മനസ്സ് വായിക്കുന്ന എഐ

ശാസ്ത്രലോകത്തെ അമ്പരപ്പിച്ചുകൊണ്ട് മനുഷ്യന്റെ ആന്തരിക ചിന്തകളെ തത്സമയം വാചകങ്ങളാക്കി മാറ്റുന്ന സാങ്കേതികവിദ്യ ഗവേഷകർ വികസിപ്പിച്ചെടുത്തു. 19 വർഷങ്ങൾക്ക് മുമ്പ് പക്ഷാഘാതം വന്ന് സംസാരശേഷി പൂർണ്ണമായും നഷ്ടപ്പെട്ട 52 വയസ്സുകാരിയുടെ ചിന്തകൾ കമ്പ്യൂട്ടർ സ്ക്രീനിൽ തെളിഞ്ഞതോടെയാണ് “മൈൻഡ് റീഡിംഗ്” എന്ന സങ്കല്പം യാഥാർത്ഥ്യത്തിലേക്ക് അടുത്തത്. സ്റ്റാൻഫോർഡ് സർവകലാശാലയിലെയും യുസി ഡേവിസിലെയും ശാസ്ത്രജ്ഞർ സംയുക്തമായി നടത്തിയ ഈ പരീക്ഷണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് നിർണ്ണായക പങ്കുവഹിച്ചത്.

തലച്ചോറിലെ ന്യൂറോണുകളിൽ നിന്നുള്ള വൈദ്യുത സിഗ്നലുകളെ തിരിച്ചറിയാൻ കഴിയുന്ന അതിസൂക്ഷ്മമായ ഇലക്ട്രോഡുകൾ ശസ്ത്രക്രിയയിലൂടെ തലയോട്ടിനുള്ളിൽ ഘടിപ്പിച്ചാണ് ഈ വിദ്യ പ്രവർത്തിക്കുന്നത്. ഒരാൾ ഒരു വാക്ക് ഉച്ചരിക്കാൻ ആഗ്രഹിക്കുമ്പോൾ തലച്ചോറിലുണ്ടാകുന്ന പ്രത്യേക തരംഗങ്ങളെ AI അൽഗോരിതങ്ങൾ വിശകലനം ചെയ്യുകയും അവയെ അക്ഷരങ്ങളോ വാക്കുകളോ ആയി മാറ്റുകയും ചെയ്യുന്നു. മുൻപ് ഇത്തരത്തിൽ മിനിറ്റിൽ വളരെ കുറഞ്ഞ വാക്കുകൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെങ്കിൽ, പുതിയ സാങ്കേതികവിദ്യയിലൂടെ മിനിറ്റിൽ 32 വാക്കുകൾ വരെ 97.5 ശതമാനം കൃത്യതയോടെ സ്ക്രീനിൽ എത്തിക്കാൻ സാധിച്ചു. ഇത് സാധാരണ മനുഷ്യസംസാരത്തിന്റെ വേഗതയോട് കൂടുതൽ അടുക്കുന്ന നേട്ടമാണ്.

വാക്കുകൾക്ക് പുറമെ സംസാരത്തിലെ വികാരങ്ങളും ഭാവങ്ങളും തിരിച്ചറിയാൻ സാധിച്ചു എന്നതാണ് ഈ മുന്നേറ്റത്തിന്റെ മറ്റൊരു പ്രത്യേകത. ഒരാൾ സംസാരിക്കുമ്പോൾ നൽകുന്ന ഊന്നൽ, ശബ്ദത്തിന്റെ പിച്ച്, സംസാരത്തിലെ താളം എന്നിവയും തിരിച്ചറിയാൻ യുസി ഡേവിസിലെ ഗവേഷകർക്ക് കഴിഞ്ഞു. ഇത് രോഗികൾക്ക് വെറും യന്ത്രശബ്ദത്തിന് പകരം സ്വന്തം വ്യക്തിത്വം വെളിവാക്കുന്ന രീതിയിൽ ആശയവിനിമയം നടത്താൻ സഹായിക്കും. എൽഎസ് (ALS) പോലുള്ള നാഡീരോഗങ്ങൾ ബാധിച്ച് ശരീരം തളർന്നുപോയവർക്ക് ഈ സാങ്കേതികവിദ്യ വലിയൊരു അനുഗ്രഹമായി മാറും.


ജപ്പാനിലെ നഗോയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള ഗവേഷകർ ഇതിനോടൊപ്പം തന്നെ “മൈൻഡ് ക്യാപ്ഷനിംഗ്” എന്ന വിദ്യയും അവതരിപ്പിച്ചു. ഒരാൾ കാണുന്നതോ അല്ലെങ്കിൽ മനസ്സിൽ വിചാരിക്കുന്നതോ ആയ കാര്യങ്ങളെ ചിത്രങ്ങളായി മാറ്റാൻ ഇതിലൂടെ സാധിക്കും. സ്റ്റേബിൾ ഡിഫ്യൂഷൻ പോലുള്ള അത്യാധുനിക AI ടൂളുകൾ ഉപയോഗിച്ചാണ് തലച്ചോറിലെ ദൃശ്യവിവരങ്ങൾ ചിത്രങ്ങളായി പുനർനിർമ്മിക്കുന്നത്. ഭാവിയിൽ സ്വപ്നങ്ങളെ പോലും ഇത്തരത്തിൽ ദൃശ്യവൽക്കരിക്കാൻ സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
നിലവിൽ ഈ സാങ്കേതികവിദ്യ പരീക്ഷണശാലകളിൽ മാത്രമാണ് ഉള്ളതെങ്കിലും, ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് പോലുള്ള കമ്പനികൾ ഇത് വാണിജ്യപരമായി പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. വരും വർഷങ്ങളിൽ ശസ്ത്രക്രിയയില്ലാത്ത രീതിയിലോ അല്ലെങ്കിൽ കൂടുതൽ ലളിതമായ രീതിയിലോ ഈ ഉപകരണം ലഭ്യമാകുന്നതോടെ മനുഷ്യർ തമ്മിലുള്ള ആശയവിനിമയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കും. എന്നാൽ, ഒരാളുടെ സ്വകാര്യ ചിന്തകളിലേക്ക് കടന്നുകയറുന്ന ഈ സാങ്കേതികവിദ്യയുടെ സുരക്ഷയും ധാർമ്മികതയും വരും കാലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.

About The Author