സംഗീത നിർമ്മാണ രംഗത്ത് വൈദഗ്ധ്യമില്ലാത്തവർക്കും പ്രൊഫഷണൽ രീതിയിൽ പാട്ടുകൾ തയ്യാറാക്കാൻ സഹായിക്കുന്ന പ്രൊഡ്യൂസർ AI (ProducerAI) എന്ന പ്ലാറ്റ്‌ഫോമിനെ ഗൂഗിൾ ലാബ്‌സിന്റെ ഭാഗമാക്കിയതായി ഗൂഗിൾ പ്രഖ്യാപിച്ചു. ഗൂഗിളിന്റെ ഏറ്റവും പുതിയ മ്യൂസിക് ജനറേഷൻ മോഡലായ ലിറിയ 3 (Lyria 3) ആണ് ഇതിന് കരുത്തുപകരുന്നത്. കേവലം സംഗീതം നിർമ്മിക്കുക മാത്രമല്ല, വരികൾ എഴുതാനും ആൽബം ആർട്ടുകൾ ഡിസൈൻ ചെയ്യാനും സംഗീതത്തിന് അനുയോജ്യമായ വീഡിയോകൾ തയ്യാറാക്കാനും സാധിക്കുന്ന ഒരു സമ്പൂർണ്ണ ക്രിയേറ്റീവ് ടൂളായാണ് ഗൂഗിൾ ഇതിനെ അവതരിപ്പിക്കുന്നത്. 2025 ജൂലൈയിൽ പുറത്തിറങ്ങിയ പ്രൊഡ്യൂസർ AI, നേരത്തെ സ്വന്തം മോഡലുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഗൂഗിൾ ലാബ്‌സിലേക്ക് മാറുന്നതോടെ ഗൂഗിളിന്റെ അത്യാധുനിക AI ടൂൾകിറ്റുകൾ ഇതിന് ലഭ്യമാകും.
സംഗീത നിർമ്മാണത്തിനായി ലിറിയ 3 ഉപയോഗിക്കുമ്പോൾ, നിർദ്ദേശങ്ങൾ നൽകാനും മാറ്റങ്ങൾ വരുത്താനും സഹായിക്കുന്ന സംഭാഷണ സഹായിയായി ജെമിനി പ്രവർത്തിക്കും. കൂടാതെ ആൽബം കവറുകൾ നിർമ്മിക്കാൻ നാനോ ബനാന എന്ന മോഡലും, സംഗീതത്തിനൊപ്പം ദൃശ്യങ്ങൾ ഒരുക്കാൻ വിയോ (Veo) എന്ന വീഡിയോ ജനറേഷൻ മോഡലും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഒരു സാധാരണ ഉപയോക്താവിനും തനിക്ക് ആവശ്യമുള്ള സംഗീതത്തിന്റെ വിവരണം നൽകിക്കൊണ്ട് മികച്ച ബീറ്റുകളും മെലഡികളും ഒരു പൂർണ്ണ വീഡിയോ പ്രോജക്റ്റായി മാറ്റാൻ സാധിക്കും. AI നിർമ്മിത ഉള്ളടക്കങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനായി സിന്ത് ഐഡി (SynthID) വാട്ടർമാർക്കിംഗ് സംവിധാനവും ഗൂഗിൾ ഇതിൽ ഒരുക്കിയിട്ടുണ്ട്. ഇത് AI ഉപയോഗിച്ച് നിർമ്മിച്ച ഓഡിയോ, വീഡിയോ, ചിത്രങ്ങൾ എന്നിവ തിരിച്ചറിയാൻ സഹായിക്കും.
ദ ചെയിൻസ്‌മോക്കേഴ്‌സ്, ലെക്രേ, അഞ്ജുലി തുടങ്ങിയ പ്രശസ്ത സംഗീതജ്ഞരുമായി സഹകരിച്ചാണ് പ്രൊഡ്യൂസർ AI വികസിപ്പിച്ചത്. ഇത് യഥാർത്ഥ സംഗീതജ്ഞർക്ക് പകരക്കാരനാകാനല്ല, മറിച്ച് ഒരു പരീക്ഷണാത്മക ഉപകരണം എന്ന നിലയിലാണ് ഗൂഗിൾ മുന്നോട്ട് വെക്കുന്നത്. എങ്കിലും AI ഗാനങ്ങൾ ആഗോള തലത്തിൽ ചാർട്ടുകളിൽ ഇടംപിടിക്കുന്ന സാഹചര്യത്തിൽ, ഈ പുതിയ സാങ്കേതികവിദ്യ സംഗീത ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്
