ഭക്ഷണത്തിൽ നിന്ന് സാങ്കേതിക വിദ്യയിലേക്ക്; അരി ഉപയോഗിച്ച് വിസ്മയ പദാർത്ഥങ്ങൾ നിർമ്മിക്കുന്നു

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ പ്രധാന ആഹാരമായ അരി, ഭാവിയിൽ അത്യാധുനിക എഞ്ചിനീയറിംഗ് മേഖലകളിൽ വലിയ വിപ്ലവത്തിന് തുടക്കമിടുന്നു. അരിമണികൾ അവയിൽ പ്രയോഗിക്കുന്ന സമ്മർദ്ദത്തിന്റെ വേഗതയനുസരിച്ച് അവയുടെ ബലം സ്വയം മാറ്റുന്നു എന്ന കൗതുകകരമായ കണ്ടെത്തലിലൂടെ പുതിയ തരം ‘മെറ്റാമെറ്റീരിയലുകൾ’ നിർമ്മിക്കാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. ബർമിംഗ്ഹാം സർവകലാശാലയിലെ ഡോ. മിംഗ്ചാവോ ലിയുവിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് സാധാരണ പദാർത്ഥങ്ങളിൽ കാണപ്പെടാത്ത ഈ സവിശേഷത കണ്ടെത്തിയത്.


അരി പതുക്കെ അമർത്തുമ്പോൾ അത് അതിന്റെ ബലം നിലനിർത്തുകയും എന്നാൽ വേഗത്തിൽ സമ്മർദ്ദം ചെലുത്തുമ്പോൾ പെട്ടെന്ന് മൃദുവാകുകയും ചെയ്യുന്നു. ‘റേറ്റ് സോഫ്റ്റ്‌നിംഗ്’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസം സംഭവിക്കുന്നത് വേഗത്തിലുള്ള ആഘാതങ്ങളിൽ അരിമണികൾക്കിടയിലുള്ള ഘർഷണം പെട്ടെന്ന് കുറയുന്നത് കൊണ്ടാണ്. ഈ സവിശേഷത പ്രയോജനപ്പെടുത്തി സെൻസറുകളോ ഇലക്ട്രോണിക്സ് സംവിധാനങ്ങളോ ഇല്ലാതെ തന്നെ പുറമെ നിന്നുള്ള സമ്മർദ്ദത്തിനനുസരിച്ച് സ്വയം പ്രതികരിക്കുന്ന യന്ത്രഭാഗങ്ങളും സുരക്ഷാ കവചങ്ങളും നിർമ്മിക്കാൻ സാധിക്കും.

ഈ കണ്ടെത്തൽ പ്രധാനമായും സോഫ്റ്റ് റോബോട്ടിക്സ് മേഖലയിലാണ് വലിയ മാറ്റങ്ങൾ കൊണ്ടുവരിക. ലോഹങ്ങൾക്ക് പകരം ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിലൂടെ ഭാരം കുറഞ്ഞതും സുരക്ഷിതവുമായ റോബോട്ടുകളെ നിർമ്മിക്കാൻ കഴിയും. ഇവയ്ക്ക് ശസ്ത്രക്രിയകൾ പോലുള്ള അതീവ ജാഗ്രത വേണ്ട ജോലികൾ കൂടുതൽ കൃത്യതയോടെ ചെയ്യാൻ സാധിക്കും. കൂടാതെ, അപകടസമയത്ത് ആഘാതം ആഗിരണം ചെയ്ത് പരിക്കുകൾ കുറയ്ക്കാൻ സഹായിക്കുന്ന അത്യാധുനിക ഹെൽമെറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഇതിലൂടെ വികസിപ്പിക്കാം. സാധാരണ ഗതിയിൽ നിസ്സാരമെന്ന് കരുതുന്ന അരിമണികൾ പോലും കൃത്യമായ ഭൗതികശാസ്ത്ര തത്വങ്ങളിലൂടെ ബുദ്ധിപരമായ പദാർത്ഥങ്ങളായി മാറ്റാൻ കഴിയുമെന്ന് ഈ പഠനം അടിവരയിടുന്നു.

About The Author