ലോകപ്രശസ്തമായ ‘അറ്റ്ലസ്’, ‘സ്പോട്ട്’ എന്നീ റോബോട്ടുകളിലൂടെ വിസ്മയം തീർത്ത ബോസ്റ്റൺ ഡൈനാമിക്സിന്റെ സ്ഥാപകൻ മാർക്ക് റൈബർട്ട് തന്റെ പുതിയ റോബോട്ടിനെ പുറത്തിറക്കി. അദ്ദേഹത്തിന്റെ പുതിയ സംരംഭമായ ആർഎഐ (RAI) ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ‘റോഡ്രണ്ണർ’ (Roadrunner) എന്ന കുഞ്ഞൻ റോബോട്ടാണ് ഇപ്പോൾ സാങ്കേതിക ലോകത്തെ സംസാരവിഷയം. വെറും 15 കിലോഗ്രാം ഭാരമുള്ള ഈ റോബോട്ട്, ചക്രങ്ങളും കാലുകളും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന അതീവ വേഗതയുള്ള ഒന്നാണ്.
റോഡ്രണ്ണറിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ കാലുകളുടെ സവിശേഷമായ രൂപകൽപ്പനയാണ്. മുട്ടുകൾ മടക്കാൻ കഴിയുന്ന തരത്തിലുള്ള രണ്ട് കാലുകളുള്ള ഈ റോബോട്ടിന് ഏത് പ്രതലത്തിലും അനായാസം സഞ്ചരിക്കാൻ സാധിക്കും. പരന്ന ഭൂമിയിൽ ചക്രങ്ങൾ ഉപയോഗിച്ച് അതിവേഗത്തിൽ ഉരുണ്ടുനീങ്ങുന്ന ഈ റോബോട്ട്, പടവുകൾ കാണുമ്പോൾ ചക്രങ്ങളെ പാദങ്ങളാക്കി മാറ്റി മുകളിലേക്ക് കയറുന്നത് അത്ഭുതകരമായ കാഴ്ചയാണ്. താഴേക്ക് ഇറങ്ങുമ്പോൾ ഒരു സ്റ്റണ്ട് സൈക്കിൾ യാത്രികനെപ്പോലെ പടവുകളിലൂടെ ചാടിയിറങ്ങാനും ഇതിന് സാധിക്കും.
സാങ്കേതികമായി ഏറെ മുന്നിട്ടുനിൽക്കുന്ന ‘സീറോ-ഷോട്ട്’ (Zero-shot) സംവിധാനത്തിലാണ് റോഡ്രണ്ണർ പ്രവർത്തിക്കുന്നത്. അതായത്, ഇതിന്റെ സിസ്റ്റം വികസിപ്പിച്ചെടുത്ത ശേഷം പ്രത്യേക പരിശീലനങ്ങളോ ക്രമീകരണങ്ങളോ നൽകാതെ തന്നെ സങ്കീർണ്ണമായ ചലനങ്ങൾ സ്വയം ചെയ്യാൻ റോബോട്ടാകുന്നു. ഒരൊറ്റ ചക്രത്തിൽ മാത്രം ബാലൻസ് ചെയ്ത് നിൽക്കാനും തടസ്സങ്ങൾ കണ്ടാൽ സ്വയം മാറിപ്പോകാനും ഇതിന് കഴിയും. വശങ്ങളിലേക്ക് ചരിഞ്ഞും നേരെയും ഒരേപോലെ ഡ്രൈവ് ചെയ്യാൻ സാധിക്കുന്ന പ്രത്യേക കൺട്രോൾ പോളിസിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ഭാവിയിൽ വലിയ വെയർഹൗസുകളിലെ പരിശോധനകൾക്കും സാധനങ്ങൾ നീക്കാനുമൊക്കെ റോഡ്രണ്ണറിനെ ഉപയോഗിക്കാൻ കഴിയുമെന്നാണ് ആർഎഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതീക്ഷ. സാധാരണ ഹ്യൂമനോയിഡ് റോബോട്ടുകളെക്കാൾ വേഗതയിലും കൃത്യതയിലും ഇത്തരം കുഞ്ഞൻ റോബോട്ടുകൾക്ക് പ്രവർത്തിക്കാൻ കഴിയുമെന്ന് മാർക്ക് റൈബർട്ട് അവകാശപ്പെടുന്നു. നിലവിൽ ഒരു ഗവേഷണ പ്ലാറ്റ്ഫോമായാണ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും, റോബോട്ടിക്സ് രംഗത്ത് വലിയൊരു മാറ്റത്തിന് റോഡ്രണ്ണർ തുടക്കം കുറിക്കുമെന്നുറപ്പാണ്.
