ഡീപ്സീക്കിന് പിന്നാലെ വിപണി കീഴടക്കാൻ ‘മാനസ്’ AI

നിമിഷംപ്രതി മാറിക്കൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ലോകത്ത് ചൈനയിൽ നിന്നുള്ള മറ്റൊരു വിസ്മയം കൂടി ഇപ്പോൾ ആഗോള ശ്രദ്ധ നേടുകയാണ്. ‘ഡീപ്സീക്’ സൃഷ്ടിച്ച വലിയ തരംഗത്തിന് തൊട്ടുപിന്നാലെയാണ് ‘മാനസ്’ (Manus) എന്ന പുതിയ AI ടൂൾ സാങ്കേതിക വിദ്യാരംഗത്ത് ചർച്ചയാകുന്നത്. കേവലം ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ഒരു ചാറ്റ്ബോട്ട് എന്നതിലുപരി, ഉപയോക്താക്കൾക്കായി സങ്കീർണ്ണമായ ജോലികൾ സ്വയം ചെയ്ത് തീർക്കാൻ ശേഷിയുള്ള ഒരു ‘AI ഏജന്‍റ്’ ആയാണ് മാനസ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ചൈനീസ് സ്റ്റാർട്ടപ്പായ ‘ബട്ടർഫ്ലൈ ഇഫക്റ്റ്’ വികസിപ്പിച്ചെടുത്ത ഈ ടൂൾ, മനസ്സും കൈകളും എന്നർത്ഥം വരുന്ന ‘മെൻസ് എറ്റ് മാനസ്’ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് പേര് സ്വീകരിച്ചിരിക്കുന്നത്. മനുഷ്യന്‍റെ ചിന്താശേഷിയും പ്രവൃത്തിയും ഒരുപോലെ ഏകോപിപ്പിക്കുക എന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധത്തിലെ പുതിയ യുഗമാണിതെന്ന് കമ്പനി സഹസ്ഥാപകൻ യിചാവോ പീക്ക് വിശേഷിപ്പിച്ചു.

നിലവിൽ പ്രചാരത്തിലുള്ള ചാറ്റ് ജിപിടി, ഡീപ്സീക് തുടങ്ങിയ ടൂളുകളിൽ നിന്ന് വ്യത്യസ്തമായി ഒരു ഓട്ടോണമസ് ഏജന്‍റായാണ് മാനസ് പ്രവർത്തിക്കുന്നത്. അതായത്, ഒരു നിർദ്ദേശം നൽകിയാൽ അത് പൂർത്തിയാക്കാൻ ആവശ്യമായ ഘട്ടങ്ങൾ മാനസ് സ്വയം കണ്ടെത്തി നടപ്പിലാക്കും. ഓഹരി വിപണിയിലെ ചലനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വിശകലനം ചെയ്യാനും, യാത്രകൾക്കുള്ള ടിക്കറ്റുകൾ സ്വയം ബുക്ക് ചെയ്യാനും, ആയിരക്കണക്കിന് അപേക്ഷകളിൽ നിന്ന് അനുയോജ്യമായ റസ്യൂമെകൾ ഫിൽട്ടർ ചെയ്യാനും ഇതിന് സാധിക്കും. കൂടാതെ ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള പേഴ്സണൽ ഗൈഡ്‌ബുക്കുകൾ തയ്യാറാക്കാനും മാനസ് അതീവ വേഗതയിൽ പ്രവർത്തിക്കുന്നു.

നിലവിൽ ഇൻവൈറ്റ് അടിസ്ഥാനത്തിൽ മാത്രം ലഭ്യമായ ഈ ടൂളിന് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകൾ ഇതിൽ താൽപ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്ത് ആഗോളാടിസ്ഥാനത്തിൽ മുൻതൂക്കം നേടാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് മാനസ് വലിയ കരുത്ത് പകരുമെന്നാണ് വിദേശ ഗവേഷകർ ഉൾപ്പെടെയുള്ളവർ വിലയിരുത്തുന്നത്.

About The Author