തലവേദനയുണ്ടാക്കുന്ന ആ ടാബുകൾക്ക് ഗൂഗിൾ വിട നൽകുന്നു!

നമ്മളിൽ പലർക്കും ബ്രൗസറിൽ പത്തോ ഇരുപതോ ടാബുകൾ ഒരേസമയം തുറന്നിടുന്ന ശീലമുണ്ടാകും. കുറച്ചു കഴിയുമ്പോൾ ഏതാണ് ഏത് എന്ന് പോലും മനസ്സിലാകാത്ത വിധം ടാബുകൾ ചെറുതായി വരുന്നത് വലിയൊരു തലവേദന തന്നെയാണ്. എന്നാൽ ഈ പ്രശ്നത്തിന് ഗൂഗിൾ ക്രോം ഇപ്പോൾ ഒരു കിടിലൻ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ഇനി മുതൽ ടാബുകൾ ബ്രൗസറിന് മുകളിൽ മാത്രമല്ല, വശങ്ങളിലും അടുക്കിവെക്കാം. ‘വെർട്ടിക്കൽ ടാബ്സ്’ (Vertical Tabs) എന്ന ഈ പുതിയ ഫീച്ചർ ക്രോമിലേക്ക് എത്തുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ടെക് ലോകം ഏറ്റെടുത്തിരിക്കുന്നത്.

ആർക്ക് ബ്രൗസർ (Arc Browser) പോലുള്ള പുതിയ കാലത്തെ ബ്രൗസറുകൾ ഈ ഫീച്ചറിലൂടെ വലിയ ജനപ്രീതി നേടിയിരുന്നു. ഈ ഒരു വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് ഗൂഗിളും ഇപ്പോൾ തങ്ങളുടെ ശൈലി മാറ്റുന്നത്. വശങ്ങളിൽ ടാബുകൾ വരുന്നതോടെ വെബ്‌പേജിന്‍റെ തലക്കെട്ട് പൂർണ്ണമായി വായിക്കാനും നമുക്ക് ആവശ്യമുള്ള ടാബ് പെട്ടെന്ന് കണ്ടെത്താനും സാധിക്കും. ഉപയോഗിക്കാൻ വളരെ എളുപ്പമാണ്; ക്രോം വിൻഡോയിൽ ജസ്റ്റ് ഒന്ന് റൈറ്റ് ക്ലിക്ക് ചെയ്ത് “Show Tabs Vertically” കൊടുത്താൽ മാത്രം മതി.

വായന ഇഷ്ടപ്പെടുന്നവർക്കായി മറ്റൊരു അടിപൊളി മാറ്റം കൂടി ഗൂഗിൾ കൊണ്ടുവന്നിട്ടുണ്ട്. വെബ്‌സൈറ്റുകളിലെ പരസ്യങ്ങളും പോപ്പ്-അപ്പുകളും കാരണം സമാധാനമായി ഒരു ലേഖനം വായിക്കാൻ പറ്റാത്ത അവസ്ഥയാണല്ലോ ഇപ്പോൾ. ഇതിന് പരിഹാരമായിട്ടാണ് പരിഷ്കരിച്ച ‘റീഡിംഗ് മോഡ്’ വരുന്നത്. പേജിലെ അനാവശ്യ ബഹളങ്ങളെല്ലാം ഒഴിവാക്കി വായനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്ന ഒരു ഫുൾ-പേജ് ഡിസൈനാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.

സത്യത്തിൽ പത്ത് വർഷം മുൻപ് ഗൂഗിൾ ഈ വെർട്ടിക്കൽ ടാബ് പരീക്ഷിച്ചിരുന്നെങ്കിലും അന്ന് വേണ്ടത്ര വിജയിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ജെമിനി എഐ (Gemini AI) പോലുള്ള അത്യാധുനിക ഫീച്ചറുകൾക്കൊപ്പം ക്രോമിനെ കൂടുതൽ സ്മാർട്ടാക്കാനാണ് കമ്പനിയുടെ നീക്കം. വരും ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കളിലേക്കും ഈ അപ്‌ഡേറ്റ് എത്തും. ചുരുക്കത്തിൽ, കൂടുതൽ വേഗത്തിലും വ്യക്തതയോടെയും ഇന്‍റർനെറ്റ് ഉപയോഗിക്കാൻ ഇനി ക്രോം നമ്മളെ സഹായിക്കും.

About The Author