വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ: ഇനി ഓരോ ഗ്രൂപ്പിലും നിങ്ങൾക്കായി ഓരോ ‘അപരനാമങ്ങൾ

ഡിജിറ്റൽ ലോകത്തെ ഏറ്റവും ജനപ്രിയ സന്ദേശമയയ്ക്കൽ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ്, തങ്ങളുടെ ഗ്രൂപ്പ് ചാറ്റുകളെ കൂടുതൽ അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റാൻ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നു. ഒരേസമയം നൂറുകണക്കിന് ആളുകൾ സംസാരിക്കുന്ന ഗ്രൂപ്പുകളിൽ വ്യക്തികളെ തിരിച്ചറിയാനും കാര്യങ്ങൾ ആസൂത്രണം ചെയ്യാനും സഹായിക്കുന്ന മാറ്റങ്ങളാണ് 2026-ന്‍റെ തുടക്കത്തിൽ വാട്ട്‌സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.

പുതിയ അപ്‌ഡേറ്റിലെ ഏറ്റവും ഉപയോഗപ്രദവും രസകരവും ‘മെമ്പർ ടാഗുകൾ’ ആണ്. ഓരോ ഗ്രൂപ്പിന്‍റെയും സ്വഭാവത്തിനനുസരിച്ച് സ്വയം വിശേഷിപ്പിക്കാൻ ഉപയോക്താക്കൾക്ക് ഇനി സാധിക്കും. ഉദാഹരണത്തിന്, ഒരു സ്കൂൾ ഗ്രൂപ്പിൽ നിങ്ങൾ ഒരു രക്ഷിതാവാണെങ്കിൽ “അന്നയുടെ അച്ഛൻ” എന്ന ലേബൽ ഉപയോഗിക്കാം. എന്നാൽ അതേ വ്യക്തി തന്നെ ഹൗസിംഗ് സൊസൈറ്റി ഗ്രൂപ്പിൽ “ട്രഷറർ” ആണെങ്കിൽ “ട്രഷറർ” എന്ന ടാഗ് തിരഞ്ഞെടുക്കാം. ഒരേ വ്യക്തിക്ക് തന്നെ വ്യത്യസ്ത ഗ്രൂപ്പുകളിൽ വ്യത്യസ്ത ഐഡന്റിറ്റികൾ നൽകാൻ കഴിയുന്നു എന്നതാണ് ഈ ഫീച്ചറിന്‍റെ സവിശേഷത. ഇതിനാലായി ‘ഗ്രൂപ്പ് ഇൻഫോ’ പേജിൽ താഴേക്ക് സ്ക്രോൾ ചെയ്താൽ ഗ്രൂപ്പിലെ അംഗങ്ങളുടെ പട്ടിക കാണാം.


ഈ പട്ടികയിൽ നിങ്ങളുടെ പേരിന് നേരെ ‘Add Tag’ അല്ലെങ്കിൽ ‘Edit Tag’ എന്നൊരു പുതിയ ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്ത് ആ ഗ്രൂപ്പിലെ നിങ്ങളുടെ റോൾ നൽകി സേവ് ചെയ്യാം.


വാക്കുകൾ സ്റ്റിക്കറുകളായി മാറുന്നു


ഭാവങ്ങളും പ്രതികരണങ്ങളും പ്രകടിപ്പിക്കാൻ ഇനി ഇമോജികൾക്കും ജിഫുകൾക്കും (GIF) പിന്നാലെ പോകേണ്ട. ‘ടെക്സ്റ്റ് സ്റ്റിക്കറുകൾ’ എന്ന പുത്തൻ ഫീച്ചറിലൂടെ ടൈപ്പ് ചെയ്യുന്ന ഏത് വാക്കിനെയും ആകർഷകമായ സ്റ്റിക്കറുകളാക്കി മാറ്റാം. ഇതിനായി ചാറ്റിലെ ഇമോജി സെക്ഷൻ തുറന്ന് സ്റ്റിക്കർ ടാബ് തിരഞ്ഞെടുക്കുക. അവിടെയുള്ള സെർച്ച് ബാറിൽ നിങ്ങൾക്ക് ഇഷ്ടമുള്ള വാക്ക് ടൈപ്പ് ചെയ്യുക. അപ്പോൾ തന്നെ ആ വാക്ക് മനോഹരമായ സ്റ്റിക്കറായി താഴെ പ്രത്യക്ഷപ്പെടും. അതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് നേരിട്ട് സന്ദേശമായി അയക്കാം. അല്ലെങ്കിൽ പിന്നീട് ഉപയോഗിക്കാനായി അത് സേവ് ചെയ്ത് വെക്കാം. സംഭാഷണങ്ങളെ കൂടുതൽ രസകരവും വ്യക്തിപരവുമാക്കാൻ ഇത് സഹായിക്കും.

ഇവന്‍റ് റിമൈൻഡറുകൾ വരുന്നു


ഗ്രൂപ്പുകളിൽ പ്ലാൻ ചെയ്യുന്ന ഒത്തുചേരലുകളും മീറ്റിംഗുകളും ആരും മറന്നുപോകാതിരിക്കാൻ ‘കസ്റ്റം ഇവന്‍റ് റിമൈൻഡറുകൾ’ സഹായിക്കും. ഒരു ഇവന്‍റ് ക്രിയേറ്റ് ചെയ്യുമ്പോൾ തന്നെ അതിനായി മുൻകൂട്ടി അറിയിപ്പുകൾ (അലേർട്ടുകൾ) സെറ്റ് ചെയ്യാം. ഇതിനായി അറ്റാച്ച്‌മെന്‍റ് മെനുവിൽ പോയി ‘Event’ എന്നത് തിരഞ്ഞെടുക്കുക. വിവരങ്ങൾ നൽകി, ‘Add Reminder’ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. പരിപാടിക്ക് എത്ര സമയം മുൻപ് അറിയിപ്പ് വേണമെന്ന് സെറ്റ് ചെയ്തുവയ്ക്കാം. നിശ്ചിത സമയമാകുമ്പോൾ ഗ്രൂപ്പിലെ എല്ലാവർക്കും ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ താനേ ലഭിക്കും. ഇതുവഴി ഗ്രൂപ്പ് പരിപാടികൾ കൃത്യമായി ഏകോപിപ്പിക്കാൻ സാധിക്കും.

2GB വരെയുള്ള ഫയൽ ഷെയറിംഗ്, HD വീഡിയോകൾ, സ്ക്രീൻ ഷെയറിംഗ് എന്നീ സൗകര്യങ്ങൾക്ക് പുറമെയാണ് ഈ പുതിയ അപ്‌ഡേറ്റുകൾ വരുന്നത്. ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ സുതാര്യവും ഉപയോക്തൃ സൗഹൃദവുമാക്കുക എന്ന വാട്ട്‌സ്ആപ്പിന്‍റെ വലിയ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ. വാട്ട്‌സ്ആപ്പ് ലേറ്റസ്റ്റ് വേർഷനിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുള്ള എല്ലാവർക്കും ഈ ഫീച്ചറുകൾ ലഭ്യമാണ്.

About The Author