ആഗോള ലാപ്ടോപ്പ് വിപണിയിൽ വൻ വിലക്കുറവുമായി പുതിയ മാക്ബുക്ക് മോഡൽ പുറത്തിറക്കാൻ ആപ്പിൾ തയ്യാറെടുക്കുന്നു. പ്രധാനമായും വിദ്യാഭ്യാസ മേഖലയെയും സാധാരണ ഉപഭോക്താക്കളെയും ലക്ഷ്യമിട്ടുള്ള ഈ ലാപ്ടോപ്പ് ‘J700’ എന്ന കോഡ് നാമത്തിലാണ് നിലവിൽ വികസിപ്പിക്കുന്നത്. ഏകദേശം 60,000 – 68,000 രൂപ വില പ്രതീക്ഷിക്കുന്ന ഈ ഉപകരണം അടുത്ത മാസത്തോടെ വിപണിയിലെത്തിയേക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞ വിലയിലുള്ള ലാപ്ടോപ്പുകൾക്കായി ആപ്പിൾ പ്ലാസ്റ്റിക് ബോഡി ഉപയോഗിക്കുമെന്ന് നേരത്തെ കരുതിയിരുന്നെങ്കിലും, തനതായ മെറ്റാലിക് ഫിനിഷ് തന്നെ ഇതിലും നിലനിർത്താനാണ് കമ്പനിയുടെ തീരുമാനം. ഇതിനായി കുറഞ്ഞ ചിലവിൽ വേഗത്തിൽ മെറ്റൽ ഷെല്ലുകൾ നിർമ്മിച്ചെടുക്കാൻ സഹായിക്കുന്ന പുതിയ ‘ഫോർജിംഗ്’ സാങ്കേതികവിദ്യ ആപ്പിൾ പ്രത്യേകം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
പുതിയ മാക്ബുക്ക് മോഡൽ സിൽവർ, ഗ്രേ നിറങ്ങൾക്ക് പുറമെ നീല, ഇളം പച്ച, ഇളം മഞ്ഞ, പിങ്ക് തുടങ്ങിയ ആകർഷകമായ നിറങ്ങളിൽ ലഭ്യമാകുമെന്നാണ് സൂചന. 13 ഇഞ്ചിനേക്കാൾ ചെറിയ ഡിസ്‌പ്ലേയുമായി എത്തുന്ന ഈ ലാപ്ടോപ്പ് പഴയ 12 ഇഞ്ച് മാക്ബുക്കിന്‍റെ ഓർമ്മകൾ ഉണർത്തുന്ന ഡിസൈനിലായിരിക്കും പുറത്തിറങ്ങുക. ഈ ഉപകരണത്തിന്‍റെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നത് ഐഫോണുകളിൽ ഉപയോഗിക്കുന്ന എ-സീരീസ് പ്രോസസ്സറുകളായിരിക്കും. നിലവിലെ മാക് കമ്പ്യൂട്ടറുകളിൽ കണ്ടുവരുന്ന എം-സീരീസ് ചിപ്പുകൾ ഒഴിവാക്കുന്നത് നിർമ്മാണ ചിലവ് കുറയ്ക്കാൻ ആപ്പിളിനെ സഹായിക്കും. വിൻഡോസ് അധിഷ്ഠിതമായ ക്രോംബുക്കുകളോടും ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസ്സറുള്ള ലാപ്ടോപ്പുകളോടും നേരിട്ട് മത്സരിക്കാനാണ് ഈ ബജറ്റ് മോഡലിലൂടെ ആപ്പിൾ ലക്ഷ്യമിടുന്നത്.
ആപ്പിൾ സ്വന്തമായി വികസിപ്പിക്കുന്ന പുതിയ മോഡം ഈ ലാപ്ടോപ്പിൽ പരീക്ഷിക്കാനുള്ള സാധ്യതയും സാങ്കേതിക വിദഗ്ധർ മുന്നോട്ടുവെക്കുന്നുണ്ട്. ഇത് യാഥാർത്ഥ്യമാവുകയാണെങ്കിൽ ഭാവിയിൽ പുറത്തിറങ്ങുന്ന മാക്ബുക്ക് പ്രോ മോഡലുകളിൽ നേരിട്ട് സെല്ലുലാർ കണക്റ്റിവിറ്റി ലഭ്യമാക്കാൻ കമ്പനിക്ക് എളുപ്പമാകും. മികച്ച നിർമ്മാണ ഗുണമേന്മയും ആകർഷകമായ വിലയും ഒത്തുചേരുന്ന ഈ പുത്തൻ മാക്ബുക്ക് ലാപ്ടോപ്പ് വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
