ഓഫീസിൽ പോകാതെയും ജോലി നടക്കും; ഡിജിറ്റൽ ഇരട്ടകൾ കളം പിടിക്കുന്നു

ഓഫിസ് ഫയലുകളിലും മീറ്റിംഗുകളിലും തളച്ചിട്ടപ്പെട്ട മനുഷ്യർക്ക് പകരമായി അവരുടെ തന്നെ ഡിജിറ്റൽ രൂപങ്ങൾ ജോലി ഏറ്റെടുക്കുന്ന കാലം വിദൂരമല്ല. ഒരു വ്യക്തിയുടെ അറിവും പെരുമാറ്റരീതികളും കൃത്യമായി അനുകരിക്കാൻ കഴിയുന്ന ‘ഡിജിറ്റൽ ഇരട്ടകൾ’ (Digital Twins) തൊഴിൽ ലോകത്ത് സജീവമാകുന്നു. ടെക്നോളജി റിപ്പോർട്ടറായ മേരിലൂ കോസ്റ്റ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ കമ്പനികൾ ഇതിനോടകം തന്നെ തങ്ങളുടെ ജീവനക്കാരുടെ എഐ പതിപ്പുകൾ നിർമ്മിച്ചു കഴിഞ്ഞു.
​ബ്ലൂർ റിസർച്ചിലെ ചീഫ് അനലിസ്റ്റ് റിച്ചാർഡ് സ്കെല്ലറ്റ് ഇതിനൊരു മികച്ച ഉദാഹരണമാണ്. കഴിഞ്ഞ മൂന്ന് വർഷമായി അദ്ദേഹം തന്റെ തന്നെ ഒരു ഡിജിറ്റൽ രൂപത്തെ വാർത്തെടുക്കാനുള്ള പരിശ്രമത്തിലായിരുന്നു. സ്കെല്ലറ്റ് പങ്കെടുത്ത മീറ്റിംഗുകൾ, അദ്ദേഹം തയ്യാറാക്കിയ രേഖകൾ, പ്രസന്റേഷനുകൾ എന്നിവയെല്ലാം വിശകലനം ചെയ്താണ് ഈ ‘ഡിജിറ്റൽ റിച്ചാർഡ്’ രൂപപ്പെട്ടത്. ഇന്ന് സ്കെല്ലറ്റിന്റെ അഭാവത്തിൽ ബിസിനസ് തീരുമാനങ്ങൾ എടുക്കാനും ക്ലയന്റുകൾക്ക് കൃത്യമായ മറുപടി നൽകാനും ഈ എഐ പതിപ്പിന് സാധിക്കുന്നുണ്ട്.
​ഈ സാങ്കേതികവിദ്യ ജീവനക്കാരെ ഒരു ‘സൂപ്പർ വർക്കർ’ ആയി മാറ്റുന്നു എന്നതാണ് ബിസിനസ് ലോകത്തെ പ്രധാന സംസാരവിഷയം. ജോലിക്കിടയിൽ ക്ഷീണമില്ലാതെ പ്രവർത്തിക്കാനും അർദ്ധരാത്രിയിൽ പോലും സംശയങ്ങൾക്ക് മറുപടി നൽകാനും ഇത്തരം ഡിജിറ്റൽ രൂപങ്ങൾക്ക് കഴിയും. ഒരു ജീവനക്കാരൻ അവധിയിൽ പോകുമ്പോഴോ വിരമിക്കുമ്പോഴോ കമ്പനിയുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ഇത് സഹായിക്കുന്നു. ജോഷ് ബെർസിൻ എന്ന ബിസിനസ് വിദഗ്ധന്റെ അഭിപ്രായത്തിൽ, ഡിജിറ്റൽ ഇരട്ടകളുടെ വരവോടെ ജീവനക്കാരുടെ ഉൽപ്പാദനക്ഷമത മുപ്പത് ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ട്.
​എന്നാൽ, ഈ മാറ്റം അത്ര ലളിതമല്ലെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒരു ജീവനക്കാരന്റെ അറിവ് ഉപയോഗിച്ച് നിർമ്മിച്ച ഡിജിറ്റൽ രൂപത്തിന്റെ ഉടമസ്ഥാവകാശം ആർക്കായിരിക്കും എന്നത് വലിയ തർക്കവിഷയമാണ്. ജീവനക്കാരൻ ജോലി രാജിവെച്ച് പോകുമ്പോൾ തന്റെ ഡിജിറ്റൽ പതിപ്പിനെ കൂടെ കൊണ്ടുപോകാൻ സാധിക്കുമോ? ഡിജിറ്റൽ ഇരട്ട വരുത്തുന്ന പിഴവുകൾക്ക് യഥാർത്ഥ ജീവനക്കാരൻ ഉത്തരവാദിയാകുമോ? ഇത്തരം നൂലാമാലകൾ പരിഹരിക്കാൻ നിലവിലെ തൊഴിൽ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ ആവശ്യമാണ്.
​ലോകത്തെ വമ്പൻ കമ്പനികളായ മെറ്റയും ഗാർട്ട്നറുമെല്ലാം ഈ സാങ്കേതികവിദ്യയുടെ സാധ്യതകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിൽ ഓരോ ഉദ്യോഗസ്ഥനും സ്വന്തമായി ഒരു ഡിജിറ്റൽ പതിപ്പുണ്ടാകുന്നത് സാധാരണമായേക്കാം. ഇത് മനുഷ്യന്റെ ജോലിഭാരം കുറയ്ക്കുമോ അതോ പുതിയൊരു മത്സരത്തിന് വഴിതുറക്കുമോ എന്ന് കണ്ടുതന്നെ അറിയണം.

About The Author