ഇമെയിൽ വിലാസം മാറ്റാം; ഗൂഗിളിൽ വൻ മാറ്റം

സ്കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടാക്കിയൊരു “ക്യൂട്ട്” യൂസര്‍നെയിം, പിന്നീട് പ്രൊഫഷണല്‍ ജീവിതത്തില്‍ അല്പം അസൗകര്യമായി തോന്നിയിട്ടുണ്ടോ? മെയിൽ ID മാറ്റിയാൽ കൊള്ളാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ? നിലവിലുള്ള ഇമെയിൽ വിലാസം മാറ്റുന്നതിനായി ഗൂഗിൾ പുതിയ ഫീച്ചർ അവതരിപ്പിച്ചു. പഴയ ഇമെയിൽ ഐഡി മാറ്റി പുതിയതൊരെണ്ണം തുടങ്ങിയാൽ ഉണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകൾക്ക് ഗൂഗിളിന്‍റെ പുതിയ നയമാറ്റത്തിലൂടെ പരിഹാരമാകും. മെയിലിലുള്ള ഡാറ്റ നഷ്ട്ടപെടുത്താതെ തന്നെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഡിജിറ്റൽ വിലാസം മാറ്റാൻ ഇതിലൂടെ സാധിക്കും.


സാങ്കേതിക കാരണങ്ങളാൽ ഗൂഗിൾ ഇതുവരെ @gmail.com എന്ന യൂസർനെയിമുകൾ സ്ഥിരമായി നിലനിർത്തുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്. എന്നാൽ പുതിയ അപ്‌ഡേറ്റ് പ്രകാരം, ഉപഭോക്താക്കൾക്ക് അവരുടെ പ്രാഥമിക ഇമെയിൽ ഐഡി മാറ്റി പുതിയൊരെണ്ണം തിരഞ്ഞെടുക്കാം. ഇതോടെ പഴയ വിലാസം ഇല്ലാതാകുന്നില്ല; അത് നിങ്ങളുടെ ഒരു “അപരനാമം” പോലെ ആയി മാറും. അതായത്, പഴയ വിലാസത്തിലേക്കും പുതിയത് വഴിയും വരുന്ന എല്ലാ മെയിലുകളും ഒരേ ഇന്‍ബോക്‌സില്‍ എത്തും.ഇതോടൊപ്പം അക്കൗണ്ടിലുള്ള ഗൂഗിൾ ഡ്രൈവ് ഫയലുകൾ, ഗൂഗിൾ ഫോട്ടോസ്, സബ്സ്ക്രിപ്ഷനുകൾ, പർച്ചേസ് ഹിസ്റ്ററി എന്നിവയെല്ലാം സുരക്ഷിതമായി പുതിയ വിലാസത്തിലേക്ക് മാറ്റപ്പെടും. മാറ്റം വരുത്തുന്ന പഴയ ഇമെയിൽ ഐഡി അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യപ്പെടില്ല.


സുരക്ഷാ കാരണങ്ങളാലും ദുരുപയോഗം തടയുന്നതിനുമായി ചില നിബന്ധനകൾ ഗൂഗിൾ ഈ സേവനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇമെയിൽ വിലാസം ഒരിക്കൽ മാറ്റിക്കഴിഞ്ഞാൽ അടുത്ത ഒരു വർഷത്തേക്ക് വീണ്ടും മാറ്റാൻ അനുവദിക്കില്ല. എങ്കിലും ഉപഭോക്താവിന് തന്‍റെ പഴയ ഐഡിയിലേക്ക് എപ്പോൾ വേണമെങ്കിലും തിരിച്ചുപോകാനുള്ള ഓപ്ഷൻ ലഭ്യമായിരിക്കും. തേർഡ് പാർട്ടി ആപ്പുകളിലും ക്രോംബുക്ക് പോലുള്ള ഹാർഡ്‌വെയറുകളിലും ഈ മാറ്റം ബാധിക്കാനിടയുള്ളതിനാൽ, ഐഡി മാറ്റുന്നതിന് മുൻപ് ഡാറ്റ ബാക്കപ്പ് ചെയ്യാനും ക്രമീകരണങ്ങൾ പരിശോധിക്കാനും ഗൂഗിൾ നിർദ്ദേശിക്കുന്നുണ്ട്.


ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് ഘട്ടം ഘട്ടമായാണ് ഈ സേവനം എത്തിച്ചേരുന്നത്. ഗൂഗിൾ അക്കൗണ്ട് സെറ്റിംഗ്സിലെ പേഴ്സണൽ ഇൻഫർമേഷൻ വിഭാഗത്തിൽ ‘Google Account email’ എന്ന ഓപ്ഷനിൽ ഈ സൗകര്യം ലഭ്യമാണോ എന്ന് പരിശോധിക്കാവുന്നതാണ്. സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നൽകുന്ന ഗൂഗിൾ വർക്ക്സ്പേസ് അക്കൗണ്ടുകൾക്ക് ഈ സൗകര്യം നിലവിൽ ബാധകമായിരിക്കില്ല. ഡിജിറ്റൽ ഐഡന്റിറ്റിയിൽ മാറ്റം കൊണ്ടുവരാൻ ഈ തീരുമാനം ദശലക്ഷക്കണക്കിന് പ്രൊഫഷണലുകൾക്ക് ഉപകാരപ്രദമാകും.

About The Author