റോബോട്ടിക്സ് രംഗത്തെ അത്ഭുതക്കാഴ്ചകളിലൊന്നായിരുന്നല്ലോ വിദേശ രാജ്യങ്ങളിലെ നാലുകാലുള്ള റോബോട്ടുകൾ. എന്നാൽ അത്തരമൊരു അത്ഭുതം നമ്മുടെ ഇന്ത്യയും സ്വന്തമാക്കിയിരിക്കുകയാണ്. ഐഐടി കാൺപൂരിലെ ‘xTerra Robotics’ എന്ന സ്റ്റാർട്ടപ്പ് വികസിപ്പിച്ച ‘സ്കോർപ്പ്’ (SCORP) എന്ന റോബോട്ട് ഇന്ത്യയുടെ സാങ്കേതിക കരുത്തിന്റെ പുതിയ മുഖമായി മാറുന്നു. കാലുകളുപയോഗിച്ച് തടസ്സമില്ലാതെ നടക്കാനും ഒപ്പം കൈകൾ കൊണ്ട് ജോലികൾ ചെയ്യാനും കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ‘ലെഗ്ഗ്ഡ് മൊബൈൽ മാനിപ്പുലേറ്റർ’ (Legged Mobile Manipulator) ആണിത്.
സാധാരണയായി റോബോട്ടുകൾ ചക്രങ്ങളിലാണ് സഞ്ചരിക്കാറുള്ളത്. അതുകൊണ്ടുതന്നെ പടവുകൾ കയറാനോ പരുക്കൻ പാതകളിൽ നീങ്ങാനോ അവയ്ക്ക് പരിമിതികളുണ്ട്. ഇവിടെയാണ് സ്കോർപ്പ് വേറിട്ടുനിൽക്കുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ വഴികളിലും പടവുകളിലും ഇടുങ്ങിയ ഇടങ്ങളിലും ഒരു തേളിനെപ്പോലെ അനായാസം സഞ്ചരിക്കാൻ ഇതിന് സാധിക്കും. ഇത്തരം ദുർഘടമായ പാതകളിലൂടെ സഞ്ചരിക്കുക മാത്രമല്ല, അവിടെയുള്ള വസ്തുക്കളെ കൈകാര്യം ചെയ്യാനുള്ള റോബോട്ടിക് കൈകളും സ്കോർപ്പിനുണ്ട്. മനുഷ്യർക്ക് കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള ദുരന്ത മേഖലകളിലും ഫാക്ടറികളിലെ അപകടം പിടിച്ച ഇടങ്ങളിലും പരിശോധന നടത്താനും അറ്റകുറ്റപ്പണികൾ ചെയ്യാനും സ്കോർപ്പ് മികച്ചൊരു സഹായിയായിരിക്കും.
ഹൈ-റെസല്യൂഷൻ ക്യാമറകളും നൂതന സെൻസറുകളുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പൈപ്പ് ലൈനുകളിലെ ചെറിയ വിള്ളലുകൾ മുതൽ കെട്ടിടങ്ങളിലെ ബലക്ഷയം വരെ കൃത്യമായി കണ്ടെത്താൻ ഈ റോബോട്ടിന് കഴിയും. കേവലം ഒരു നിരീക്ഷകൻ എന്നതിലുപരി, സ്വന്തം കൈകൾ ഉപയോഗിച്ച് സൂക്ഷമമായി ജോലികൾപോലും ചെയ്യാനുള്ള ശേഷിയും ഇതിനുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ, വ്യവസായശാലകളിലെ സുരക്ഷാ പരിശോധനകൾതുടങ്ങി വിവിധ സാഹചര്യങ്ങളിൽ സ്കോർപ്പ് പുതിയൊരു മാറ്റം കൊണ്ടുവരുമെന്നുറപ്പാണ്. വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കാതെ ഇന്ത്യയിൽ തന്നെ ഇത്തരം അത്യാധുനിക റോബോട്ടുകൾ നിർമ്മിക്കപ്പെടുന്നു എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നേട്ടമാണ്.
