തലച്ചോറിന്റെ നിർദ്ദേശത്തിൽ ഡിജിറ്റൽ യാത്ര

ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട്, ചിന്തകൾ മാത്രം ഉപയോഗിച്ച് സങ്കീർണ്ണമായ വെർച്വൽ ലോകങ്ങളിലൂടെ വിജയകരമായി സഞ്ചരിച്ച് കുരങ്ങുകൾ. ശരീരം തളർന്നുപോയവർക്ക് വെർച്വൽ ലോകങ്ങൾ പര്യവേക്ഷണം ചെയ്യാനോ, തങ്ങളുടെ വീൽചെയറുകൾ കൂടുതൽ കൃത്യതയോടെയും അനായാസമായും നിയന്ത്രിക്കാനോ ഈ സാങ്കേതികവിദ്യ ഭാവിയിൽ കരുത്തേകും. പരീക്ഷണത്തിന്റെ ഭാഗമായി മൂന്ന് റീസസ് മകാക് കുരങ്ങുകളുടെ തലച്ചോറിലാണ് ബി.സി.ഐ (Brain-Computer Interface) ചിപ്പുകൾ ഘടിപ്പിച്ചത്.

ഓരോ കുരങ്ങിന്റെയും തലച്ചോറിൽ 96 ഇലക്ട്രോഡുകൾ വീതമുള്ള മൂന്ന് ഇംപ്ലാന്റുകൾ സ്ഥാപിച്ചു. സാധാരണയായി ചലനങ്ങളെ നിയന്ത്രിക്കുന്ന പ്രൈമറി മോട്ടോർ കോർട്ടക്സിലാണ് ഇത്തരം പരീക്ഷണങ്ങൾ നടക്കാറുള്ളതെങ്കിലും, ഇത്തവണ ചലനങ്ങൾ ആസൂത്രണം ചെയ്യുന്ന തലച്ചോറിലെ കൂടുതൽ സങ്കീർണ്ണമായ മറ്റ് രണ്ട് ഭാഗങ്ങളിൽ കൂടി ചിപ്പുകൾ സ്ഥാപിച്ചു എന്നത് ഈ ഗവേഷണത്തെ വ്യത്യസ്തമാക്കുന്നു. കുരങ്ങുകൾ 3D മോണിറ്ററിലെ വെർച്വൽ ദൃശ്യങ്ങൾ നോക്കിയിരിക്കുമ്പോൾ, അവരുടെ തലച്ചോറിൽ നിന്നുണ്ടാകുന്ന വൈദ്യുത സിഗ്നലുകളെ ഒരു എഐ (AI) മാതൃക തത്സമയം വിശകലനം ചെയ്യുകയും അത് ഉപയോഗിച്ച് വെർച്വൽ അവതാറുകളെ നിയന്ത്രിക്കുകയും ചെയ്തു.

യാതൊരു ശാരീരിക ചലനവും കൂടാതെ തന്നെ ഡിജിറ്റൽ ലോകത്തെ തടസ്സങ്ങൾ ഒഴിവാക്കാനും കൃത്യമായ ലക്ഷ്യസ്ഥാനത്ത് എത്താനും കുരങ്ങുകൾക്ക് സാധിച്ചു. മനുഷ്യരിൽ നിലവിലുള്ള സമാനമായ സാങ്കേതികവിദ്യകളേക്കാൾ കൂടുതൽ ലളിതമായും വേഗത്തിലും ഈ രീതി ഉപയോഗിക്കാൻ കഴിയുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. എ.എൽ.എസ് (ALS) പോലുള്ള രോഗങ്ങൾ ബാധിച്ചവർക്കായി വരും വർഷങ്ങളിൽ മനുഷ്യരിലെ പരീക്ഷണങ്ങൾ ആരംഭിക്കാനാണ് ഗവേഷക സംഘം ലക്ഷ്യമിടുന്നത്.

About The Author