ആശയവിനിമയ രംഗത്ത് വൻ മാറ്റങ്ങൾ വരുത്തിക്കൊണ്ട് Google Translate ആപ്പിൽ പുതിയ തത്സമയ സംഭാഷണ വിവർത്തനം എത്തി. ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ ആയ ജെമിനിയുടെ സഹായത്തോടെയാണ് ഈ പുതിയ ഫീച്ചർ പ്രവർത്തിക്കുന്നത്. ജനറേറ്റീവ് എഐ സാങ്കേതികവിദ്യയുടെ ഏറ്റവും ഉപയോഗപ്രദമായ ഫലമായാണ് ഇതിനെ ടെക് ലോകം കാണുന്നത്. കാരണം, ഇനി ലോകത്ത് എവിടെയുള്ളവരുമായി സംസാരിക്കുമ്പോഴും ഭാഷ ഒരു പ്രശ്നമാകില്ല.
ആന്‍ഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് Google Translate ആപ്പ് വഴി ഈ തത്സമയ സംഭാഷണ വിവർത്തനം പരീക്ഷിക്കാം. ഇതിന് പ്രത്യേക വിലകൂടിയ ഹെഡ്ഫോണുകളൊന്നും ആവശ്യമില്ല. നിങ്ങളുടെ കൈവശമുള്ള ഏത് ഹെഡ്ഫോണുമായി ഫോൺ ബന്ധിപ്പിച്ചാലും മതി. സംസാരിക്കുന്നവരുടെ സംഭാഷണങ്ങളും പ്രസംഗങ്ങളും ടിവി പരിപാടികളും സിനിമകളും തത്സമയം വിവർത്തനം ചെയ്ത് കേൾക്കാനാകും.
വിവർത്തനം ചെയ്യുമ്പോൾ സംസാരിക്കുന്ന ആളുടെ ശബ്ദത്തിലെ രീതി, ഊന്നൽ, താളം എന്നിവ പരമാവധി നിലനിർത്താൻ ജെമിനി ശ്രമിക്കുന്നുണ്ട്. ഇത് വിവർത്തനത്തെ കൂടുതൽ സ്വാഭാവികവും വ്യക്തവുമാക്കുന്നു. ഭാഷയിലുള്ള ശൈലികളും പ്രയോഗങ്ങളും അക്ഷരംപ്രതി വിവർത്തനം ചെയ്യാതെ, അതിന്റെ ശരിയായ അർത്ഥം നൽകാനും ഈ സംവിധാനത്തിന് കഴിയും.
ഈ പുതിയ ഫീച്ചറിന്റെ ബീറ്റാ വേർഷൻ ഇപ്പോൾ ഇന്ത്യ, യുഎസ്, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഇംഗ്ലീഷ്, സ്പാനിഷ്, ജർമ്മൻ, ഫ്രഞ്ച്, ചൈനീസ്, ജാപ്പനീസ്, ഹിന്ദി, ഉറുദു, സുലു ഉൾപ്പെടെ 70-ൽ അധികം ഭാഷകൾ ഇത് പിന്തുണയ്ക്കുന്നു. ഐഫോണ്‍ ഉപയോക്താക്കൾക്കും മറ്റ് രാജ്യക്കാർക്കും വേണ്ടിയുള്ള അപ്ഡേറ്റ് അടുത്ത വർഷം എത്തും.
ടെക്സ്റ്റ് വിവർത്തനങ്ങളിലും ജെമിനി എഐയുടെ ശക്തി എത്തിയിട്ടുണ്ട്. സ്പാനിഷ്, ഹിന്ദി, ചൈനീസ്, ജാപ്പനീസ്, ജർമ്മൻ ഉൾപ്പെടെ 20 ഭാഷകളിൽ ഈ സൗകര്യം ഇപ്പോൾ ലഭ്യമാണ്. Android, iOS ആപ്പുകളിലും വെബ്സൈറ്റിലും ഈ സൗകര്യം ഉണ്ട്. Google Translate ആപ്പിൽ ഭാഷ പഠിക്കാനുള്ള സൗകര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രശസ്തമായ Duolingo ആപ്പിന് സമാനമായി, കളിച്ചുകൊണ്ട് പഠിക്കാവുന്ന രീതിയിലാണ് ഇതൊരുക്കിയിരിക്കുന്നത്.
ഗൂഗിൾ ട്രാൻസിലേറ്റ് സൗകര്യം ഉപയോഗിക്കുന്നതിനായി, ആന്‍ഡ്രോയിഡ് ഫോണിൽ Google Translate ആപ്പ് ഓപ്പൺ ചെയ്യുക. ആപ്പിലെ ‘ലൈവ് ട്രാൻസ്ലേഷൻ’ ഓപ്ഷൻ സെലക്ട് ചെയ്യുക. ഏത് ഭാഷയിൽ നിന്ന് ഏത് ഭാഷയിലേക്കാണ് വിവർത്തനം ചെയ്യേണ്ടതെന്നും തിരഞ്ഞെടുക്കുക.
ഇതുകഴിഞ്ഞാൽ നിങ്ങൾ സാധാരണ സംസാരിക്കുന്നതുപോലെ സംസാരിച്ചു തുടങ്ങാം. നിങ്ങൾ സംസാരിക്കുമ്പോൾ തന്നെ, ജെമിനി എഐ ആ വാക്കുകൾ കേട്ട്, നിങ്ങൾ തിരഞ്ഞെടുത്ത ഭാഷയിലേക്ക് വിവർത്തനം ചെയ്യും. അത് നിങ്ങളുടെ ഹെഡ്ഫോണിലൂടെ കേൾക്കാനാകും. ഗൂഗിൾ ട്രാൻസിലേറ്ററിൽ ലഭ്യമായ ഭാഷയിലുള്ള ടെലിവിഷൻ പരിപാടികൾ കാണുന്നതിനും ഇതുപോലെ സാധിക്കും.
