ഭാവിയിലെ രാഷ്ട്രീയം ഇതാണോ?അൽബേനിയിൽ AI മന്ത്രി.
അൽബേനിയ ലോകത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രിയെ നിയമിച്ചു. കൃത്രിമബുദ്ധിക്കായി പ്രത്യേകിച്ച് നിയമിച്ച മന്ത്രിയല്ല, മറിച്ച് ഒരു AI അധിഷ്ഠിതനായ വെർച്വൽ മന്ത്രി. ‘ഡിയല്ല’ എന്ന പേരിട്ടിട്ടുള്ള ഈ മന്ത്രിയെ കോഡുകളും പിക്സലുകളും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. പ്രൊക്യൂർമെന്റ് (വാങ്ങലുകളും കരാറുകളും)കൈകാര്യം ചെയ്യാനുള്ള ചുമതല ആണ് ഡിയല്ലക്ക് നൽകിയിരിക്കുന്നത്.
ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ അൽബേനിയൻ പ്രധാനമന്ത്രി എഡി റാമ രാജ്യത്തിന് ഒരു ഡിജിറ്റൽ മന്ത്രിയോ AI പ്രധാനമന്ത്രിയോ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ രാജ്യം ഇത്ര പെട്ടെന്ന് ഒരു AI മന്ത്രിയെ നിയമിക്കുമെന്ന് കരുതിയിരുന്നില്ല. സെപ്റ്റംബർ 11-ന് നടന്ന സോഷ്യലിസ്റ്റ് പാർട്ടി അസംബ്ലി യോഗത്തിൽ റാമ AI മന്ത്രി ഡിയല്ലയെ ആദ്യമായി പരിചയപ്പെടുത്തി. പൊതു ടെൻഡറുകളുടെ വിതരണം അൽബേനിയയിൽ ഏറെക്കാലമായി അഴിമതിക്കേസുകളുടെ പ്രധാന കേന്ദ്രമായി തുടരുകയാണ്. അഴിമതി തടയുന്നതാണ് ഡിയല്ലയുടെ പ്രധാന ചുമതല, എന്നാണ് അൽബേനിയൻ പ്രധാനമന്ത്രി എഡി റാമ വ്യക്തമാക്കിയത്. പൊതുമേഖല ടെൻഡറുകൾ എല്ലാം ഡിയല്ലയുടെ മേൽനോട്ടത്തിലായിരിക്കുമെന്നും, തന്റെ സർക്കാർ “അഴിമതി രഹിതമാകും” എന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അൽബേനിയൻ ഭാഷയിൽ ഡിയല്ല എന്നാൽ ‘സൂര്യൻ’ എന്നാണ് അർഥം.
