“നിങ്ങൾ ഒരു ഇമെയിൽ എഴുതുന്നതുപോലെ തോന്നുന്നു. സഹായം വേണോ?”
1990-കളിൽ Microsoft Office ഉപയോഗിച്ചിരുന്നവർക്ക് ഈ വാചകം ഇന്നും മറക്കാനാകില്ല. സ്ക്രീനിന്റെ ഒരു കോണിൽ നിന്ന് പെട്ടെന്ന് ഉയർന്ന് വരുന്ന കണ്ണുകളുള്ള ഒരു പേപ്പർക്ലിപ്പ് അതായിരുന്നു “Clippy”. ഔദ്യോഗികമായി “Office Assistant” എന്നറിയപ്പെട്ടിരുന്നെങ്കിലും ലോകം അതിനെ ക്ലിപ്പി എന്ന പേരിലാണ് ഓർക്കുന്നത്. ചിലർക്കത് ഒരു തമാശാ കഥാപാത്രം; മറ്റുചിലർക്കോ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ സോഫ്റ്റ്‌വെയർ അനുഭവങ്ങളിൽ ഒന്ന്.
എന്നാൽ ഒരു ചോദ്യം ഇന്നും നിലനിൽക്കുന്നു: എന്തുകൊണ്ടാണ് ക്ലിപ്പി ഇത്രയും വെറുപ്പിന് ഇരയായത്?
സഹായിക്കാൻ വന്നവൻ ശല്യമായി മാറിയപ്പോൾ
1997-ൽ പുറത്തിറങ്ങിയ Microsoft Office-ലാണ് ക്ലിപ്പി ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഉപയോക്താക്കൾക്ക് കത്തുകൾ എഴുതാനും മാറ്റ് ഡോക്യൂമെന്റുകൾ തയ്യാറാക്കാനും സഹായിക്കുകയാണ് ലക്ഷ്യം. “Dear Sir” എന്ന് ടൈപ്പ് ചെയ്താൽ പോലും ക്ലിപ്പി പെട്ടെന്ന് പ്രത്യക്ഷപ്പെട്ട്, “നിങ്ങൾ ഒരു കത്ത് എഴുതുന്നുവോ?” എന്ന് ചോദിച്ചുപോകും.
സിദ്ധാന്തത്തിൽ അത് ഒരു മികച്ച ആശയമായിരുന്നു. മനുഷ്യർ കമ്പ്യൂട്ടറുകളോടും മറ്റുള്ള മനുഷ്യരോടുള്ളതുപോലെ പ്രതികരിക്കുമെന്നൊരു പഠനത്തിൽ നിന്നാണ് ഈ ആശയം രൂപംകൊണ്ടത്. അതായത്, കമ്പ്യൂട്ടറുകൾക്ക് ഒരു “മനുഷ്യസ്വഭാവം” നൽകിയാൽ ഉപയോക്താക്കൾക്ക് കൂടുതൽ സൗഹൃദപരമായ അനുഭവമുണ്ടാകുമെന്നാണ് കരുതിയത്.
പക്ഷേ യാഥാർഥ്യം മറ്റൊന്നായിരുന്നു.
ക്ലിപ്പി സഹായിക്കുന്നതിനേക്കാൾ ഇടപെടുകയായിരുന്നു. ഉപയോക്താവ് എന്ത് ചെയ്താലും ഇടയിൽ കയറി ഉപദേശം നൽകും. ഒരു ലളിതമായ ടൈപ്പിംഗിനും അത് അനാവശ്യമായി പ്രതികരിക്കും. പലർക്കും അത് “ഡിജിറ്റൽ ശല്യം” ആയി തോന്നി.
ഇതിലെ വലിയ പിഴവ് സാങ്കേതികതയിലല്ലായിരുന്നു; മൈക്രോസോഫ്റ്റ് ആ ശല്യത്തിന് ഒരു മുഖം തന്നു എന്നതായിരുന്നു. ആളുകൾ പ്രോഗ്രാമിനെ വെറുക്കാൻ തുടങ്ങി — കാരണം അത് ഒരു ജീവിക്കുന്ന കഥാപാത്രം പോലെ പെരുമാറി.
മൈക്രോസോഫ്റ്റ് പാഠം പഠിച്ചോ?
ഉപയോക്താക്കളുടെ അസ്വസ്ഥത വേഗം തന്നെ മൈക്രോസോഫ്റ്റ് മനസ്സിലാക്കി. പിന്നീട് പുറത്തിറങ്ങിയ പതിപ്പുകളിൽ ക്ലിപ്പിയെ “default” ആയി ഓണാക്കാതെ മാറ്റി. ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ തന്നെ അതിനെ തിരഞ്ഞ് ഓണാക്കേണ്ട അവസ്ഥയായി.
അവസാനം, 2007-ൽ പുറത്തിറങ്ങിയ പുതിയ Microsoft Office പതിപ്പോടെ ക്ലിപ്പിയും അതിന്റെ കൂട്ടുകാരും ഔദ്യോഗികമായി വിരമിച്ചു.
പക്ഷേ മൈക്രോസോഫ്റ്റ് ഡിജിറ്റൽ അസിസ്റ്റന്റുകളെ ഉപേക്ഷിച്ചില്ല.
ക്ലിപ്പിക്ക് ശേഷം കോർട്ടാന, ഇപ്പോൾ കോപൈലറ്റ്
2009-ൽ മൈക്രോസോഫ്റ്റ് പുതിയൊരു ഡിജിറ്റൽ അസിസ്റ്റന്റിന്റെ ഗവേഷണം തുടങ്ങി. പിന്നീട് അത് Cortana എന്ന പേരിൽ ലോകത്തിന് മുന്നിലെത്തി. Halo-യിലെ കഥാപാത്രത്തിന്റെ പേരാണ് അതിന് നൽകിയിരുന്നത്.
കോർട്ടാന ക്ലിപ്പിയേക്കാൾ കൂടുതൽ ബുദ്ധിയുള്ളതും ശബ്ദം തിരിച്ചറിയുന്നതുമായ ഒരു സംവിധാനമായിരുന്നു. എന്നാൽ അതും ഉപയോക്താക്കളുടെ ജീവിതത്തിൽ നിർണായക സ്ഥാനമൊന്നും നേടാനായില്ല. വർഷങ്ങൾക്കിപ്പുറം മൈക്രോസോഫ്റ്റ് അതിനെ നിശ്ശബ്ദമായി അവസാനിപ്പിച്ചു.
അതിനുശേഷമാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്ന Microsoft Copilot എത്തിയത്.
കോപൈലറ്റ് കൃത്രിമബുദ്ധി ഉപയോഗിച്ച് ഡോക്യുമെന്‍റുകള്‍ തയ്യാറാക്കുകയും ഡാറ്റ ചുരുക്കി നൽകുകയും ചെയ്യുന്ന അസിസ്റ്റന്റാണ്. എന്നാൽ പലർക്കും അത് ക്ലിപ്പിയുടെ “ആധുനിക അവതാരം” പോലെ തോന്നുന്നു. വ്യത്യാസമൊന്നേയുള്ളു — ഇത്തവണ പേപ്പർക്ലിപ്പിന് പകരം AI ആണ്.
ലോകം വെറുത്ത കഥാപാത്രം എങ്ങനെ “നോസ്റ്റാൾജിയ”യായി?
അതിശയകരമായൊരു കാര്യമുണ്ട്. ഒരിക്കൽ ലോകം വെറുത്ത ക്ലിപ്പിയെ ഇന്ന് പലരും സ്നേഹത്തോടെ ഓർക്കുന്നു.
Family Guy പോലുള്ള പരമ്പരകളിലും The Simpsons-ലും ക്ലിപ്പിയെ പരിഹസിച്ചുകൊണ്ട് അവതരിപ്പിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് തന്നെ പലപ്പോഴും സ്വന്തം പഴയ പരാജയത്തെ തമാശയായി ഉപയോഗിച്ചു.
Halo Infinite-ൽ ക്ലിപ്പി രൂപത്തിലുള്ള ആയുധ അലങ്കാരങ്ങൾ പോലും പുറത്തിറങ്ങി. 2021-ൽ മൈക്രോസോഫ്റ്റ് സോഷ്യൽ മീഡിയയിൽ നടത്തിയ ഒരു പോസ്റ്റിൽ 20,000 ലൈക്കുകൾ ലഭിച്ചാൽ ക്ലിപ്പിയെ വീണ്ടും emoji ആക്കി കൊണ്ടുവരാമെന്ന് പ്രഖ്യാപിച്ചു. ആളുകൾ അതിന് പിന്തുണ നൽകി — ഒടുവിൽ ക്ലിപ്പി വീണ്ടും തിരികെവന്നു.
ഇത് ഒരുതരത്തിൽ സാങ്കേതിക ലോകത്തിന്റെ പ്രത്യേകതയാണ്. ഒരിക്കൽ ശല്യമായി തോന്നിയ കാര്യങ്ങൾ വർഷങ്ങൾക്കിപ്പുറം “നല്ല പഴയ ഓർമ്മ”യായി മാറും.
ക്ലിപ്പി നമ്മെ പഠിപ്പിച്ച വലിയ പാഠം
ക്ലിപ്പിയുടെ കഥ വെറും പരാജയപ്പെട്ട ഒരു സോഫ്റ്റ്‌വെയറിന്റെ ചരിത്രമല്ല. ഉപയോക്താക്കൾക്ക് യഥാർത്ഥത്തിൽ എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാതെ സാങ്കേതികവിദ്യ മുന്നോട്ട് നയിക്കുമ്പോൾ എന്ത് സംഭവിക്കാമെന്നതിനുള്ള വലിയ ഉദാഹരണമാണ് അത്.
ഇന്ന് AI അസിസ്റ്റന്റുകൾ നമ്മുടെ കമ്പ്യൂട്ടറുകളിലും ഫോണുകളിലും ഇടംപിടിക്കുമ്പോൾ, ക്ലിപ്പിയുടെ ഓർമ്മ വീണ്ടും പ്രസക്തമാകുന്നു. സഹായം നൽകുന്ന സാങ്കേതികവിദ്യ ഉപയോക്താവിന്റെ നിയന്ത്രണത്തിലായിരിക്കണം ഉപയോക്താവിനെ നിയന്ത്രിക്കുന്നതാകരുത്.
ഒരിക്കൽ ലോകം മുഴുവൻ വെറുത്ത ആ പേപ്പർക്ലിപ്പ് ഇന്നും നമ്മുടെ ഓർമ്മകളിൽ ജീവിക്കുന്നതിന്റെ കാരണവും അതുതന്നെയാകാം.
