ശബ്ദങ്ങളുടെ ലോകത്തും ഇനി ‘മെറ്റ’ മാജിക്

ഇമേജ് സെഗ്മെന്‍റേഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ‘സെഗ്മെന്‍റ് എനിതിങ് മോഡലിന്’ (SAM) പിന്നാലെ, ഓഡിയോ മേഖലയിലും പുതിയ ചുവടുവെപ്പുമായി മെറ്റ രംഗത്തെത്തിയിരിക്കുകയാണ്. ‘സാം ഓഡിയോ’ (SAM Audio) എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക മോഡൽ ഉപയോഗിച്ച് സങ്കീർണ്ണമായ ശബ്ദമിശ്രിതങ്ങളിൽ നിന്ന് ഏത് പ്രത്യേക ശബ്ദത്തെയും ഇനി എളുപ്പത്തിൽ വേർതിരിച്ചെടുക്കാം. നിലവിൽ ലഭ്യമായ ഓഡിയോ എഡിറ്റിംഗ് ടൂളുകളിൽ നിന്ന് വ്യത്യസ്തമായി, ടെക്സ്റ്റ് പ്രോംപ്റ്റുകൾ, വിഷ്വൽ സൂചനകൾ അല്ലെങ്കിൽ പ്രത്യേക സമയക്രമം എന്നിവ ഉപയോഗിച്ച് ശബ്ദങ്ങളെ തിരിച്ചറിയാനും അവയെ തരംതിരിക്കാനും സാം ഓഡിയോയ്ക്ക് സാധിക്കും. ഇതിന്‍റെ ഭാഗമായി ‘പെർസെപ്ഷൻ എൻകോഡർ ഓഡിയോവിഷ്വൽ’ അധവാ, PE-AV എന്ന പുതിയ സാങ്കേതിക എഞ്ചിനും മെറ്റ പുറത്തിറക്കി.


സാം ഓഡിയോയുടെ പ്രവർത്തനരീതി ഉപയോക്താക്കൾക്ക് കൂടുതൽ ലളിതവും സ്വാഭാവികവുമായ അനുഭവമാണ് നൽകുന്നത്. ഉദാഹരണത്തിന്, ഒരു സംഗീത പരിപാടിയുടെ വീഡിയോയിൽ ഗിറ്റാറിന്‍റെ ശബ്ദം മാത്രം കേൾക്കണമെങ്കിൽ ഗിറ്റാറിൽ ഒന്ന് ക്ലിക്ക് ചെയ്താൽ മാത്രം മതിയാകും. അതുപോലെ തന്നെ “നായയുടെ കുര” അല്ലെങ്കിൽ “പാട്ട് പാടുന്ന ശബ്ദം” എന്നിങ്ങനെ ടൈപ്പ് ചെയ്ത് നൽകുന്നതിലൂടെയും ആ ശബ്ദങ്ങൾ മാത്രം വേർതിരിച്ചെടുക്കാൻ സാധിക്കും. പോഡ്‌കാസ്റ്റുകളിൽ നിന്നോ മറ്റ് വീഡിയോകളിൽ നിന്നോ അനാവശ്യമായ പശ്ചാത്തല ശബ്ദങ്ങൾ നീക്കം ചെയ്യാനും ക്രിയേറ്റീവ് മീഡിയ ടൂളുകൾ വികസിപ്പിക്കാനും ഈ സാങ്കേതികവിദ്യ വലിയ തോതിൽ സഹായിക്കും. ‘സ്പാൻ പ്രോംപ്റ്റിംഗ്’ എന്ന പുതിയ സംവിധാനത്തിലൂടെ വീഡിയോയുടെ ഒരു നിശ്ചിത ഭാഗത്തെ ശബ്ദം മാത്രം കൃത്യമായി നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുന്നു.


മെറ്റയുടെ പുതിയ മോഡലുകൾക്കൊപ്പം തന്നെ ഓഡിയോ സെഗ്മെന്‍റേഷൻ കൃത്യമായി അളക്കുന്നതിനുള്ള ‘സാം ഓഡിയോ ബെഞ്ച്’ എന്ന ബെഞ്ച്മാർക്കും, ഫലങ്ങൾ സ്വയം വിലയിരുത്തുന്ന ‘സാം ഓഡിയോ ജഡ്ജ്’ എന്ന ഓട്ടോമാറ്റിക് ജഡ്ജ് മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യകൾ എല്ലാവർക്കും പരീക്ഷിച്ചു നോക്കുന്നതിനായി മെറ്റയുടെ ‘സെഗ്മെന്‍റ് എനിതിങ് പ്ലേ ഗ്രൗണ്ടിൽ’ സൗകര്യമൊരുക്കിയിട്ടുണ്ട്. ക്രിയേറ്റീവ് ടൂളുകളുടെ അടുത്ത തലമുറയെ വാർത്തെടുക്കാൻ ലക്ഷ്യമിടുന്ന ഈ നീക്കം, ശബ്ദ സംസ്കരണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് മെറ്റയുടെ പ്രതീക്ഷ.

About The Author