT. ഉപയോക്താക്കളുടെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടപ്രശ്നങ്ങൾ തിരിച്ചറിയാൻ ഉതകുന്ന അപ്‌ഗ്രേഡുകൾ നൽകി, കൂടുതൽ സാമൂഹിക പ്രതിബദ്ധം ആകാനാണ് ChatGPT യുടെ ശ്രമം. അതിനായി മെഡിക്കൽ പ്രൊഫഷണൽമാരുടെയും ടെക്നിഷ്യൻമാരുടെയും മനുഷ്യ- കമ്പ്യൂട്ടർ ഇടപെടൽ ഗവേഷകരുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും ഉപദേശങ്ങൾ സ്വാംശീകരിച്ചുകൊണ്ടിരിക്കുകയാണ്.
എന്തിനെക്കുറിച്ച് അറിയാനും ഗൂഗിളിൽ തിരഞ്ഞുകൊണ്ടിരുന്ന കാലം മാറി, ഇപ്പോൾ ഒരുതമാശപറയാനും മനസിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും AI യെ ആശ്രയിക്കുന്നവർ കൂടിവരികയാണ്. വൈകാരികമായ പ്രശ്നങ്ങളിൽ ഉത്തരത്തിനായി Chat GPT യെ സമീപിച്ചാൽ ചിലപ്പോൾ ഒക്കെ കുറെ ചോദ്യങ്ങൾ ആയിരിക്കും ഇങ്ങോട്ട് കിട്ടുക. അവയ്‌ക്കൊക്കെ ഉത്തരം കൊടുത്തുകഴിയുമ്പോൾ ഉള്ള വിഷമം ചിലപ്പോൾ ഇരട്ടിക്കും. അതുപോലെ മനുഷ്യന്റെ മനസിനെ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മത ഒരുപാടുവേണം എന്ന തിരിച്ചറിവിൽ കൂടിയാണ് AI ഡെവലപ്പർമാർ എത്തിനിൽക്കുന്നത്. ഒരു Yes/No ഉത്തരത്തിനുപകരം നിങ്ങളെ, ഉത്തരം സ്വയം കണ്ടെത്താനുള്ള മാനസികാവസ്ഥയിലേക്ക്, പല സാധ്യതകളിലൂടെയും അഭിപ്രായങ്ങളിലൂടെയും കൊണ്ടെത്തിക്കാൻ ശ്രമിക്കുകയാകും പുതിയ അപ്ഡേഷനുകളിലൂടെ ചെയ്യുക.
ChatGPT യുടെ ഏറ്റവും പുതിയ പതിപ്പായ GPT – 5 ഔദ്യോഗികമായി പുറത്തിറങ്ങിയ സ്ഥിതിക്ക് കൂടുതൽ അപ്ഡേറ്റുകൾ പല ഫീച്ചറുകളിലും പ്രതീക്ഷിക്കാം.
കൂടാതെ ഒരുപാട് സമയം ChatGPT ഉപയോഗിക്കുന്നവർക്ക് ഒരു റിമൈൻഡർ മെസ്സേജ്ജ് നൽകാനും പുതിയ അപ്ഡേഷനിൽ ഒരുങ്ങുന്നുണ്ട്. സ്ക്രീൻ ടൈം കുറക്കുന്നതിനുള്ള പോപ്പപ്പ് റിമൈൻഡർ ആയിട്ടായിരിക്കും ഇതുവരിക. മെറ്റയിൽ ഈ ഫീച്ചർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 7000 മില്യൺ ഉപയോക്താക്കളാണ് ChatGPT ഒരു ആഴ്ചയിൽ ഉപയോഗിക്കുന്നത് എന്നാണ് കണക്ക്. ഒരുപാട് സമയം ChatGPT യിൽ സമയം ചിലവഴിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബോധവാനാകാനായിരിക്കും ഈ മെസ്സേജ് നൽകുന്നത്. “Just checking in — You’ve been chatting a while — is this a good time for a break?” എന്ന മെസ്സേജ് ആയിരിക്കും വരുക. “Keep chatting” and “This was helpful”. എന്നീ രണ്ട് ഓപ്ഷനുകളും അതിൽ ഉണ്ടാകും.
മനുഷ്യൻ മെഷീനുകളോട് അടുക്കുമ്പോൾ മനസുകളെ കൂടുതൽ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാൻ ആർട്ടിഫിഷ്യല്‍ ഇന്റലിജിൻസ് വിദഗ്ധർ ശ്രമിക്കുന്നു എന്നത് ഏറെ ആശ്വാസകരമാണ്. എന്തിനും ഏതിനും AI യെ ആശ്രയിക്കുമ്പോൾ അവിടെനിന്നു കിട്ടുന്ന ഉത്തരങ്ങൾ ശരിയല്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വലുതായിരിക്കും.
