റേഡിയോ ടാഗുകൾ: അദൃശ്യമായ ആശയവിനിമയത്തിന്‍റെ വിപ്ലവം

ഉത്തര അമേരിക്കയിൽ നിന്ന് മെക്സിക്കോയിലേക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി മോണാർക്ക് ചിത്രശലഭങ്ങൾ നടത്തുന്ന യാത്രയുടെ രഹസ്യങ്ങൾ ദീർഘകാലമായി ശാസ്ത്രലോകത്തിന് അപ്രാപ്യമായിരുന്ന ഈ വിവരങ്ങൾ ഇപ്പോൾ വിരൽത്തുമ്പിൽ ലഭ്യമാകുന്നത് ഒരു കുഞ്ഞൻ സാങ്കേതികവിദ്യയുടെ സഹായത്താലാണ്: സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന റേഡിയോ ടാഗുകളുടെ സഹായത്താൽ.

മനുഷ്യന്‍റെ കണ്ണിന് പിടിച്ചെടുക്കാൻ കഴിയാത്തത്ര വേഗത്തിലും കൃത്യതയിലും വിവരങ്ങൾ കൈമാറുന്ന സാങ്കേതികവിദ്യയാണ് റേഡിയോ ടാഗുകൾ. 60 മില്ലിഗ്രാം ഭാരമുള്ള ഒരു ചിത്രശലഭത്തിന്‍റെ ദേശാടനവഴി മുതൽ, ടോൾ ബൂത്തുകളിലെ ഫാസ്‌ടാഗ് (FASTag) വരെ നീളുന്ന അനന്തമായ സാധ്യതകളാണ് ഈ ചെറിയ ചിപ്പുകൾ തുറന്നിടുന്നത്. മോണാർക്ക് ചിത്രശലഭങ്ങളുടെ യാത്രയുടെ ചുരുളഴിയുകവഴി റേഡിയോ ടാഗ് എന്ന സാങ്കേതിക വിദ്യയുടെ വളർച്ചയും ചർച്ചയാകുകയാണ്.

എന്താണ് റേഡിയോ ടാഗ്?

റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് വസ്തുക്കളെയോ ജീവികളെയോ തിരിച്ചറിയാനും അവയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാനും സഹായിക്കുന്ന ഒരു ചെറിയ ഉപകരണമാണ് റേഡിയോ ടാഗ്. ഇതിൽ പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത് വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഒരു മൈക്രോചിപ്പ്. റേഡിയോ സിഗ്നലുകൾ അയക്കാനും സ്വീകരിക്കാനും സഹായിക്കുന്ന ഒരു ആന്‍റിന.

ഇവ ബാർകോഡുകളെപ്പോലെ (Barcode) സ്കാനറിന് നേരെ പിടിക്കേണ്ട ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നിശ്ചിത പരിധിക്കുള്ളിൽ എവിടെയിരുന്നാലും ഇവ സ്കാൻ ചെയ്യാൻ സാധിക്കും.

 ഒരു അരിമണിയേക്കാൾ ചെറിയ വലിപ്പത്തിൽ വരെ ഈ ടാഗുകൾ നിർമ്മിക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ ചെറിയ പ്രാണികളിൽ മുതൽ വലിയ കണ്ടെയ്‌നറുകളിൽ വരെ ഇവ ഉപയോഗിക്കാം. ഒരേ സമയം നൂറുകണക്കിന് ടാഗുകൾ സ്കാൻ ചെയ്യാൻ സാധിക്കും. ഇത് സമയലാഭത്തിനും കൃത്യതയ്ക്കും സഹായിക്കുന്നു. മഴ, മഞ്ഞ്, പൊടി തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ഇവയ്ക്ക് കഴിയും. ബാർകോഡുകൾ മാഞ്ഞുപോകുന്നതുപോലെ ഇവ നശിച്ചുപോകില്ല. ചില റേഡിയോ ടാഗുകളിൽ വിവരങ്ങൾ മായ്ച്ചുകളയാനും പുതിയവ ചേർക്കാനും (Read/Write) സാധിക്കും. ഇത് പുനരുപയോഗത്തിന് സഹായിക്കുന്നു.

അനന്തമായ സാധ്യതകൾ

റേഡിയോ ടാഗുകൾ നമ്മുടെ നിത്യജീവിതത്തെയും ശാസ്ത്രലോകത്തെയും പലതരത്തിൽ സഹായിക്കും

1. വന്യജീവി സംരക്ഷണത്തിൽ മോണാർക്ക് ചിത്രശലഭങ്ങളുടെ പഠനത്തിൽ കണ്ടതുപോലെ, വന്യജീവികളുടെ സഞ്ചാരപഥം മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. മൃഗങ്ങളുടെ ദേശാടനം, അവ നേരിടുന്ന ഭീഷണികൾ, ആവാസവ്യവസ്ഥ എന്നിവ പഠിക്കാൻ ഇത് ശാസ്ത്രജ്ഞരെ സഹായിക്കുന്നു.

2. ഗതാഗത വിപ്ലവം (FASTag) ഇന്ത്യയിൽ നമ്മൾ നിത്യവും കാണുന്ന ഫാസ്‌ടാഗ് (FASTag) റേഡിയോ ടാഗിന് ഏറ്റവും മികച്ച ഉദാഹരണമാണ്. വാഹനം നിർത്താതെ തന്നെ ടോൾ പണം അടയ്ക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഇത് സഹായിക്കുന്നു.

3. സ്മാർട്ട് ഷോപ്പിംഗ് ഭാവിയിലെ സൂപ്പർമാർക്കറ്റുകളിൽ ബില്ലടിക്കാൻ ക്യൂ നിൽക്കേണ്ടി വരില്ല. സാധനങ്ങൾ ട്രോളിയിൽ ഇടുമ്പോൾ തന്നെ റേഡിയോ ടാഗുകൾ വഴി വില കണക്കാക്കി, കടയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്ന ‘ആമസോൺ ഗോ’ (Amazon Go) പോലുള്ള സംവിധാനങ്ങൾ ഇതിനകം വിദേശരാജ്യങ്ങളിൽ നിലവിലുണ്ട്.

4. ആരോഗ്യമേഖല രോഗികളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താനും, മരുന്നുകൾ മാറിപ്പോകുന്നത് ഒഴിവാക്കാനും, ആശുപത്രി ഉപകരണങ്ങൾ എവിടെയാണെന്ന് കണ്ടെത്താനും ടാഗുകൾ സഹായിക്കുന്നു.

5. ചരക്കുഗതാഗതം (Logistics) ഓൺലൈനിൽ നമ്മൾ ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഇപ്പോൾ എവിടെ എത്തി എന്ന് കൃത്യമായി അറിയാൻ കഴിയുന്നത് ഈ സാങ്കേതികവിദ്യയുടെ സഹായത്താലാണ്. വമ്പൻ ഗോഡൗണുകളിൽ സാധനങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനും ഇത് ഉപയോഗിക്കുന്നു.

 മോണാർക്ക് ശലഭങ്ങളെക്കുറിച്ച് അറിയണ്ടേ

1935 മുതൽ മോണാർക്ക് ശലഭങ്ങളെക്കുറിച്ചുള്ള പഠനം നടക്കുന്നുണ്ടെങ്കിലും അത് സ്റ്റിക്കറുകൾ ഒട്ടിച്ചുള്ള ലളിതമായ രീതിയായിരുന്നു. ഇങ്ങനെ പതിനായിരക്കണക്കിന് ശലഭങ്ങളെ ടാഗ് ചെയ്യുമെങ്കിലും, ശൈത്യകാല സങ്കേതങ്ങളിൽ നിന്ന് 1% പോലും തിരിച്ചുകിട്ടാറില്ല. മാത്രമല്ല, യാത്ര തുടങ്ങിയ സ്ഥലവും അവസാനിച്ച സ്ഥലവും മാത്രമേ പഴയ രീതിയിൽ അറിയാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ പുതിയ റേഡിയോ ടാഗുകൾ ഒരു പുസ്തകത്തിന്‍റെ എല്ലാ പേജുകളും വായിക്കുന്നതുപോലെ യാത്രയുടെ പൂർണ്ണവിവരങ്ങൾ നൽകുന്നു.

“ശലഭങ്ങളുടെ സഞ്ചാരത്തെക്കുറിച്ച് നമ്മൾ കരുതിയിരുന്ന പല കാര്യങ്ങളും തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ വിവരങ്ങൾ,” മോണാർക്ക് വാച്ച് സ്ഥാപകനും ഗവേഷകനുമായ ചിപ്പ് ടെയ്‌ലർ പറയുന്നു. നഗരങ്ങൾക്കും വീടുകൾക്കും മുകളിലൂടെ ഇവ പറക്കുമ്പോൾ, ആപ്പിലൂടെ സാധാരണക്കാർക്കും ഇവയുടെ യാത്ര തത്സമയം കാണാൻ സാധിക്കും എന്നത് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്. ‘പ്രോജക്റ്റ് മോണാർക്ക് സയൻസ്’ (Project Monarch Science) എന്ന ആപ്പിലൂടെ ലഭിച്ച വിവരങ്ങൾ പ്രകാരം ശലഭങ്ങളുടെ യാത്ര വിസ്മയിപ്പിക്കുന്നതാണ്:

രണ്ട് മോണാർക്ക് ശലഭങ്ങൾ ഒന്റാരിയോയിൽ നിന്ന് മെക്സിക്കോയിലെ പ്രശസ്തമായ ‘മോണാർക്ക് ബട്ടർഫ്ലൈ ബയോസ്ഫിയർ റിസർവ്’ ലക്ഷ്യമാക്കി പറന്നു. സെപ്റ്റംബർ അവസാനം യാത്ര തിരിച്ച് നവംബർ 9-ന് മെക്സിക്കോയിലെ ശൈത്യകാല കോളനികളിൽ ആദ്യമെത്തിയ ശലഭങ്ങളാണിവ.ഒരു ശലഭം കാറ്റിൽ പെട്ട് കടലിലൂടെ ബഹാമാസിലേക്ക് ഒഴുകിപ്പോയെങ്കിലും, അത്ഭുതകരമായ നാവിഗേഷൻ കഴിവ് ഉപയോഗിച്ച് അത് തിരികെ ഫ്ലോറിഡയിലേക്ക് പറന്നു.

ഇന്‍റർനെറ്റ് ഓഫ് തിങ്‌സ് (IoT) എന്ന വലിയ സാങ്കേതിക ശൃംഖലയുടെ നട്ടെല്ലാണ് റേഡിയോ ടാഗുകൾ. വരുംകാലങ്ങളിൽ നമ്മുടെ വസ്ത്രങ്ങളിലും, വീട്ടുപകരണങ്ങളിലും എന്തിന് ഭക്ഷണപ്പൊതികളിൽ പോലും ഈ കുഞ്ഞൻ ചിപ്പുകൾ സ്ഥാനം പിടിച്ചേക്കാം.

About The Author