വാട്സ്ആപ്പിൽ മൂന്ന് മെസെജുകൾ വരെ പിൻ ചെയ്യാം

വാട്സ്ആപ്പിൽ ഇനി മുതല്‍ ഒരു ചാറ്റിൽ മൂന്ന് മെസെജുകൾ വരെ പിൻ ചെയ്യാനാകും. നേരത്തെ ഒരു മെസേജ് മാത്രമേ പിൻ ചെയ്ത് വെയ്ക്കാനാകുമായിരുന്നുള്ളൂ. ഓർത്തുവെക്കേണ്ട പ്രധാന മെസെജുകൾ ഇത്തരത്തിൽ പിൻ ചെയ്തുവെയ്ക്കാൻ ഈ അപ്ഡേഷൻ സഹായിക്കും. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഈ ഫീച്ചർ ലഭ്യമാണ്. പിൻ ചെയ്ത മെസേജ് ചാറ്റിലുൾപ്പെട്ടവർക്ക് കാണാനാകും. പിൻ ചെയ്ത ചാറ്റ് വിൻഡോയ്ക്ക് മുകളിലായാണ് ഉണ്ടാകുക.

പിൻ ചെയ്തുവെയ്ക്കേണ്ട മെസേജ് സെലക്ട് ചെയ്താൽ പിൻ ചെയ്യാനുള്ള ഓപ്ഷൻ കാണിക്കും. ചിത്രം, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളെല്ലാം ഈ രീതിയിൽ പിൻ ചെയ്യാം. 24 മണിക്കൂർ, ഏഴു ദിവസം, 30 ദിവസം എന്നീ സമയപരിധി വരെയാണ് പിൻ ചെയ്യാനാവുക. ഏത് സമയം വേണമെങ്കിലും അവ അൺ പിൻ ചെയ്യാനുമാവും.

വാട്സ്ആപ്പിനുള്ളിൽ തന്നെ നമ്പറുകൾ അടിച്ച് കോൾ ചെയ്യാനുള്ള ഡയലർ ഓപ്ഷനും പുതിയ ഫീച്ചറായി വാട്സ്ആപ്പ് അവതരിപ്പിക്കുന്നു. ഈ ഫീച്ചർ വരുന്നതോടെ നമ്പറുകൾ സേവ് ചെയ്യാതെ തന്നെ  കോൾ ചെയ്യാനാകും.  ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയർത്തുന്നതായിരിക്കും വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ. ആൻഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇൻ-ആപ്പ് ഡയലർ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ ടെസ്റ്ററുകൾക്ക് വൈകാതെ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റിങ്ങിന് ശേഷം വൈകാതെ എല്ലാ യൂസർമാരിലേക്കും ഈ ഫീച്ചറെത്തും. വാട്സ്ആപ്പിലെ കോൾ ടാബിൽ ഒരു ഡയലർ ഷോർട്ട്കട്ട് ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, നിലവിലുള്ളതുപോലെ ഇന്റർനെറ്റ് ഉപയോഗപ്പെടുത്തിയാകും ഇവിടെയും കോളുകൾ നടക്കുക.

About The Author