രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് (NEET UG) തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പുത്തൻ സൗകര്യവുമായി ഗൂഗിൾ. ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ജെമിനിയിലൂടെ ഇനി മുതൽ വിദ്യാർത്ഥികൾക്ക് പൂർണ്ണ ദൈർഘ്യമുള്ള നീറ്റ് മോക്ക് ടെസ്റ്റുകൾ സൗജന്യമായി പരിശീലിക്കാവുന്നതാണ്. ഈ വർഷം ആദ്യം എസ്എടി (SAT), ജെഇഇ മെയിൻ പരീക്ഷകൾക്കായി സമാനമായ സേവനം ഗൂഗിൾ അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ത്യയിലെ ലക്ഷക്കണക്കിന് മെഡിക്കൽ മോഹികൾക്കായി നീറ്റ് പരീക്ഷാ പരിശീലനവും ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.
ഫിസിക്സ് വാല, കരിയേഴ്സ് 360 തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഗൂഗിൾ ഈ മോക്ക് ടെസ്റ്റുകൾ തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പരീക്ഷാ ഹാളിന് സമാനമായ രീതിയിൽ കൃത്യമായ നിലവാരമുള്ള ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്ന് ഗൂഗിൾ ഉറപ്പുനൽകുന്നു. ജെമിനി ആപ്പിൽ ലളിതമായ ഒരു പ്രോംപ്റ്റ് നൽകുന്നതിലൂടെ ആർക്കും ഈ പരിശീലന സെഷനുകൾ ആരംഭിക്കാവുന്നതാണ്. നിലവിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്.
മെഡിക്കൽ വിദ്യഭ്യാസ രംഗത്തെ ഗുണമേന്മയുള്ള പഠനവിഭവങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിൾ ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. സാധാരണ ഗൂഗിൾ അക്കൗണ്ട് ഉള്ളവർക്കും ഗൂഗിൾ വർക്ക്സ്പേസ് ഉപയോക്താക്കൾക്കും ഇപ്പോൾ തന്നെ ജെമിനി വഴി ഈ സൗകര്യം ഉപയോഗപ്പെടുത്തി തുടങ്ങാം. വിദ്യാർത്ഥികൾക്ക് പരീക്ഷാപ്പേടി കുറയ്ക്കാനും ആത്മവിശ്വാസത്തോടെ യഥാർത്ഥ പരീക്ഷയെ നേരിടാനും ഗൂഗിളിന്റെ ഈ പുതിയ എഐ നീക്കം സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
