സംഭാഷണങ്ങൾ ഇനി എളുപ്പമാകും; വരുന്നു ജിയോയുടെ ഫോൺകോൾ എഐ

ടെലികോം രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി റിലയൻസ് ജിയോ. ഫോൺ കോളുകളിൽ നിർമ്മിത ബുദ്ധിയുടെ (Artificial Intelligence) സാധ്യതകൾ സമന്വയിപ്പിച്ച് ജിയോ ഫോൺകോൾ എ ഐ എന്ന സേവനം ആഴ്ചകൾക്കുള്ളിൽ ഉപഭോക്താക്കളിലേക്ക് എത്തും. പ്രധാനപ്പെട്ട കോളുകൾ ഇതിൽ ഓട്ടോമാറ്റിക്കായി റെക്കോർഡ് ചെയ്യപ്പെടും എന്നതാണ് ജിയോ നൽകുന്ന ഒരു സൗകര്യം. ഈ സംഭാഷണങ്ങൾ ജിയോ ക്ലൗഡിൽ സുരക്ഷിതമായി സൂക്ഷിക്കപ്പെടും, അതിനാൽ പിന്നീട് എപ്പോൾ വേണമെങ്കിലും അവ എളുപ്പത്തിൽ കേൾക്കാൻ സാധിക്കും. കൂടാതെ സംഭാഷണ സമയത്തുതന്നെ സംഭാഷണം ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റാൻ സാധിക്കും. പ്രധാന വിവരങ്ങൾ എഴുതിയെടുക്കാൻ പിന്നെ ബുദ്ധിമുട്ടേണ്ടതില്ല. കൂടാതെ ഒരു വലിയ സംഭാഷണം ആണെങ്കിൽ, അതിലെ പ്രധാന കാര്യങ്ങൾ, തീരുമാനങ്ങൾ, ആക്ഷൻ പ്ലാനുകൾ എന്നിവയെല്ലാം ചുരുങ്ങിയ വാക്കുകളിൽ സംഗ്രഹിക്കാനുള്ള ഫീച്ചറും ഇതിൽ ഉണ്ട്.


ഫോണിൽ സംസാരിക്കുന്ന കാര്യങ്ങൾ മറ്റ് ഭാഷകളിലേക്ക് തത്സമയം വിവർത്തനം ചെയ്യാനുള്ള കഴിവും ഈ എഐ ഫീച്ചറിനുണ്ട്. ഇത് അന്താരാഷ്ട്ര കോളുകൾ ചെയ്യുന്നവർക്കും വിവിധ ഭാഷകൾ സംസാരിക്കുന്നവരുമായി ബന്ധപ്പെടാനും ഏറെ പ്രയോജനകരമാകും.


​സാധാരണക്കാർക്കും എഐ സാങ്കേതികവിദ്യയുടെ ഗുണങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ജിയോയുടെ ലക്ഷ്യം. നിലവിൽ ഈ സേവനം എപ്പോഴാണ് പൂർണ്ണമായി ലഭ്യമാവുക എന്നതിനെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഈ പുതിയ മാറ്റം ഇന്ത്യൻ ടെലികോം വിപണിയിൽ വലിയൊരു മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

About The Author