മൈക്രോസോഫ്റ്റ് കോപൈലറ്റ് ഇനി മുതൽ വെറും വിനോദത്തിന് മാത്രം

ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് തങ്ങളുടെ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സേവനമായ കോപൈലറ്റിന്‍റെ ഉപയോഗ നിബന്ധനകളിൽ വരുത്തിയ മാറ്റം വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. കോപൈലറ്റ് കേവലം വിനോദ ആവശ്യങ്ങൾക്കായി മാത്രം (Entertainment purposes only) ഉദ്ദേശിച്ചുള്ളതാണെന്നും ഉപഭോക്താക്കൾ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രമേ ഇത് ഉപയോഗിക്കാവൂ എന്നുമാണ് കമ്പനിയുടെ പുതിയ ഔദ്യോഗിക നിലപാട്. ലോകമെമ്പാടുമുള്ള പ്രൊഫഷണലുകൾ ഓഫീസ് ജോലികൾക്കായി ഈ എഐ സേവനത്തെ വൻതോതിൽ ആശ്രയിക്കുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായ ഈ നീക്കം.

മൈക്രോസോഫ്റ്റ് 365 പാക്കേജിന്‍റെ ഭാഗമായി എക്സൽ, പവർപോയിന്‍റ് തുടങ്ങിയ ആപ്പുകളിൽ ജോലി വേഗത്തിലാക്കാൻ സഹായിക്കുന്ന ഒന്നായിട്ടാണ് കോപൈലറ്റ് വിപണിയിൽ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ പുതിയ നിബന്ധനകൾ പ്രകാരം, കോപൈലറ്റ് നൽകുന്ന വിവരങ്ങളുടെ കൃത്യതയിലോ വിശ്വാസ്യതയിലോ കമ്പനി യാതൊരു ഉറപ്പും നൽകുന്നില്ല. എഐ തെറ്റായ വിവരങ്ങൾ നൽകുന്നതുമൂലം (Hallucinations) ഉണ്ടാകാവുന്ന നിയമപരമായ ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് മൈക്രോസോഫ്റ്റ് ഇത്തരം ഒരു മാറ്റം കൊണ്ടുവന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബിസിനസ് ആവശ്യങ്ങൾക്കായി വലിയ തുക ഈടാക്കി നൽകുന്ന ഒരു ടൂളിനെ ‘വിനോദ ഉപാധി’ എന്ന് വിശേഷിപ്പിക്കുന്നത് ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. കോപൈലറ്റ് നൽകുന്ന ഡാറ്റ പരിശോധനകളില്ലാതെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് കമ്പനി ഇതിലൂടെ വ്യക്തമാക്കുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുടെ പരിമിതികൾ നിലനിൽക്കുന്നതിനാൽ, ഡിജിറ്റൽ ലോകത്തെ പുതിയ മാറ്റങ്ങളെ കരുതലോടെ സമീപിക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയായി ഈ റിപ്പോർട്ട് മാറുന്നു.

About The Author