വാട്സ്ആപ്പ് വെബിൽ ഇനി നേരിട്ട് വീഡിയോ കോൾ ചെയ്യാം; പുതിയ അപ്‌ഡേറ്റുമായി മെറ്റ

ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ തന്നെ ബ്രൗസറിൽ നിന്ന് നേരിട്ട് വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാനുള്ള സൗകര്യം വാട്സ്ആപ്പ് വെബിൽ അവതരിപ്പിച്ചു. നിലവിൽ തിരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കൾക്കായി ഘട്ടം ഘട്ടമായാണ് ഈ ഫീച്ചർ പുറത്തിറക്കുന്നത്. ലിനക്സ് പോലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നവർക്കും ഔദ്യോഗിക ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്ത ഓഫീസുകളിലും പുതിയ മാറ്റം ഏറെ ഉപകാരപ്പെടും. വ്യക്തിഗത ചാറ്റുകളിൽ മാത്രമാണ് ഇപ്പോൾ ഈ സൗകര്യം ലഭ്യമാകുക. ചാറ്റ് വിൻഡോയുടെ മുകളിൽ കാണുന്ന കോൾ ഐക്കണുകളിൽ ക്ലിക്ക് ചെയ്ത് ഉപയോക്താക്കൾക്ക് ബ്രൗസറിൽ നിന്ന് തന്നെ സംസാരിക്കാൻ സാധിക്കും.


സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ലെന്ന് വാട്സ്ആപ്പ് ഉറപ്പുനൽകുന്നു. മൊബൈൽ ആപ്പിലേതിന് സമാനമായി വെബ് വഴിയുള്ള കോളുകളും ‘എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ’ വഴിയാണ് സംരക്ഷിക്കപ്പെടുന്നത്. വീഡിയോ കോളുകൾക്കിടയിൽ സ്ക്രീൻ ഷെയർ ചെയ്യാനുള്ള സൗകര്യവും പുതിയ വെബ് പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസന്റേഷനുകൾക്കും മറ്റും ഇത് വളരെ സഹായകമാകും. നിലവിൽ ഗ്രൂപ്പ് കോളുകൾ ലഭ്യമല്ലെങ്കിലും വൈകാതെ തന്നെ 32 പേർക്ക് വരെ പങ്കെടുക്കാവുന്ന ഗ്രൂപ്പ് കോളിംഗ് സൗകര്യം വെബിലും കൊണ്ടുവരാനുള്ള പരീക്ഷണത്തിലാണ് കമ്പനി. ബീറ്റ പ്രോഗ്രാമിന്‍റെ ഭാഗമായവർക്ക് ഇപ്പോൾ തന്നെ ഈ ഫീച്ചർ പരിശോധിച്ചു നോക്കാവുന്നതാണ്.

About The Author