ടെക്സ്റ്റും, ചിത്രങ്ങളും ഉപയോഗിച്ച് ഒരേ സമയം സെര്‍ച്ച് ചെയ്യാന്‍ സാധിക്കുന്ന പുതിയ മള്‍ട്ടി സെര്‍ച്ച് സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നു. കൂടുതല്‍ കൃത്യമായ സെര്‍ച്ച് റിസല്‍ട്ടുകള്‍ ലഭിക്കുവാന്‍ ഈ ഫീച്ചര്‍ സഹായകരമാകുന്നതാണ്. യുഎസില്‍ ഇംഗ്ലീഷ് ഭാഷയില്‍ ബീറ്റാ ഫീച്ചര്‍ ആയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
നിലവില്‍ ഗൂഗിളിലുള്ള ഇമേജ് സെര്‍ച്ച് സംവിധാനമുപയോഗിച്ച് ചിത്രങ്ങള്‍ നല്‍കിയും തിരയല്‍ സാധിക്കും. എന്നാല്‍ മള്‍ട്ടി സെര്‍ച്ച് സംവിധാനം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. അതായത്, ഒരു വസ്തുവിനെ കുറിച്ചുള്ള വിവരം അറിയുന്നതിന് ആ വസ്തുവിന്‍റെ ചിത്രം അപ് ലോഡ് ചെയ്ത് അതിനെ കുറിച്ച് എന്താണ് അറിയേണ്ടത് എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യാം. നിങ്ങള്‍ക്ക് ആവശ്യമായ വിവരം എന്താണോ അത് കൂടുതല്‍ കൃത്യമായി അറിയാന്‍ സാധിക്കും.
അതിനായി ആന്‍ഡ്രോയിഡ് ഫോണിലോ, ഐഓഎസ് ഉപകരണത്തിലോ ഗൂഗിള്‍ ആപ്പ് തുറക്കുക. ശേഷം ലെന്‍സ് ക്യാമറ ഐക്കണ്‍ തിരഞ്ഞെടുക്കുക. ഇതില്‍ നിങ്ങള്‍ നേരത്തെ എടുത്തുവെച്ച സ്‌ക്രീന്‍ഷോട്ട് അപ് ലോഡ് ചെയ്യാനും പുതിയ ചിത്രം എടുക്കാനും സാധിക്കും. ശേഷം മുകളിലേക്ക് സ്വൈപ്പ് ചെയ്താല്‍ ‘ആഡ് റ്റു യുവര്‍ സെര്‍ച്ച്’ ബട്ടന്‍ കാണാം. അത് തിരഞ്ഞെടുത്ത് അറിയേണ്ട വിവരമെന്താണെന്ന് ടൈപ്പ് ചെയ്യുക.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയില്‍ കമ്പനിക്കുണ്ടായ പരോഗമനം മൂലമാണ് ഇത് സാധ്യമായതെന്നും കൂടുതല്‍ സ്വാഭാവികമായ രീതിയില്‍ ചുറ്റമുള്ള ലോകത്തെ മനസിലാക്കുന്നത് ഇതിലൂടെ എളുപ്പമാവുന്നുവെന്നും ഗൂഗിള്‍ പറഞ്ഞു. ‘മം’ (MUM) എന്ന പുതിയ എഐ സെര്‍ച്ച് മോഡലിന്‍റെ സഹായത്തോടെ ഈ ഫീച്ചര്‍ ഇനിയും മെച്ചപ്പെടുത്താനുള്ള വഴികള്‍ തേടുകയാണ് കമ്പനി.
Leave a Reply