വീടുവിട്ടിറങ്ങുമ്പോൾ ഫോണിലെ വൈ-ഫൈ ഓഫ് ചെയ്യാൻ മറക്കരുത് എന്ന സുപ്രധാന മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ. നമ്മൾ അറിയാതെ തന്നെ ഫോണിൽ നിന്ന് പുറത്തുപോകുന്ന ചില സിഗ്നലുകൾ നമ്മുടെ സ്വകാര്യതയെയും ബാങ്കിംഗ് വിവരങ്ങളെയും അപകടത്തിലാക്കും.
നമ്മൾ വീടിന് പുറത്തിറങ്ങിയാലും ഫോണിലെ വൈ-ഫൈ ഓൺ ആണെങ്കിൽ, അത് മുൻപ് കണക്ട് ചെയ്തിട്ടുള്ള നെറ്റ്‌വർക്കുകളെ തിരഞ്ഞുകൊണ്ട് നിരന്തരം ‘പ്രോബ് റിക്വസ്റ്റ്’ (Probe Request) എന്ന സിഗ്നലുകൾ അയച്ചുകൊണ്ടിരിക്കും. ഹാക്കർമാർക്ക് ഈ സിഗ്നലുകൾ വഴി നിങ്ങളെ ട്രാക്ക് ചെയ്യാനും നിങ്ങൾ മുൻപ് ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനും സാധിക്കും. റെയിൽവേ സ്റ്റേഷനുകളിലും മാളുകളിലും ലഭ്യമാകുന്ന സൗജന്യ വൈ-ഫൈ നെറ്റ്‌വർക്കുകൾ പലപ്പോഴും സുരക്ഷിതമല്ല എന്നതാണ് മറ്റൊരു വസ്തുത.
ഇത്തരം പൊതു ഇടങ്ങളിൽ ഹാക്കർമാർ വ്യാജ വൈ-ഫൈ കണക്ഷനുകൾ നിർമ്മിച്ച് കാത്തിരിക്കാറുണ്ട്. നമ്മുടെ ഫോൺ തനിയെ ഇത്തരം വ്യാജ നെറ്റ്‌വർക്കുകളുമായി കണക്ട് ആകുമ്പോൾ, ഫോണിലെ പാസ്‌വേഡുകളും മറ്റു രഹസ്യവിവരങ്ങളും നിഷ്പ്രയാസം ചോർത്താൻ അവർക്ക് സാധിക്കുന്നു. എൻക്രിപ്റ്റ് ചെയ്ത കണക്ഷനുകൾ പോലും ഇന്ന് പൂർണ്ണമായും സുരക്ഷിതമല്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഒരു വെബ് സെഷൻ ഹാക്ക് ചെയ്യാൻ വെറും 30 സെക്കൻഡിൽ താഴെ സമയം മതിയാകുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ, പൊതുസ്ഥലങ്ങളിൽ കഴിയുന്നതും സ്വന്തം മൊബൈൽ ഡാറ്റ തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക. വൈ-ഫൈ ഓട്ടോമാറ്റിക്കായി കണക്ട് ചെയ്യുന്ന രീതി ഫോൺ സെറ്റിങ്‌സിൽ പോയി മാറ്റുന്നതും ഒരു വിപിഎൻ (VPN) ഉപയോഗിക്കുന്നതും കൂടുതൽ സുരക്ഷ നൽകും.
ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവർ ആദ്യം ഫോണിലെ സെറ്റിംഗ്സിൽ നിന്ന് ‘Network & Internet’ അല്ലെങ്കിൽ ‘Connections’ എന്ന വിഭാഗത്തിനിന്ന് ‘Turn on Wi-Fi automatically’ എന്ന ഓപ്ഷൻ ഓഫ് ചെയ്യുക, സേവ് ചെയ്ത നെറ്റ്‌വർക്കുകൾക്ക് സമീപം എത്തുമ്പോൾ ഫോൺ തനിയെ വൈ-ഫൈ ഓൺ ചെയ്യുന്നത് പൂർണ്ണമായും തടയാനാകും. കൂടാതെ, നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന നെറ്റ്‌വർക്കുകളുടെ പേരിന് നേരെയുള്ള സെറ്റിംഗ്സ് ഐക്കണിൽ ക്ലിക്ക് ചെയ്ത് ‘Auto-connect’ എന്ന സൗകര്യവും ഒഴിവാക്കാവുന്നതാണ്.
ഐഫോൺ ഉപയോക്താക്കൾ സെറ്റിംഗ്സിലെ വൈ-ഫൈ മെനുവിൽ പ്രവേശിച്ച് തങ്ങൾ ഉപയോഗിക്കുന്ന നെറ്റ്‌വർക്കിന്റെ പേരിന് വലതുവശത്തുള്ള ‘i’ എന്ന ഐക്കണിൽ ടാപ്പ് ചെയ്യുക. അവിടെ കാണുന്ന ‘Auto-Join’ എന്ന സ്വിച്ച് ഓഫ് ചെയ്യുക.
ഏറ്റവും സുരക്ഷിതമായ മാർഗ്ഗം വീട് വിട്ടിറങ്ങുമ്പോൾ ഫോണിലെ വൈ-ഫൈ സ്വിച്ച് മാനുവലായി ഓഫ് ചെയ്യുക എന്നത് തന്നെയാണ്. ഇത് ഫോൺ നിരന്തരം സിഗ്നലുകൾ പുറത്തുവിടുന്നത് തടയാനും ഹാക്കർമാരുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനും സഹായിക്കും. മാത്രമല്ല, അനാവശ്യമായി സിഗ്നലുകൾ തിരയുന്നത് ഒഴിവാക്കുന്നതിലൂടെ ഫോണിന്റെ ബാറ്ററി ലാഭിക്കാനും ഇതിലൂടെ സാധിക്കും
