ചന്ദ്രനിൽ തലകീഴായി മറിഞ്ഞ് ‘സ്ലിം’; ജപ്പാന്റെ ലാൻഡറിന് സംഭവിച്ച പിഴവ് കണ്ടെത്തി കുഞ്ഞൻ റോബോട്ട്

ചന്ദ്രന്റെ ഉപരിതലത്തിൽ വലിപ്പം കൊണ്ട് ചെറുതെങ്കിലും അത്ഭുതങ്ങൾ സൃഷ്ടിച്ച് ഒരു കുഞ്ഞൻ റോബോട്ട് ബഹിരാകാശ ചരിത്രത്തിലെ അദ്ഭുത നായകനായി മാറിയിരിക്കുന്നു. ജപ്പാന്റെ ‘സ്ലിം’ (SLIM) ലൂണാർ ലാൻഡറിന് ചന്ദ്രനിൽ ഇറങ്ങിയപ്പോൾ എന്ത് പിഴവാണ് സംഭവിച്ചതെന്ന് കണ്ടെത്താൻ ശാസ്ത്രജ്ഞരെ സഹായിച്ചത് കൈപ്പത്തിയുടെ വലുപ്പം മാത്രമുള്ള ‘ലെവ്-2’ (LEV-2 – Palm-Sized Lunar Excursion Vehicle 2) എന്ന റോബോട്ടാണ്.


2024 ജനുവരിയിലായിരുന്നു ജപ്പാന്റെ സ്ലിം ലാൻഡർ ചന്ദ്രിലിറങ്ങിയത്. ഇതോടെ ചന്ദ്രനിൽ പേടകം വിജയകരമായി ഇറക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറി. എന്നാൽ, ലാൻഡറിന് ആവശ്യത്തിന് സൗരോർജ്ജം ഉത്പാദിപ്പിക്കാൻ കഴിയുന്നില്ലെന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കിയതോടെ ആഹ്ലാദം ആശങ്കയ്ക്ക് വഴിമാറി. നിശ്ചയിച്ച ദിശയിലല്ല ലാൻഡർ ചന്ദ്രനിൽ ലാൻഡ് ചെയ്തത് എന്നതായിരുന്നു ഇതിന് കാരണം.
ഈ പ്രതിസന്ധി ഘട്ടത്തിലാണ് ജപ്പാൻ ബഹിരാകാശ ഏജൻസിയായ ‘ജാക്സ’ (JAXA) വികസിപ്പിച്ച ലെവ്-2 രംഗപ്രവേശം ചെയ്തത്. പ്രശസ്തമായ ‘സ്റ്റാർ വാർസ്’ സിനിമയിലെ ബിബി-8 ഡ്രോയിഡിന് സമാനമായ രൂപമാണ് ഈ കുഞ്ഞൻ റോബോട്ടിനുള്ളത്. ലാൻഡർ ഇറങ്ങിയ ഉടൻ തന്നെ അതിൽ നിന്നും ലെവ്-2 പുറത്തേക്ക് വിന്യസിക്കപ്പെട്ടു. ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുമ്പോൾ ഒരു പന്തിന്റെ രൂപത്തിലായിരുന്ന ഈ റോബോട്ട്, പിന്നീട് രൂപമാറ്റം സംഭവിച്ച് ചക്രങ്ങളുള്ള ചെറിയൊരു വാഹനമായി മാറുകയായിരുന്നു.


ചന്ദ്രനിലൂടെ ഉരുണ്ടുനീങ്ങിയ റോബോട്ട് ചുറ്റുമുള്ള ദൃശ്യങ്ങൾ പകർത്തി. ലെവ്-2 പകർത്തിയ ചിത്രങ്ങളിലൊന്നാണ് സ്ലിം ലാൻഡറിന്റെ യഥാർത്ഥ അവസ്ഥ പുറത്തുകൊണ്ടുവന്നത്; ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിൽ തലകീഴായാണ് കിടന്നിരുന്നത്. ഈ ഒരു ചിത്രം ദൗത്യത്തിലെ ഏറ്റവും നിർണായകമായ ഒന്നായി മാറി. ഭൂമിയിലെ ശാസ്ത്രജ്ഞർക്ക് ലാൻഡറിന്റെ അവസ്ഥ കൃത്യമായി മനസ്സിലാക്കാനും, എന്തുകൊണ്ടാണ് അതിന്റെ സോളാർ പാനലുകൾ പ്രവർത്തിക്കാത്തതെന്ന് തിരിച്ചറിയാനും ഇത് സഹായിച്ചു.


വെറും 100 മിനിറ്റ് മാത്രമാണ് ലെവ്-2 ചന്ദ്രനിൽ പ്രവർത്തിച്ചതെങ്കിലും, പ്രതീക്ഷിച്ചതിലും മികച്ച വിജയമാണ് അത് കൈവരിച്ചത്. താൻ ശേഖരിച്ച വിവരങ്ങൾ ‘ലെവ്-1’ (LEV-1) എന്ന കൂടെയുണ്ടായിരുന്ന മറ്റൊരു ഹോപ്പിങ് റോബോട്ട് വഴി ഈ കുഞ്ഞൻ വാഹനം ഭൂമിയിലേക്ക് അയച്ചു. അതിനുശേഷമാണ് ഇതിന്റെ പ്രവർത്തനം നിലച്ചത്.


വലിയ ബഹിരാകാശ പേടകങ്ങളെ സഹായിക്കാൻ ഇത്തരം ചെറിയ സ്വയംഭരണ (autonomous) റോബോട്ടുകൾക്ക് സാധിക്കുമെന്ന് ഈ ദൗത്യം തെളിയിച്ചതായി ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. രൂപമാറ്റം വരുത്താനുള്ള ശേഷി, സ്വയം നാവിഗേറ്റ് ചെയ്യാനുള്ള കഴിവ്, വയർലെസ് കമ്മ്യൂണിക്കേഷൻ, ഇമേജ് പ്രോസസിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളുടെ വിജയകരമായ പരീക്ഷണമാണ് ഈ ദൗത്യത്തിലൂടെ നടന്നത്.


ഭാവിയിൽ ചന്ദ്രനിലും ചൊവ്വയിലും നടത്തുന്ന പര്യവേക്ഷണങ്ങളിൽ വലിയ പേടകങ്ങളോടൊപ്പം കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്ന ഇത്തരം നിരവധി ചെറിയ റോബോട്ടുകളെ ഒന്നിച്ച് ഉപയോഗിക്കാൻ സാധിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

About The Author