സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ പ്രിയപ്പെട്ട സാംസങ് ബ്രൗസർ ഇനി വിൻഡോസ് കമ്പ്യൂട്ടറുകളിലും ലഭ്യമാകും. ഫോണിൽ സെർച്ച് ചെയ്തുകൊണ്ടിരിക്കുന്ന വെബ് പേജുകൾ അതേപടി കമ്പ്യൂട്ടറിലും തുടർന്ന് വായിക്കാൻ സഹായിക്കുന്ന ‘കണ്ടിന്യൂറ്റി ബ്രൗസിംഗ്’ (Continuity browsing) എന്ന സവിശേഷതയുമായാണ് പുതിയ വേർഷൻ എത്തിയിരിക്കുന്നത്. ബുക്ക്മാർക്കുകളും ഹിസ്റ്ററിയും സിങ്ക് ചെയ്യുന്നതിന് പുറമെ സാംസങ് പാസ് വഴിയുള്ള ഓട്ടോഫിൽ സൗകര്യവും കമ്പ്യൂട്ടറുകളിൽ തടസ്സമില്ലാതെ ഉപയോഗിക്കാൻ സാധിക്കും.
ഇതിലെ ഏറ്റവും ആകർഷകമായ ഘടകം പേർപ്ലെക്സിറ്റിയുടെ (Perplexity) കരുത്തിൽ പ്രവർത്തിക്കുന്ന പുതിയ എഐ അസിസ്റ്റന്റാണ്. വെബ് പേജുകളിലെ ഉള്ളടക്കം മനസ്സിലാക്കി ഉത്തരം നൽകാൻ ഈ എഐക്ക് പ്രത്യേക കഴിവുണ്ട്. ഉദാഹരണത്തിന് ഒരു യാത്രാ വിവരണ പേജ് തുറന്നിരിക്കുകയാണെങ്കിൽ അതിലെ വിവരങ്ങൾ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ ഒരു യാത്രാ പ്ലാൻ തയ്യാറാക്കി നൽകാൻ ഈ അസിസ്റ്റന്റിനോട് ആവശ്യപ്പെടാം. വീഡിയോ ഉള്ളടക്കങ്ങൾ വിശകലനം ചെയ്യാനും അതിൽ നിങ്ങൾ തിരയുന്ന ഭാഗം കൃത്യമായി കണ്ടെത്തി നൽകാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
സാംസങ് ബ്രൗസറിലെ ഹിസ്റ്ററി സെർച്ച് ചെയ്യുന്ന രീതിയിലും വലിയ മാറ്റങ്ങളാണ് വരുന്നത്. പഴയതുപോലെ തീയതി നോക്കി തിരയുന്നതിന് പകരം “കഴിഞ്ഞ ആഴ്ച ഞാൻ നോക്കിയ സ്മാർട്ട് വാച്ച് ഏതാണ്?” എന്ന് ചോദിച്ചാൽ എഐ അത് കണ്ടെത്തി നൽകും. കൂടാതെ വ്യത്യസ്ത ടാബുകളിലായി തുറന്നു വെച്ചിരിക്കുന്ന ഉൽപ്പന്നങ്ങളുടെ വിലയും സവിശേഷതകളും ഒരേസമയം താരതമ്യം ചെയ്യാനും ഈ എഐ അസിസ്റ്റന്റിന് കഴിയും. നിലവിൽ വിൻഡോസ് 10, 11 പതിപ്പുകളിൽ ലഭ്യമായ ഈ ബ്രൗസറിലെ എഐ ഫീച്ചറുകൾ ദക്ഷിണ കൊറിയയിലും അമേരിക്കയിലുമാണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് ഈ സേവനം ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
