സോഷ്യൽ മീഡിയ ഭീമനായ മെറ്റ ഇൻസ്റ്റാഗ്രാമിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിടുന്നു. സാധാരണ ഉപഭോക്താക്കൾക്കായി സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ‘ഇൻസ്റ്റാഗ്രാം പ്ലസ്’ എന്ന പ്രീമിയം പ്ലാനാണ് കമ്പനി ഇപ്പോൾ പരീക്ഷിക്കുന്നത്. നിലവിൽ മെക്സിക്കോ, ജപ്പാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ ലഭ്യമായി തുടങ്ങിയ ഈ സേവനം, ആപ്പിന്റെ ഉപയോഗത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണവും സ്വകാര്യതയും വാഗ്ദാനം ചെയ്യുന്നു. ടെക് ലോകത്തെ പ്രമുഖ മാധ്യമമായ ടെക് ക്രഞ്ച് ആണ് ഈ വാർത്ത പുറത്തുവിട്ടത്.
ഇൻസ്റ്റാഗ്രാം പ്ലസിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത മറ്റൊരാളുടെ സ്റ്റോറി അവർ അറിയാതെ തന്നെ കാണാൻ സാധിക്കുമെന്നതാണ്. സാധാരണയായി ഒരാൾ സ്റ്റോറി കണ്ടാൽ അത് പോസ്റ്റ് ചെയ്ത വ്യക്തിക്ക് ‘സീൻ’ ലിസ്റ്റിലൂടെ മനസ്സിലാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ പുതിയ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് പൂർണ്ണമായ അജ്ഞാതത്വം ഉറപ്പാക്കാം. ഇതിനുപുറമെ സ്വന്തം സ്റ്റോറികൾ എത്രപേർ വീണ്ടും വീണ്ടും കാണുന്നു എന്ന് അറിയാനുള്ള ‘റീവാച്ച് കൗണ്ട്’ ഫീച്ചറും സബ്സ്ക്രിപ്ഷന്റെ ഭാഗമായി ലഭിക്കും.
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും മുൻഗണന നൽകുന്ന ഇൻസ്റ്റാഗ്രാം പ്ലസിൽ ഒന്നിലധികം ഓഡിയൻസ് ലിസ്റ്റുകൾ നിർമ്മിക്കാനുള്ള സൗകര്യമുണ്ട്. നിലവിലുള്ള ‘ക്ലോസ് ഫ്രണ്ട്‌സ്’ എന്ന ഒരൊറ്റ വിഭാഗത്തിന് പകരം, വ്യത്യസ്ത ഗ്രൂപ്പുകൾ ഉണ്ടാക്കി ഓരോ സ്റ്റോറിയും ആർക്കൊക്കെ കാണാം എന്ന് ഉപഭോക്താവിന് തീരുമാനിക്കാം. കൂടാതെ സ്റ്റോറികളുടെ കാലാവധി 24 മണിക്കൂറിൽ നിന്നും 48 മണിക്കൂറായി ഉയർത്താനും ആഴ്ചയിലൊരിക്കൽ ഒരു സ്റ്റോറിക്ക് പ്രത്യേക റീച്ച് നൽകുന്ന ‘സ്പോട്ട്‌ലൈറ്റ്’ ഫീച്ചർ ഉപയോഗിക്കാനും സാധിക്കും. സ്റ്റോറി വ്യൂവേഴ്‌സ് ലിസ്റ്റിൽ സെർച്ച് ഓപ്ഷൻ, പുതിയ ‘സൂപ്പർ ലൈക്’ റിയാക്ഷൻ എന്നിവയും ഈ പാക്കേജിലുണ്ട്.
നിലവിലുള്ള ‘മെറ്റാ വെരിഫൈഡ്’ പ്ലാനിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇൻസ്റ്റാഗ്രാം പ്ലസ്. വെരിഫിക്കേഷൻ ബാഡ്ജും ക്രിയേറ്റർമാർക്കുള്ള സൗകര്യങ്ങളുമാണ് മെറ്റാ വെരിഫൈഡ് നൽകുന്നതെങ്കിൽ, സാധാരണ ഉപഭോക്താക്കളുടെ ദൈനംദിന ഉപയോഗം കൂടുതൽ മെച്ചപ്പെടുത്താനാണ് ഇൻസ്റ്റാഗ്രാം പ്ലസ് ലക്ഷ്യമിടുന്നത്. ഈ പരീക്ഷണം വിജയിക്കുന്ന മുറയ്ക്ക് ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് മെറ്റയുടെ തീരുമാനം.
