ചൈനയിൽ ഒരു പുതിയ മാൾതുറന്നു. അതിൽ വലിയ പ്രത്യേകതകൾ ഒന്നും ഇല്ല. എന്നാൽ ആ മാളിനെ വ്യത്യസ്തമാക്കുന്നത് അവിടുത്തെ ജോലിക്കാരാണ്. റോബോട്ടുകൾ ആണ് അവിടുത്തെ ജോലിക്കാർ ചൈനയിലെ ഷെൻഷേനിൽ 2025 ഓഗസ്റ്റ് 10-ന് ആണ് ലോകത്തിലെ ആദ്യത്തെ റോബോട്ട് മാൾ പ്രവർത്തനം ആരംഭിച്ചത്. കഫേകള്‍ മറ്റു കടകൾ വിനോദ കേന്ദ്രങ്ങൾ തുടങ്ങി ഒരു മാളിൽ ഉള്ള എല്ലാ സൗകര്യങ്ങളും ഈ മാളിലും ഉണ്ട്. എന്നാൽ കടകളിൽ ഒന്നും ജോലിക്കാരായി മനുഷ്യൻ ഉണ്ടാവില്ല. പണമടയ്ക്കൽ, റിസപ്ഷൻ തുടങ്ങി എല്ലായിടത്തും മനുഷ്യസദൃശ്യമായ റോബോട്ടുകൾ മാത്രം. വിൽപ്പനക്കാരായി മാത്രം അല്ല. വിവിധ ആവശ്യങ്ങൾക്കായുള്ള റോബോട്ടുകളെയും ഇവിടെ നിന്ന് നിങ്ങൾക്ക് വാങ്ങാം. വീട്ടുതൊഴിലാളികളായ റോബോട്ടുകൾ മുതിർന്നവർക്കായുള്ള കെയർ കമ്പാനിയൻസ്, കസ്റ്റമർ സർവീസ് ആൻഡ്രോയ്ഡുകൾ, വിനോദ പ്രദർശകരായ റോബോട്ടുകൾ തുടങ്ങി ഏത് ആവശ്യത്തിന് ഉള്ള റോബോട്ടുകൾ ഈ മാളിൽ നിന്ന് വാങ്ങി നിങ്ങൾക്ക് വീട്ടിലെത്തിക്കാം.
നാലു നിലകളുള്ള മാളിൽ വ്യത്യസ്ത ബ്രാൻഡുകളിൽ ഉള്ള നൂറിലധികം റോബോട്ടുകൾ വിൽപ്പനയ്ക്കുണ്ട്. Ubtech Robotics, Unitree Robotics പോലുള്ള മുൻനിര നിർമ്മാതാക്കളടക്കം നിരവധി പ്രമുഖ കമ്പിനി റോബോട്ടുകൾ ഇവിടെ ഉണ്ട്. വിനോദ വിഭാഗത്തിൽ സന്ദർശകർക്ക് റോബോട്ടുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരം, ട്രാക്ക് ഇവന്‍റുകള്‍ എന്നിവ നേരിൽ കാണാനുള്ള അവസരമുണ്ട്. റോബോട്ടിക്സിന്‍റെ കഴിവും സാധ്യതകളും നേരിട്ട് മനസ്സിലാക്കാനുള്ള ഒരു വേദി കൂടിയാണ് ഈ മാൾ. മാളിനുള്ളിലെ പ്രത്യേക റസ്റ്റോറന്റിൽ റോബോട്ടുകളാണ് വെയ്റ്റർമാരും ഷെഫ്‍മാരും. ഭക്ഷണം തയ്യാറാക്കുന്നതും പാകം ചെയ്‌തതിന്‍റെ സർവിംഗും മുഴുവൻ ഓട്ടോമേറ്റഡ് രീതിയിലാണ്.
കേവലം കാഴ്ചയ്ക്കും കൗതുകത്തിനുമപ്പുറം, ഭാവിയിൽ ഈ സംവിധാനങ്ങൾ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാം എന്നതിന്‍റെ മോഡൽ കൂടിയാണ് ഈ മാൾ. “റോബോട്ടുകൾ ആയിരക്കണക്കിന് വീടുകളിലേക്കു കടക്കണമെങ്കിൽ, കൃത്രിമബുദ്ധി കമ്പനികളിൽ മാത്രം ആശ്രയിക്കുന്നത് മതിയാകില്ല,” എന്നാണ് സ്റ്റോർ ഡയറക്ടർ വാങ് യിഫാൻ റോയ്റേഴ്‌സ് പറയുന്നത്. അതായത് റോബോട്ടിക്സിന്‍റെ സാധ്യതകൾ നിങ്ങളുടെ വീടുകളിലും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഈ മാളിൽ ചെന്നാൽ കാണാം.
