ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്ത് ആഗോള ശക്തിയാകാൻ ആണ് ഇന്ന് ഓരോ ലോകരാജ്യങ്ങളും ശ്രമിക്കുന്നത്. ഈ മത്സരത്തിൽ വമ്പൻ പദ്ധതികൾ ആവിഷ്ക്കരിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയും. ശക്തമായ AI Model നിർമിക്കുന്നതിനുള്ള വമ്പൻ പദ്ധതിക്ക് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നു. ഇതിനായി ബോംബെ ഐഐടി, ടെക്ക് മഹീന്ദ്ര, ഫ്രാക്ടല്‍ അനലറ്റിക്‌സ് ഉള്‍പ്പടെ എട്ടോളം സ്ഥാപനങ്ങളെ സര്‍ക്കാര്‍ തിരഞ്ഞെടുത്തു. ഇന്ത്യാ എഐ മിഷന് കീഴില്‍ അതിശക്തമായ ഫൗണ്ടേഷണല്‍ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (LLM) നിര്‍മിക്കുകയാണ് ലക്ഷ്യം. ഐഐടി ബോംബെ നേതൃത്വം നൽകുന്ന ഭാരത്ജൻ (BharatGen) കോൺസോർഷ്യം വഴിയാണ് ഏറ്റവും വലിയ പദ്ധതി നടക്കുന്നത്. ഒരു ട്രില്ല്യൺ പരാമീറ്ററുകളുള്ള എൽ.എൽ.എം. വികസിപ്പിക്കാൻ ആണ് ഐഐടി ബോംബെയ്ക്ക് ചുമതല നൽകിയിട്ടുള്ളത്. ലോകത്ത് നിലവിൽ വികസിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ എഐ മോഡലുകളിൽ ഒന്നായിരിക്കും ഇത്. സെപ്റ്റംബര്‍ 18 ന് ന്യൂഡല്‍ഹിയില്‍ നടന്ന ‘എഐ ഇംപാക്ട് സമ്മിറ്റ് 2026’ പ്രഖ്യാപന ചടങ്ങില്‍ വെച്ചാണ് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥാപനങ്ങളുടെ പേരുകള്‍ അറിയിച്ചത്.
ഒരു ലക്ഷം കോടി പാരാമീറ്ററുള്ള (1 trillion parametre) ലാര്‍ജ് ലാംഗ്വേജ് മോഡല്‍ നിര്‍മിക്കുകയാണ് ഇന്ത്യയുടെ ദൗത്യം. നിലവില്‍ ലോകത്ത് നിര്‍മിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അതിശക്തമായ എല്‍എല്‍എമ്മുകള്‍ക്കൊപ്പം നില്‍ക്കാനാകും വിധം ബ്രിഹത് പദ്ധതിയാണ് ഇന്ത്യ ലക്ഷ്യമിടുന്ന എല്‍എല്‍എം. ഈ ദൗത്യത്തിന് പിന്തുണ നല്‍കാന്‍ 988.6 കോടി രൂപയുടെ സാമ്പത്തിക സഹായത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
എന്താണ് പാരാമീറ്ററുകള്‍?
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ ഒരു ഡേറ്റയുടെ വിവിധ പാറ്റേണുകളും ബന്ധങ്ങളും തിരിച്ചറിയാന്‍ ഒരു എഐ മോഡലിനെ അനുവദിക്കുന്ന ഇന്‍റേണല്‍ വേരിയബിളുകളാണ് പാരാമീറ്ററുകള്‍. അതായത് ഒരു ഡേറ്റ ലഭിച്ചാല്‍ അത് എന്താണെന്ന് മനസിലാക്കാന്‍ ഈ പാരാമീറ്ററുകള്‍ ഉപയോഗിച്ചാണ് എഐ മോഡല്‍ വിശകലനം ചെയ്യുക. പാരമീറ്ററുകള്‍ കൂടുന്നതിനനുസരിച്ച് നമ്മളുടെ ഒരു ചോദ്യം കൃത്യമായി മനസിലാക്കാനുള്ള എഐ മോഡലിന്‍റെ കഴിവ് വര്‍ധിക്കും. അതായത് പരാമീറ്ററുകൾ കൂടുന്നതിനനുസരിച്ച് കൂടുതൽ കൃത്യമായ വിവരങ്ങൾ കൂടുതൽ വേഗത്തിൽ നമ്മൾക്ക് ലഭിക്കും. മറ്റ് ലോകരാജ്യങ്ങളോട് കിടപിടിക്കത്തക്ക ശക്തമായ രാജ്യമായി ടെക്നോളജി രംഗത്തും ഇന്ത്യ വളരുന്നതിനുള്ള സുപ്രധാന നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്.
