എൽജി ‘ഗാലറി ടിവി’, ഇനി നിങ്ങളുടെ വീട് ഒരു ആർട്ട് ഗാലറിയാകും

വീടിന്‍റെ ഇന്‍റീരിയർ ഭംഗിക്ക് പ്രാധാന്യം നൽകുന്നവർക്കായി അത്യാധുനിക ഫീച്ചറുകളുമായി എൽജി ഇലക്ട്രോണിക്സ് തങ്ങളുടെ പുതിയ ‘ഗാലറി ടിവി’ അവതരിപ്പിച്ചു. വിപണിയിൽ ഇതിനകം തരംഗമായ സാംസങ്ങിന്‍റെ ‘ദി ഫ്രെയിം’ ടിവികൾക്ക് ശക്തമായ ഒരു എതിരാളിയായാണ് എൽജി ഈ മോഡലിനെ വിഭാവനം ചെയ്തിരിക്കുന്നത്. ഒരു ടെലിവിഷൻ എന്നതിലുപരി ചുവരിലെ മനോഹരമായ ഒരു ആർട്ട് ഫ്രെയിം പോലെ തോന്നിപ്പിക്കുന്ന തരത്തിലാണിത്. 2026-ൽ വിപണിയിലെത്തുന്ന ഈ ടിവികൾ 55, 65 ഇഞ്ച് വലുപ്പങ്ങളിലാണ് ലഭ്യമാകുക. ഉപഭോക്താക്കൾക്ക് തങ്ങളുടെ വീടിന്റെ ചുവരുകളുടെ നിറത്തിനും ഡിസൈനിനും അനുയോജ്യമായ രീതിയിൽ മാറ്റിവെക്കാവുന്ന സ്റ്റൈലിഷ് ഫ്രെയിമുകൾ (Bezels) ഇതിന്‍റെ പ്രത്യേകതയാണ്.


ടിവി കാണാത്ത സമയത്ത് വെറുമൊരു കറുത്ത സ്ക്രീനായി നിൽക്കാതെ, ലോകപ്രശസ്തമായ ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും പ്രദർശിപ്പിക്കുന്ന ഒരു ഡിജിറ്റൽ ഗാലറിയായി ഇത് മാറും. ഇതിനായി എൽജി ഒരുക്കിയിരിക്കുന്ന ‘ഗാലറി മോഡ്’ മ്യൂസിയം ക്യുറേറ്റർമാരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗാലറി പ്ലസ് സർവീസിലൂടെ അയ്യായിരത്തോളം ചിത്രങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് സ്വന്തമായി ചിത്രങ്ങൾ നിർമ്മിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. വെളിച്ചം പ്രതിഫലിക്കാത്ത മാറ്റ് ഡിസ്പ്ലേയും മുറിയിലെ വെളിച്ചത്തിനനുസരിച്ച് ചിത്രത്തിന്‍റെ നിറവും തെളിച്ചവും സ്വയം ക്രമീകരിക്കുന്ന സെൻസറുകളും ചിത്രങ്ങൾക്ക് കൂടുതൽ സ്വാഭാവികത നൽകുന്നു.


പ്രീമിയം മോഡലുകളിൽ ഉപയോഗിക്കുന്ന ഒഎൽഇഡി പാനലുകൾക്ക് പകരം എൽസിഡി സാങ്കേതികവിദ്യയാണ് എൽജി ഈ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. വില നിയന്ത്രിക്കുന്നതിനും സാംസങ്ങിന്‍റെ സമാന മോഡലുകളുമായി വിപണിയിൽ മത്സരിക്കുന്നതിനും വേണ്ടിയാണ് എൽജി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. നിലവിൽ സാംസങ്ങിന്‍റെ 65 ഇഞ്ച് ഫ്രെയിം ടിവിക്ക് വിപണിയിൽ ഏകദേശം 1.25 ലക്ഷം രൂപയോളം വിലയുണ്ട്. എൽജി തങ്ങളുടെ പുതിയ ഗാലറി ടിവിയുടെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാംസങ്ങിന് തുല്യമായ വിലനിലവാരത്തിലായിരിക്കും ഇത് എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ആഴ്ച ലാസ് വെഗാസിൽ നടക്കുന്ന സിഇഎസ് മേളയിൽ എൽജി തങ്ങളുടെ 2026-ലെ മുഴുവൻ ടിവി ശ്രേണിയും ഔദ്യോഗികമായി പ്രദർശിപ്പിക്കും.

About The Author