ലോകമെമ്പാടുമുള്ള ഡാറ്റാ സെന്ററുകൾ വൻതോതിൽ ഊർജ്ജം ഉപയോഗിക്കുന്നതും കമ്പ്യൂട്ടർ ചിപ്പുകൾക്ക് വലിയ ഡിമാൻഡ് നേരിടുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിനൊരു വിപ്ലവകരമായ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ സ്റ്റാർട്ടപ്പായ കോർട്ടിക്കൽ ലാബ്സ്. സാധാരണ സിലിക്കൺ ചിപ്പുകൾക്ക് പകരം ജീവനുള്ള മസ്തിഷ്ക കോശങ്ങൾ അഥവാ ന്യൂറോണുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന രണ്ട് “ബയോളജിക്കൽ” ഡാറ്റാ സെന്ററുകൾ മെൽബണിലും സിംഗപ്പൂരിലും നിർമ്മിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
ബയോളജിക്കൽ കമ്പ്യൂട്ടറുകൾ വികസിപ്പിക്കുന്ന ലോകത്തിലെ ചുരുക്കം ചില കമ്പനികളിലൊന്നാണ് കോർട്ടിക്കൽ ലാബ്സ്. മൈക്രോഇലക്ട്രോഡ് അറേകളുമായി ഘടിപ്പിച്ചിട്ടുള്ള ന്യൂറോണുകൾക്ക് ഡാറ്റ നൽകുകയും അവയുടെ പ്രതികരണങ്ങൾ അളക്കുകയും ചെയ്യുന്ന രീതിയിലാണ് ഇവയുടെ പ്രവർത്തനം. കുറഞ്ഞ ഊർജ്ജം മാത്രം ഉപയോഗിച്ച് സങ്കീർണ്ണമായ കാര്യങ്ങൾ ചെയ്യാൻ ഇവയ്ക്ക് സാധിക്കും. തങ്ങളുടെ ഏറ്റവും പുതിയ കമ്പ്യൂട്ടറായ CL1 വെറും ഒരാഴ്ചയ്ക്കുള്ളിൽ ‘Doom’ എന്ന വീഡിയോ ഗെയിം കളിക്കാൻ പഠിച്ചതായി കമ്പനി അടുത്തിടെ തെളിയിച്ചിരുന്നു. ഇതിനുമുമ്പ് ‘Pong’ എന്ന ഗെയിമും ഈ ചിപ്പുകൾ വിജയകരമായി കളിച്ചിട്ടുണ്ട്. സിലിക്കൺ ചിപ്പുകളുടെ പരിമിതികൾ മറികടക്കാൻ ഇത്തരം ബയോ-ചിപ്പുകൾക്ക് സാധിക്കുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.
