ഇപ്പോൾ എല്ലാവരുടെയും പ്ലേലിസ്റ്റിൽ ഒന്നാമതുള്ള ഗാനം “വോക്ക് മൈ വോക്ക്” (Walk My Walk)! ആണ്. ഈ പാട്ട് ഒരു സാധാരണ ഹിറ്റ് അല്ല. സംഗീത ചാർട്ടുകളിൽ ലോകത്തിലെ തന്നെ പ്രമുഖരായ ബിൽബോർഡിൻ്റെ (Billboard) ട്രെൻഡിങ് ലിസ്റ്റിൽ ഇത് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്!
പക്ഷേ, ഈ ഗാനം പാടിയ ആളെക്കുറിച്ച് കേട്ടാൽ നിങ്ങൾ ഞെട്ടും!
ഇത് പാടി റിലീസ് ചെയ്ത ആർട്ടിസ്റ്റിൻ്റെ പേര് ബ്രേക്കിംഗ് റസ്റ്റ് (Breaking Rust). തീവ്രമായ ശബ്ദവും, നാടൻ ശൈലിയിലുള്ള വരികളും കേട്ട് ഗായകനെ തിരയുന്നവർക്ക് കിട്ടുന്നത് ഒരു പരുക്കൻ കൗബോയിയുടെ ചിത്രങ്ങൾ ആണ്. ഈ കൗബോയിയെ പറ്റി കൂടുതൽ തിരഞ്ഞു നിങ്ങൾ ബുദ്ധിമുട്ടേണ്ട. കാരണം, നിങ്ങൾക്കയാളെ കണ്ടെത്താൻ കഴിയില്ല! അങ്ങനെ ഒരാൾ ജീവിച്ചിരിപ്പില്ല! ഗായകൻ മാത്രമല്ല ഈ പാട്ടുമായി ബന്ധപ്പെട്ട ആരും ജീവനോടെ ഇല്ല. എല്ലാം ചെയ്തിരിക്കുന്നത് AI ആണ്.
സ്ട്രീമിംഗ് സേവനങ്ങളിൽ ഈ ഗാനത്തിൻ്റെ സംഗീതസംവിധാനം, നിർമ്മാണം എന്നിവയുടെ ക്രെഡിറ്റ് ഓബിയേർ റിവാൽഡോ ടെയ്ലർ (Aubierre Rivaldo Taylor) എന്ന വ്യക്തിക്കാണ് നൽകിയിരിക്കുന്നത്. എന്നാൽ അങ്ങനെ ഒരു വ്യക്തിയെക്കുറിച്ചും തെളിവുകൾ ഒന്നും ഇല്ല. ചുരുക്കി പറഞ്ഞാൽ പൂർണമായും നിർമിത ബുദ്ധികൊണ്ട് നിർമിച്ച്, ചിട്ടപ്പെടുത്തിയ ഒരു ഗാനം ആണിത്.
‘ബ്രേക്കിംഗ് റസ്റ്റ്’ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട് അധികം വൈകാതെ 40,000 ഫോളോവേഴ്സിനെ നേടി. ഒപ്പം, പ്രതിമാസം 2 മില്യൺ സ്പോട്ടിഫൈ ശ്രോതാക്കളെയും! ‘ലിവിൻ ഓൺ ബോറോഡ് ടൈം’ ഉൾപ്പെടെയുള്ള അതിൻ്റെ ട്രാക്കുകൾക്ക് ലഭിച്ച ദശലക്ഷക്കണക്കിന് സ്ട്രീമുകൾ AI സംഗീതം യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു എന്നതിൻ്റെ തെളിവാണ്. AI-യുടെ ഈ മുന്നേറ്റം സംഗീതത്തിൻ്റെ ആത്മാവിനെ എവിടെയെത്തിക്കുമെന്നാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.
