പാസ്‌വേഡുകളുടെ കാലം കഴിയുന്നു;വരുന്നു, സൈബർ സുരക്ഷയിൽ വൻ മാറ്റങ്ങൾ

നിങ്ങളുടെ എല്ലാ ഓൺലൈൻ അക്കൗണ്ടുകളുടെയും പാസ്‌വേഡുകൾ നിങ്ങൾക്ക് മനഃപാഠമാണോ? എങ്കിൽ നിങ്ങൾ വലിയൊരു സുരക്ഷാ ഭീഷണിയിലാണെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഒന്നെങ്കില്‍ നിങ്ങൾ എല്ലാ സൈറ്റുകളിലും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നുണ്ടാകാം, അല്ലെങ്കിൽ നിങ്ങളുടെ പാസ്‌വേഡുകൾ ഹാക്കർമാർക്ക് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നവയാകാം. എന്നാൽ 2026-ഓടെ ഈ പ്രതിസന്ധിക്ക് വലിയൊരു മാറ്റമുണ്ടാകുമെന്നാണ് സൈബർ ലോകത്തെ പുതിയ ചർച്ചകൾ സൂചിപ്പിക്കുന്നത്.


സൈബർ സുരക്ഷാ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ് നിലവിലെ പാസ്‌വേഡ് രീതികൾ. ഹാക്കർമാർ മോഷ്ടിച്ച ലോഗിൻ വിവരങ്ങൾ നിയമവിരുദ്ധ വിപണികളിൽ ദിവസവും കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. നമ്മൾ ഉപയോഗിക്കുന്ന പാസ്‌വേഡുകളിൽ ഭൂരിഭാഗവും വളരെ ലളിതമാണെന്നതാണ് ഇതിന് പ്രധാന കാരണം. നിലവിൽ ഉപയോഗിക്കപ്പെടുന്ന പാസ്‌വേഡുകളിൽ വെറും 3 ശതമാനം മാത്രമാണ് ഹാക്കർമാരെ പ്രതിരോധിക്കാൻ ശേഷിയുള്ളത്ര സങ്കീർണ്ണമായിട്ടുള്ളത്. ബാക്കി 97 ശതമാനവും ഏതു നിമിഷവും ഹാക്ക് ചെയ്യപ്പെടാവുന്നവയാണ്.


ഈ സാഹചര്യത്തിലാണ് പാസ്‌വേഡുകൾക്ക് പകരം കൂടുതൽ സുരക്ഷിതമായ പാസ്‌കീ (Passkeys), ബയോമെട്രിക് ഓതന്‍റിക്കേഷൻ തുടങ്ങിയ സാങ്കേതികവിദ്യകളിലേക്ക് ലോകം മാറുന്നത്. വിരലടയാളമോ ഫെയ്സ് ഐഡിയോ ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്ന രീതികൾ വ്യാപകമാകുന്നതോടെ, സങ്കീർണ്ണമായ അക്ഷരങ്ങൾ ഓർത്തുവെക്കേണ്ട തലവേദന 2026-ഓടെ ഇല്ലാതായേക്കാം. ഇത് സൈബർ കുറ്റകൃത്യങ്ങൾ കുറയ്ക്കാനും സാധാരണക്കാരായ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനും സഹായിക്കും.

About The Author