ഒൻപതിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നവരുടെ മൊബൈൽ നമ്പർ റദ്ദാക്കും

രാജ്യത്ത് കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കുന്ന മൊബൈൽ ഉപയോക്താക്കൾക്കായി കേന്ദ്ര സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഒൻപതിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നവരുടെ മൊബൈൽ നമ്പർ നിർത്തലാക്കുമെന്നാണ് ഉത്തരവിലുള്ളത്. സ്വന്തം പേരിൽ ഒൻപതിലധികം സിം കാർഡുകൾ എടുത്തിട്ടുള്ളവർ അധിക സിമ്മുകൾ മടക്കി നൽകണമെന്ന് നേരത്തേ തന്നെ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ, പുതിയ ഉത്തരവ് പ്രകാരം സിമ്മുകൾ റദ്ദാക്കാനാണ് നിർദേശം.

ഒരു വ്യക്തിക്ക് കമ്പനിയുടെ എത്ര സിം ഉണ്ടെന്ന കണക്ക് മാത്രമേ അതതു കമ്പനികൾക്ക് ലഭ്യമാകൂ. എന്നാൽ ടെലികോം മന്ത്രാലയത്തിന്‍റെ കൈവശം ഒരാളുടെ പേരിൽ എത്ര സിം കാർഡുകളുണ്ടെന്ന പൂർണ വിവരങ്ങൾ ഉണ്ടാകും. ദീർഘകാലം ഉപയോഗിക്കാതെയിരിക്കുന്ന സിം കാർഡുകൾ സാധാരണഗതിയിൽ റദ്ദാക്കുകയാണ് പതിവ്.

അതേസമയം, ഉപയോക്താക്കൾക്ക് നിലനിർത്താൻ ആഗ്രഹിക്കുന്ന കണക്ഷൻ നമ്പർ തിരഞ്ഞെടുക്കാൻ അവസരം നൽകുമെന്നും അറിയിപ്പിലുണ്ട്. വരിക്കാരൻ നിലനിർത്താൻ ആഗ്രഹിക്കുന്ന കണക്ഷൻ സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ശേഷിക്കുന്ന നമ്പറുകളുടെ ഔട്ട്‌ഗോയിങ് സേവനങ്ങളും ഡേറ്റാ സൗകര്യങ്ങളും 30 ദിവസത്തിനുള്ളിൽ താൽക്കാലികമായി നിർത്തിവയ്ക്കും. 45 ദിവസത്തിനുള്ളിൽ ഇൻകമിങ് സേവനങ്ങളും താൽക്കാലികമായി നിർത്തും. എന്നാൽ, ഇതിനു ശേഷം റീ-വെരിഫിക്കേഷനായി വരിക്കാരൻ എത്തിയില്ലെങ്കിൽ ഫ്ലാഗ് ചെയ്ത നമ്പർ 60 ദിവസത്തിനുള്ളിൽ റദ്ദാക്കും.

വിദേശത്തോ, ശാരീരിക വൈകല്യമോ, ചികിൽസയിലോ ഉള്ള ഒരു വരിക്കാരന്‍റെ കാര്യത്തിൽ 30 ദിവസം അധിക സമയം നൽകുമെന്നും ഉത്തരവിലുണ്ട്. നിയമ നിർവഹണ ഏജൻസിയോ, ധനകാര്യ സ്ഥാപനമോ ഏതെങ്കിലും നമ്പർ ഫ്ലാഗ് ചെയ്യുകയോ, ശല്യപ്പെടുത്തുന്ന കോളർ എന്ന് തിരിച്ചറിയുകയോ ചെയ്താൽ ഔട്ട്‌ഗോയിങ് സൗകര്യം 5 ദിവസത്തിനുള്ളിൽ താൽക്കാലികമായി നിർത്തിവയ്ക്കുകയും ഇൻകമിങ് പത്ത് ദിവസത്തിനുള്ളിൽ നിർത്തുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു. സ്ഥിരീകരണത്തിന് ആരും എത്തിയില്ലെങ്കിൽ 15 ദിവസത്തിനുള്ളിൽ പൂർണമായി നിർത്തലാക്കും. കൂടാതെ, ഇനിമുതൽ ഉപയോഗത്തിലില്ലാത്ത ഫ്ലാഗ് ചെയ്ത എല്ലാ മൊബൈൽ കണക്ഷനുകളും ഡേറ്റാബേസിൽ നിന്ന് നീക്കം ചെയ്യാനും ഡോട്ട് എല്ലാ ടെലികോം ഓപ്പറേറ്റർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*