മക്കൾ ഷോർട്സ് കണ്ട് സമയം കളയുന്നുണ്ടോ?കുട്ടികളുടെ യൂട്യൂബ് ശീലങ്ങൾ ഇനി മാതാപിതാക്കളുടെ കൈപ്പിടിയിൽ

കുട്ടികൾ മണിക്കൂറുകളോളം ഫോണിൽ ഷോർട്‌സ് വീഡിയോകൾ കണ്ട് സമയം കളയുന്നത് ഇന്ന് പല വീടുകളിലെയും പ്രധാന പരാതിയാണ്. ഇതിനൊരു ശാശ്വത പരിഹാരവുമായി യൂട്യൂബിന്‍റെ പുതിയ അപ്‌ഡേറ്റ് എത്തി. കുട്ടികളുടെ അക്കൗണ്ടുകളെ മാതാപിതാക്കളുടെ ഫോണുമായി ബന്ധിപ്പിച്ച്, അവർ എന്ത് കാണണം എത്ര നേരം കാണണം എന്ന് രക്ഷിതാക്കൾക്ക് ഇനി തീരുമാനിക്കാം. സ്ക്രീൻ ടൈം നിയന്ത്രിക്കാനും ആരോഗ്യകരമായ കാഴ്ചാ ശീലങ്ങൾ വളർത്താനും ഇത് സഹായിക്കും.

ഷോർട്‌സ് കാണുന്നതിന് നിയന്ത്രണം


കുട്ടികൾ എത്ര സമയം ‘യൂട്യൂബ് ഷോർട്‌സ്’ കാണണം എന്ന് തീരുമാനിക്കാൻ ഇനി മാതാപിതാക്കൾക്ക് സാധിക്കും. ഷോർട്‌സ് വീഡിയോകളുടെ ദൈർഘ്യം നിയന്ത്രിക്കാനും, ആവശ്യമെങ്കിൽ അവ പൂർണ്ണമായും ഒഴിവാക്കാനും (സീറോ ലിമിറ്റ്) പുതിയ സെറ്റിംഗ്സ് സഹായിക്കും. പഠനസമയത്ത് ഷോർട്‌സ് ബ്ലോക്ക് ചെയ്യാനും വിശ്രമവേളകളിൽ അനുമതി നൽകാനും ഇതിലൂടെ സാധിക്കും. കൂടാതെ, ഉറങ്ങാനുള്ള സമയവും വിശ്രമവേളകളും ഓർമ്മിപ്പിക്കുന്ന ‘ബെഡ് ടൈം’, ‘ടേക്ക് എ ബ്രേക്ക്’ തുടങ്ങിയ ഫീച്ചറും ഇതിൽ ഉണ്ട്.


ഗുണമേന്മയുള്ള വീഡിയോകൾക്ക് മുൻഗണന


കൗമാരക്കാർക്ക് ഉപകാരപ്രദമായ വീഡിയോകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ യൂട്യൂബ് പുറത്തിറക്കി. കുട്ടികളുടെ പഠനത്തെയും വ്യക്തിത്വ വികസനത്തെയും സഹായിക്കുന്ന വീഡിയോകൾക്ക് റെക്കമെൻഡേഷനുകളിൽ കൂടുതൽ മുൻഗണന നൽകും. ഇതിനായി ആഗോളതലത്തിൽ വീഡിയോ നിർമ്മാതാക്കൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു.


അക്കൗണ്ട് മാനേജ്‌മെന്‍റ് ലളിതമാക്കി


വീടുകളിൽ മാതാപിതാക്കൾക്ക് കുട്ടികളുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് യൂട്യൂബ് എളുപ്പമാക്കി. മൊബൈൽ ആപ്പിൽ തന്നെ വിവിധ ഫാമിലി അക്കൗണ്ടുകൾക്കിടയിൽ വേഗത്തിൽ മാറാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധിക്കും. 18 വയസ്സിന് താഴെയുള്ളവർക്കായി നേരത്തെ തന്നെ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം പുതിയ മാറ്റങ്ങൾ കൂടി വരുന്നതോടെ പ്ലാറ്റ്‌ഫോം കൂടുതൽ സുരക്ഷിതമാകുമെന്ന് യൂട്യൂബ് അറിയിച്ചു.

യൂട്യൂബ് നൽകുന്ന ഈ നിയന്ത്രണങ്ങൾ ‘ഫാമിലി സെന്‍റര്‍ (Family Center) എന്ന സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. നിങ്ങളുടെ ഫോണിൽ ഈ ഓപ്ഷൻ ഇല്ലെങ്കിൽ, ആപ്പ് അപ്‌ഡേറ്റ് ചെയ്യുകയോ അല്ലെങ്കിൽ ‘ഗൂഗിൾ ഫാമിലി ലിങ്ക്’ ആപ്പ് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. നിങ്ങളുടെ ഫോണിലെ യൂട്യൂബ് ആപ്പിലെ സെറ്റിംഗ്സിൽ ഉള്ള ഫാമിലി സെന്റർ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ അക്കൗണ്ടും കുട്ടിയുടെ അക്കൗണ്ടും തമ്മിൽ ഡിജിറ്റലായി ബന്ധിപ്പിക്കുക. ഇത്തരത്തിൽ അക്കൗണ്ടുകൾ ലിങ്ക് ചെയ്ത്, ഫാമിലി സെന്‍ററിലെ വിവിധ ഓപ്ഷനുകൾ ഉപയോഗിച്ച് മാതാപിതാക്കൾക്ക് കുട്ടിയുടെ കാഴ്ചാശീലങ്ങളിൽ മാറ്റം വരുത്താൻ സാധിക്കും.

About The Author