ആവശ്യമുള്ളതും പ്രധാനപ്പെട്ടതുമായ ഇമെയിലുകൾ ഇൻബോക്സിന് പകരം ‘സ്പാം’ (Spam) ഫോൾഡറിലേക്ക് പോകുന്നത് ഗൂഗിൾ ഉപയോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഒരുതവണ ഒരു സെൻഡറെ (Sender) സുരക്ഷിതമെന്ന് അടയാളപ്പെടുത്തിയാൽ പോലും ചിലപ്പോൾ വീണ്ടും അവരുടെ സന്ദേശങ്ങൾ സ്പാം ഫോൾഡറിൽ തന്നെ എത്താറുണ്ട്. ഒരു ഇമെയിൽ സ്പാം ഫോൾഡറിൽ നിന്ന് ഉപയോക്താവ് നേരിട്ട് മാറ്റിയിട്ടില്ലെങ്കിലോ, അയച്ചയാളുടെ വിവരങ്ങൾ കോൺടാക്റ്റ് ലിസ്റ്റിൽ സേവ് ചെയ്തിട്ടില്ലെങ്കിലോ, ആവശ്യമായ ഫിൽട്ടറുകൾ ക്രമീകരിച്ചിട്ടില്ലെങ്കിലോ ഇങ്ങനെ സംഭവിക്കാമെന്നാണ് ഗൂഗിളിന്റെ ഔദ്യോഗിക പിന്തുണാ വിഭാഗം വ്യക്തമാക്കുന്നത്. ഇതിന് പരിഹാരമായി ഇമെയിലുകൾ സ്പാമിൽ നിന്ന് മാറ്റുക, വിശ്വസനീയമായ ഇമെയിൽ വിലാസങ്ങൾ ‘ഗൂഗിൾ കോൺടാക്റ്റ്സിൽ’ ചേർക്കുക, ഭാവിയിൽ വരുന്ന മെയിലുകൾ സ്പാമിലേക്ക് പോകാതിരിക്കാൻ ഫിൽട്ടറുകൾ ക്രമീകരിക്കുക എന്നീ വഴികളാണ് ഗൂഗിൾ നിർദ്ദേശിക്കുന്നത്.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സാങ്കേതിക നടപടികൾ താഴെ വിവരിക്കുന്നു:
കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്കായി (On Desktop)ഇമെയിലുകൾ സ്പാമിൽ നിന്ന് മാറ്റുക: കമ്പ്യൂട്ടറിൽ ജിമെയിൽ തുറന്ന ശേഷം ഇടതുവശത്തെ മെനുവിൽ ‘More’ ക്ലിക്ക് ചെയ്ത് ‘Spam’ സെലക്ട് ചെയ്യുക. ഇൻബോക്സിലേക്ക് മാറ്റേണ്ട ഇമെയിലിന് നേരെയുള്ള ബോക്സിൽ ടിക്ക് ചെയ്ത ശേഷം മുകളിൽ കാണുന്ന ‘Not spam’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇതോടെ ഭാവിയിൽ ആ വിലാസത്തിൽ നിന്ന് വരുന്ന മെയിലുകൾ ഇൻബോക്സിൽ തന്നെ ലഭ്യമാകും.
അയച്ചയാളെ കോൺടാക്റ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുക: ഗൂഗിൾ കോൺടാക്റ്റ്സ് (Google Contacts) പേജ് തുറന്ന് മുകളിൽ ഇടതുവശത്തുള്ള ‘Create contact’ ക്ലിക്ക് ചെയ്യുക. വ്യക്തിയുടെ വിവരങ്ങൾ നൽകിയ ശേഷം ‘Save’ രേഖപ്പെടുത്തുക.
പ്രത്യേക ഫിൽട്ടർ ക്രമീകരിക്കുക: ജിമെയിൽ സെർച്ച് ബാറിലുള്ള ‘Show search options’ ക്ലിക്ക് ചെയ്ത്, “From” എന്നതിന് നേരെ പ്രസ്തുത ഇമെയിൽ വിലാസം നൽകുക. തുടർന്ന് താഴെയുള്ള ‘Create filter’ ക്ലിക്ക് ചെയ്ത്, വരുന്ന ഓപ്ഷനുകളിൽ നിന്ന് “Never send it to Spam” എന്നത് സെലക്ട് ചെയ്ത് വീണ്ടും ‘Create filter’ നൽകുക.
സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി
1.സ്പാമിൽ നിന്ന് ഇമെയിൽ മാറ്റുക:ജിമെയിൽ ആപ്പ് വഴി.ഫോണിൽ ജിമെയിൽ ആപ്പ് തുറന്ന് ഇടതുവശത്തെ മെനുവിൽ നിന്ന് ‘Spam’ ഫോൾഡർ എടുക്കുക. മാറ്റേണ്ട ഇമെയിൽ തുറന്ന്, മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്ത് ‘Report not spam’ എന്നത് സെലക്ട് ചെയ്യുക.
2.കോൺടാക്റ്റ്സ് സേവ് ചെയ്യുക:കോൺടാക്റ്റ് ആപ്പ് വഴി.ഫോണിലെ കോൺടാക്റ്റ്സ് ആപ്പ് തുറന്ന് താഴെ വലതുവശത്തുള്ള ‘+’ ഐക്കണിൽ ടാപ്പ് ചെയ്യുക. അയക്കുന്നയാളുടെ പേരും ഇമെയിൽ വിലാസവും നൽകി ‘Save’ ചെയ്യുക. ആവശ്യമായവർക്ക് പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
3.ഫിൽട്ടർ ക്രമീകരിക്കുക:കമ്പ്യൂട്ടർ നിർബന്ധം.മൊബൈൽ ആപ്പുകളിൽ നേരിട്ട് ഫിൽട്ടർ ചെയ്യാനുള്ള സംവിധാനം ലഭ്യമല്ല. ഇതിനായി ഉപയോക്താക്കൾ കമ്പ്യൂട്ടറിൽ ജിമെയിൽ തുറന്ന് മുൻപ് പ്രതിപാദിച്ച ‘ഡെസ്ക്ടോപ്പ് ഫിൽട്ടർ’ രീതി തന്നെ പിന്തുടരേണ്ടതുണ്ട്.
സുരക്ഷാ മുന്നറിയിപ്പ്: പലപ്പോഴും ഗൂഗിളിൽ നിന്നെന്ന വ്യാജേന അടിയന്തര സുരക്ഷാ അറിയിപ്പുകൾ (Urgent Security Notifications) വരാറുണ്ട്. ഇവ ഉപയോക്താക്കളെ കെണിയിൽ വീഴ്ത്താനുള്ള ഹാക്കർമാരുടെ ശ്രമമാകാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക സന്ദേശങ്ങൾ ആണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം തുടർനടപടികൾ സ്വീകരിക്കുക.
