സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവോയുടെ പ്രീമിയം മോഡൽ ‘വിവോ X200T’ (vivo X200T) ഈ മാസം ഇന്ത്യൻ വിപണിയിലെത്തും. പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ ഫോണിന്‍റെ ടീസർ മൈക്രോസൈറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് ലോഞ്ച് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമായത്. കഴിഞ്ഞ വർഷം ചൈനയിൽ പുറത്തിറങ്ങിയ വിവോ X200s മോഡലിന്‍റെ ഇന്ത്യൻ പതിപ്പായിരിക്കും ഇതെന്ന് കരുതപ്പെടുന്നു.
ക്യാമറ വിപണിയിലെ വമ്പന്മാരായ സെയിസുമായി (ZEISS) സഹകരിച്ചാണ് ഈ ഫോണും വിവോ പുറത്തിറക്കുന്നത്. ഫോട്ടോഗ്രാഫിക്ക് മുൻഗണന നൽകുന്നവർക്കായി 50 മെഗാപിക്സലിന്‍റെ മൂന്ന് ക്യാമറകളാണ് ഫോണിന്‍റെ പിന്നിലുള്ളത്. ഇതിൽ പ്രധാന ക്യാമറയ്ക്ക് പുറമെ അൾട്രാ വൈഡ് ആംഗിൾ ലെൻസും ദൂരെയുള്ള ദൃശ്യങ്ങൾ വ്യക്തതയോടെ പകർത്താൻ 3X പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. 32 മെഗാപിക്സലിന്‍റെതാണ് മുൻ ക്യാമറ.
പെർഫോമൻസിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റാണ് ഇതിന്‍റെ കരുത്ത്.
1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള 6.67 ഇഞ്ച് OLED ഡിസ്‌പ്ലേ മികച്ച ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്നു. 6,200 mAh എന്ന വലിയ ബാറ്ററി കപ്പാസിറ്റിയും 90W ഫാസ്റ്റ് ചാർജിംഗും ഫോണിന്‍റെ പ്രത്യേകതയാണ്. 16 GB റാം, 1 TB സ്റ്റോറേജ് വരെയുള്ള വേരിയന്‍റുകളിൽ ഫോൺ ലഭ്യമായേക്കും.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസിലായിരിക്കും ഫോൺ പ്രവർത്തിക്കുക. അഞ്ച് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ഏഴ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 50,000 രൂപ മുതൽ 55,000 രൂപ വരെയായിരിക്കും ഇന്ത്യയിലെ വിലയെന്നാണ് സൂചന. ഫ്ലിപ്കാർട്ട് വഴിയും വിവോയുടെ ഔദ്യോഗിക സ്റ്റോറുകൾ വഴിയുമായിരിക്കും വില്പന നടക്കുക.
