കാഴ്ചയുടെ വിസ്മയ ജാലകം: സാംസങ്ങിന്റെ 130 ഇഞ്ച് മൈക്രോ ആർജിബി ടിവി

ടെലിവിഷൻ വിപണിയിലെ മുൻനിരക്കാരായ സാംസങ് ഇലക്ട്രോണിക്സ്, ഡിസ്പ്ലേ സാങ്കേതികവിദ്യയിലെ പുതിയ വിപ്ലവമായ 130 ഇഞ്ച് മൈക്രോ ആർജിബി ടിവി (മോഡൽ R95H) സിഇഎസ് 2026-ൽ പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ 130 ഇഞ്ച് മൈക്രോ ആർജിബി ഡിസ്പ്ലേ എന്ന ബഹുമതിയോടെ എത്തുന്ന ഈ മോഡൽ, പ്രീമിയം ഹോം എന്‍റർടൈൻമെന്‍റ് രംഗത്ത് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയാണ്. ‘ടൈംലെസ് ഫ്രെയിം’ ഡിസൈനാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത. ഒരു പതിറ്റാണ്ട് മുൻപ് സാംസങ് അവതരിപ്പിച്ച ഡിസൈൻ ഫിലോസഫിയുടെ പുത്തൻ രൂപമാണിത്.


കാഴ്ചയുടെയും കേൾവിയുടെയും അതിരുകൾ മായ്ക്കുന്ന തരത്തിലാണ് ഈ 130 ഇഞ്ച് ഡിസ്പ്ലേ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടിവി സ്ക്രീനിന് ചുറ്റുമുള്ള വലിയ ഫ്രെയിമിൽ തന്നെ അത്യാധുനിക സ്പീക്കറുകൾ ക്രമീകരിച്ചിരിക്കുന്നതിനാൽ, ശബ്ദവും ദൃശ്യവും ഒരേ കേന്ദ്രത്തിൽ നിന്ന് വരുന്ന അനുഭവം ഇത് നൽകുന്നു. മൈക്രോ ആർജിബി എഐ എൻജിൻ പ്രോ, കളർ ബൂസ്റ്റർ പ്രോ, എച്ച്ഡിആർ പ്രോ എന്നീ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഇതിലെ ചിത്രങ്ങളുടെ തെളിച്ചവും വ്യക്തതയും വർദ്ധിപ്പിക്കുന്നത്. സാധാരണ ദൃശ്യങ്ങളിലെ മങ്ങിയ നിറങ്ങളെപ്പോലും അതീവ കൃത്യതയോടെയും റിയലിസ്റ്റിക് ആയും സ്ക്രീനിൽ എത്തിക്കാൻ ഈ എഐ സംവിധാനങ്ങൾക്ക് സാധിക്കും.
ഡിസ്പ്ലേയുടെ ഗുണനിലവാരത്തിന്‍റെ കാര്യത്തിൽ ലോകോത്തര നിലവാരത്തിലുള്ള വിഡിഇ (VDE) സർട്ടിഫിക്കേഷൻ ഈ ടിവി കരസ്ഥമാക്കിയിട്ടുണ്ട്. നൂറ് ശതമാനം ബിടി.2020 കളർ ഗാമറ്റ് നൽകുന്ന മൈക്രോ ആർജിബി പ്രിസിഷൻ കളർ 100 സാങ്കേതികവിദ്യയാണ് ഇതിൽ പ്രവർത്തിക്കുന്നത്. പകൽ വെളിച്ചത്തിലോ മുറിയിലെ മറ്റ് ലൈറ്റുകളുടെ പ്രകാശത്തിലോ സ്ക്രീനിൽ പ്രതിഫലനം ഉണ്ടാകാതിരിക്കാൻ ‘ഗ്ലെയർ ഫ്രീ’ സംവിധാനം സാംസങ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, എച്ച്ഡിആർ10+ അഡ്വാൻസ്ഡ് സാങ്കേതികവിദ്യ ആദ്യമായി നടപ്പിലാക്കിയ ടിവി കൂടിയാണിത്.


സാങ്കേതികമായി ഏറെ മുന്നിൽ നിൽക്കുന്ന ഈ ടിവിയിൽ സാംസങ്ങിന്‍റെ ഏറ്റവും പുതിയ ‘വിഷൻ എഐ കമ്പാനിയൻ’ ലഭ്യമാണ്. ഉപയോക്താക്കൾക്ക് സ്വാഭാവികമായി സംസാരിച്ചുകൊണ്ട് തന്നെ സിനിമകൾ തിരയാനും വിവരങ്ങൾ ശേഖരിക്കാനും ഇതിലൂടെ സാധിക്കും. എഐ ഫുട്ബോൾ മോഡ് പ്രോ, ലൈവ് ട്രാൻസ്‌ലേറ്റ്, ജനറേറ്റീവ് വാൾപേപ്പർ എന്നിവയ്ക്ക് പുറമെ മൈക്രോസോഫ്റ്റ് കോപൈലറ്റ്, പെർപ്ലെക്സിറ്റി തുടങ്ങിയ എഐ ആപ്പുകളും ഇതിൽ പ്രവർത്തിക്കും. ലാസ് വെഗാസിലെ സിഇഎസ് എക്സിബിഷൻ സോണിൽ പ്രദർശിപ്പിക്കുന്ന ഈ ടിവി വരും മാസങ്ങളിൽ ആഗോള വിപണിയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*