ഡെവലപ്പർമാരുടെ പണി എളുപ്പമാക്കാൻ ഗൂഗിൾ: അതിവേഗ ‘ജെമിനി 3.1 ഫ്ലാഷ്-ലൈറ്റ്’ പുറത്തിറക്കി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ എഐ മോഡലായ ‘ജെമിനി 3.1 ഫ്ലാഷ്-ലൈറ്റ്’ അവതരിപ്പിച്ചു. ഡെവലപ്പർമാരുടെ ജോലിഭാരം കുറയ്ക്കാനും സങ്കീർണ്ണമായ ഡാറ്റാ കൈകാര്യം ചെയ്യാനും സഹായിക്കുന്ന ഈ മോഡൽ ജെമിനി 3 സീരീസിലെ ഏറ്റവും വേഗതയേറിയതും ചിലവ് കുറഞ്ഞതുമായ പതിപ്പായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജെമിനി 2.5 ഫ്ലാഷ് മോഡലിന്റെ പരിഷ്കരിച്ച പതിപ്പായ ഇത് മാർച്ച് 3 മുതൽ ഗൂഗിൾ എഐ സ്റ്റുഡിയോ, വെർട്ടെക്സ് എഐ എന്നീ പ്ലാറ്റ്‌ഫോമുകളിൽ ഡെവലപ്പർമാർക്കായി ലഭ്യമായിത്തുടങ്ങി. മുൻഗാമിയേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ പുതിയ മോഡൽ ചോദ്യങ്ങൾക്ക് ആദ്യത്തെ മറുപടി നൽകാനുള്ള സമയം 2.5 മടങ്ങ് വർദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള ഔട്ട്‌പുട്ട് വേഗതയിൽ 45 ശതമാനത്തിന്റെ വർദ്ധനവ് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. 10 ലക്ഷം ഇൻപുട്ട് ടോക്കണുകൾക്ക് വെറും 0.25 ഡോളർ മാത്രം ഈടാക്കുന്ന ഈ സംവിധാനം വലിയ പ്രോജക്ടുകൾ ചെയ്യുന്ന ഡെവലപ്പർമാർക്ക് വലിയ സാമ്പത്തിക ലാഭം നൽകും.


വെറുമൊരു വേഗതയേറിയ മോഡൽ എന്നതിലുപരി മികച്ച രീതിയിലുള്ള യുക്തിചിന്തയും മൾട്ടിമോഡൽ ധാരണയും പ്രകടിപ്പിക്കുന്നു എന്നതാണ് ജെമിനി 3.1 ഫ്ലാഷ്-ലൈറ്റിന്റെ പ്രധാന ഗുണം. സങ്കീർണ്ണമായ ഡാറ്റാ സെറ്റുകൾ വിശകലനം ചെയ്യാനും ഡെവലപ്പർമാരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും ഇതിന് സാധിക്കും. ആഴത്തിലുള്ള ചിന്താശേഷി ആവശ്യമുള്ള ജോലികൾക്കായി ഈ എഐ മോഡലിനെ പ്രത്യേകം ക്രമീകരിക്കാൻ സാധിക്കുമെന്നത് ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നവർക്ക് വലിയ ഉപകാരപ്പെടും. യൂസർ ഇന്റർഫേസ് നിർമ്മാണം, സങ്കീർണ്ണമായ സിമുലേഷനുകൾ സൃഷ്ടിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഈ മോഡൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. Arena.ai ലീഡർബോർഡിൽ 1,432 എന്ന ഉയർന്ന സ്കോർ നേടിയതിലൂടെ തന്നെ ഈ മോഡലിന്റെ കാര്യക്ഷമത ലോകത്തിന് മുന്നിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. ലാറ്റിറ്റ്യൂഡ്, കാർട്ട്‌വീൽ തുടങ്ങിയ പ്രമുഖ കമ്പനികൾ ഇതിനകം തന്നെ ഈ മോഡൽ പരീക്ഷിച്ച് മികച്ച പ്രതികരണമാണ് നൽകിയിട്ടുള്ളത്. സാധാരണ ഉപയോക്താക്കൾക്കായി ഗൂഗിൾ സെർച്ചിനൊപ്പം ജെമിനി 3 ഫ്ലാഷ് ലഭ്യമാണെങ്കിലും, പ്രൊഫഷണൽ ആവശ്യങ്ങൾക്കായി കൂടുതൽ കരുത്തുറ്റതും കാര്യക്ഷമവുമായ മോഡലായാണ് 3.1 ഫ്ലാഷ്-ലൈറ്റ് ഇപ്പോൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

About The Author