ഡ്രൈ ഏജ്-റിലേറ്റഡ് മാക്യുലർ ഡിജനറേഷൻ (Dry Age-Related Macular Degeneration – AMD) മൂലം കാഴ്ച നഷ്ടപ്പെട്ട ആളുകൾക്ക് വീണ്ടും വായിക്കാനുള്ള ശേഷി നൽകി, വിപ്ലവകരമായ ഇലക്ട്രോണിക് നേത്ര ഇംപ്ലാന്‍റ്. യുകെയിലെ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെയും (UCL) മൂർഫീൽഡ്സ് ഐ ഹോസ്പിറ്റലിലെയും (Moorfields Eye Hospital) ഗവേഷകർ നടത്തിയ ഒരു പ്രധാന ക്ലിനിക്കൽ ട്രയലിൻ്റെ കണ്ടെത്തലുകൾ വൈദ്യശാസ്ത്ര ലോകത്ത് വലിയ പ്രതീക്ഷ നൽകുന്നു.
PRIMA ഇംപ്ലാന്‍റും ഓഗ്മെന്‍റഡ്-റിയാലിറ്റി ഗ്ലാസുകളും ഉപയോഗിച്ച് രോഗികൾക്ക് വർഷങ്ങൾ നീണ്ട അന്ധതയ്ക്ക് ശേഷം അക്ഷരങ്ങളും വാക്കുകളും വീണ്ടും കാണാൻ കഴിഞ്ഞു. ഡ്രൈ എഎംഡിയുടെ (Dry AMD) ഗുരുതര രൂപമായ ‘ജിയോഗ്രാഫിക് അട്രോഫി’ (Geographic Atrophy – GA) മൂലമാണ് ഇവർക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നത്. ലോകമെമ്പാടുമുള്ള ഏകദേശം 50 ലക്ഷം ആളുകളെ ബാധിക്കുന്ന ഈ അവസ്ഥയ്ക്ക് നിലവിൽ അംഗീകൃത ചികിത്സകളില്ല. ‘ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ’ എന്ന പ്രമുഖ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ട്രയലിൽ പങ്കെടുത്തവരിൽ 84% പേർക്കും മുമ്പ് കാഴ്ച നഷ്ടപ്പെട്ട കണ്ണിൽ ഈ പ്രോസ്തെറ്റിക് വിഷൻ ഉപയോഗിച്ച് അക്ഷരങ്ങൾ, അക്കങ്ങൾ, വാക്കുകൾ എന്നിവ തിരിച്ചറിയാൻ സാധിച്ചു
എന്താണ് PRIMA ഇംപ്ലാന്‍റ്
PRIMA (പ്രൈമ) ഇംപ്ലാന്‍റ്, കാഴ്ച നഷ്ടപ്പെട്ട ഒരു കണ്ണ് വഴി വായനാശേഷി വീണ്ടെടുക്കാൻ കഴിവുള്ള ആദ്യത്തെ വിജയകരമായ ഉപകരണമാണ്. സിം കാർഡിന്‍റെ വലുപ്പമുള്ള, കനംകുറഞ്ഞ ഒരു മൈക്രോചിപ്പാണ് PRIMA. ഒരു മുടിയുടെ കനത്തിൻ്റെ പകുതി മാത്രമാണ് ഇതിൻ്റെ കനം . ഇതൊരു വയർലെസ് സബ്‌റെറ്റിനൽ ഫോട്ടോവോൾട്ടായിക് ഇംപ്ലാന്‍റാണ്. പ്രത്യേക ഗ്ലാസുകൾ ഇതിലേക്ക് ഇൻഫ്രാറെഡ് (infrared) പ്രകാശം പ്രൊജക്റ്റ് ചെയ്യുമ്പോൾ, ഒരു മിനിയേച്ചർ സോളാർ പാനൽആയി പ്രവർത്തിക്കാനുള്ള ഊർജ്ജം നേടുന്നു.
പ്രവർത്തന രീതി
രോഗി ധരിക്കുന്ന ഓഗ്മെന്‍റഡ്-റിയാലിറ്റി ഗ്ലാസുകളിലെ വീഡിയോ ക്യാമറ കാഴ്ചകൽ പിടിച്ചെടുക്കുന്നു. ഈ വിവരങ്ങൾ അരക്കെട്ടിൽ ധരിക്കുന്ന ഒരു ചെറിയ കമ്പ്യൂട്ടറിലേക്ക് അയയ്ക്കുന്നു. ഈ പോക്കറ്റ് കമ്പ്യൂട്ടറിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) അൽഗോരിതങ്ങൾ വിവരങ്ങൾ വിശകലനം ചെയ്ത് പ്രോസസ്സ് ചെയ്യുന്നു. ഗ്ലാസുകൾ ഈ വിവരങ്ങളെ ഇൻഫ്രാറെഡ് രശ്മിയായി ഇംപ്ലാന്‍റിലേക്ക് പ്രൊജക്റ്റ് ചെയ്യുന്നു. ഇംപ്ലാന്‍റ് ഈ പ്രകാശ സിഗ്നലുകളെ ഇലക്ട്രിക്കൽ സിഗ്നലുകളാക്കി മാറ്റി റെറ്റിന, ഓപ്റ്റിക്കൽ നാഡീകോശങ്ങൾ വഴി തലച്ചോറിലേക്ക് എത്തിക്കുന്നു. ഈ സിഗ്നലുകൾ തലച്ചോറിൽ കാഴ്ചയായി വ്യാഖ്യാനിക്കപ്പെടുന്നു. കൂടാതെ ടെക്‌സ്റ്റ് വലുതാക്കാൻ സൂം ഫീച്ചറും ഗ്ലാസുകളിലുണ്ട്.
യുകെ, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളിലെ 17 ആശുപത്രികളിൽ നിന്നുള്ള 38 രോഗികളിലാണ് ഈ പഠനം നടത്തിയത്. ഈ ഫലങ്ങൾ പുതിയ ഉപകരണം വിപണിയിൽ എത്തിക്കുന്നതിനുള്ള അംഗീകാരം തേടാൻ വഴിയൊരുക്കും. ഡ്രൈ എഎംഡിക്ക് നിലവിൽ ചികിത്സയില്ലാത്തതിനാൽ, ഭാവിയിൽ മറ്റ് നേത്ര രോഗങ്ങൾക്കും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിഞ്ഞേക്കുമെന്ന് ഗവേഷകർ പ്രതീക്ഷ പ്രകടിപ്പിച്ചു.
