ഗൂഗിൾ സെർച്ചിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നുമായി ഗൂഗിൾ ഐ/ഓ (Google I/O 2026) സമ്മേളനത്തിൽ പുതിയ പ്രഖ്യാപനം. ഉപയോക്താക്കൾക്ക് തങ്ങൾക്ക് താല്പര്യമുള്ള വിഷയങ്ങൾ നിരന്തരം നിരീക്ഷിക്കാനും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും സഹായിക്കുന്ന പ്രത്യേക ‘AI ഏജന്റുകളെ’ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് ഗൂഗിൾ അവതരിപ്പിച്ചത്. കേവലം ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന രീതിയിൽ നിന്ന് മാറി, ഉപയോക്താക്കൾക്ക് വേണ്ടി പശ്ചാത്തലത്തിൽ നിരന്തരം പ്രവർത്തിക്കുന്ന ഒരു ‘ഏജന്റിക് AI’ സംവിധാനത്തിലേക്കാണ് ഗൂഗിൾ ചുവടുവെക്കുന്നത്.
എന്താണ് ഇൻഫർമേഷൻ ഏജന്റുകൾ?
നമ്മൾ സാധാരണയായി ഗൂഗിളിൽ തിരയുമ്പോൾ, നമ്മൾ നൽകുന്ന പ്രോംപ്റ്റിന് അനുസരിച്ച് ലിങ്കുകൾ നൽകുക മാത്രമാണ് ഗൂഗിൾ ചെയ്യുന്നത്. എന്നാൽ പുതിയ ഇൻഫർമേഷൻ ഏജന്റുകൾ നമ്മൾ ആവശ്യപ്പെടാതെ തന്നെ പശ്ചാത്തലത്തിൽ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കും. ഒരേ കാര്യം ദിവസവും സെർച്ച് ചെയ്ത് നോക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇത് സഹായിക്കും.
വെബ്സൈറ്റ് ലിങ്കുകളുടെ ഒരു വലിയ നിര നൽകുന്നതിന് പകരം, വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിക്കാനും, എന്തുകൊണ്ട് ഈ വിവരങ്ങൾ പ്രധാനപ്പെട്ടതാണെന്ന് വിശദീകരിക്കാനും, വ്യത്യസ്തമായ കാഴ്ചപ്പാടുകൾ താരതമ്യം ചെയ്യാനും ഈ ഏജന്റുകൾക്ക് സാധിക്കും. 2003-ൽ ഗൂഗിൾ തുടങ്ങിയ ‘ഗൂഗിൾ അലേർട്ട്സ്’ സംവിധാനത്തിന്റെ അടുത്ത തലമുറ രൂപമാണിത്.
എങ്ങനെ പ്രയോജനപ്പെടും?
ഓഹരി വിപണി: നിങ്ങൾക്ക് താല്പര്യമുള്ള കമ്പനികളെക്കുറിച്ചോ സാമ്പത്തിക പ്രവണതകളെക്കുറിച്ചോ ഒരു ഏജന്റിനെ ചുമതലപ്പെടുത്തിയാൽ, വിപണിയിലെ മാറ്റങ്ങളും വാർത്തകളും വരുമാന റിപ്പോർട്ടുകളും നിരന്തരം നിരീക്ഷിച്ച് പ്രധാന വിവരങ്ങൾ ഇത് തത്സമയം നിങ്ങളെ അറിയിക്കും.
ദൈനംദിന കാര്യങ്ങൾ: വിമാന ടിക്കറ്റ് നിരക്കുകൾ നിരീക്ഷിക്കുക, കായിക മത്സരങ്ങളുടെ ലൈവ് അപ്ഡേറ്റുകൾ, കാലാവസ്ഥ, ട്രാൻസ്പോർട്ട് വിവരങ്ങൾ, പുതിയ തൊഴിൽ അവസരങ്ങൾ എന്നിവയെല്ലാം ട്രാക്ക് ചെയ്യാൻ ഈ ഏജന്റുകളെ ഉപയോഗിക്കാം.
എങ്ങനെ ഉപയോഗിക്കാം?
ഗൂഗിൾ സെർച്ചിലെ ‘AI മോഡ്’ ഓപ്പൺ ചെയ്ത് നിങ്ങളുടെ ആവശ്യം കൃത്യമായി ടൈപ്പ് ചെയ്ത് നൽകിയാൽ മാത്രം മതി.
ഉദാഹരണത്തിന്: “Keep me updated on nearby movie tickets for ” എന്ന് നൽകി സിനിമയുടെ പേരും നൽകിയാൽ, അടുത്തുള്ള തിയേറ്ററുകളിൽ ആ സിനിമയുടെ ടിക്കറ്റുകൾ ലഭ്യമാകുന്ന നിമിഷം ഗൂഗിൾ ആപ്പ് നിങ്ങൾക്ക് പുഷ് നോട്ടിഫിക്കേഷൻ നൽകും. നിങ്ങളുടെ AI മോഡ് ഹിസ്റ്ററിയിൽ പോയി ഈ അലേർട്ടുകൾ പരിഷ്കരിക്കാനോ നിർത്തിവെക്കാനോ സാധിക്കും.
ഉടൻ തന്നെ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങും. ആദ്യ ഘട്ടത്തിൽ യു.എസിലെ ‘ഗൂഗിൾ AI പ്രോ’, ‘അൾട്രാ’ സബ്സ്ക്രൈബർമാർക്കാണ് ഇത് ലഭിക്കുക. തുടർന്ന് മറ്റ് വിപണികളിലേക്കും വ്യാപിപ്പിക്കും.
സെർച്ച് ബോക്സിലും വലിയ മാറ്റം
ഇൻഫർമേഷൻ ഏജന്റുകൾക്ക് പുറമെ, ഗൂഗിൾ സെർച്ചിന്റെ രൂപകൽപ്പനയിലും വൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗൂഗിളിന്റെ 25 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമായാണ് പുതിയ ‘ഇന്റലിജന്റ് സെർച്ച് ബോക്സ്’ വിശേഷിപ്പിക്കപ്പെടുന്നത്. വലിയ ചോദ്യങ്ങളും സംഭാഷണ രൂപത്തിലുള്ള സംശയങ്ങളും മനസ്സിലാക്കാൻ തക്ക രീതിയിലാണ് ഇത് റീഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ, പരമ്പരാഗത ഓട്ടോകംപ്ലീറ്റ് സംവിധാനത്തിന് പകരം കൂടുതൽ കൃത്യതയുള്ള AI അധിഷ്ഠിത സെർച്ച് നിർദ്ദേശങ്ങളും ഇനി മുതൽ ഉപയോക്താക്കൾക്ക് ലഭിക്കും.
