സ്നാപ്ചാറ്റില്‍ ഡൈനാമിക് സ്റ്റോറികളായി വാർത്തകൾ ഹൈലൈറ്റ് ചെയ്യാം

വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് ഇപ്പോൾ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ്. ഉപയോക്താക്കൾക്കായി വിശ്വസനീയവും വ്യക്തവുമായ ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വിവരങ്ങളും ഹൈലൈറ്റ് ചെയ്യുന്നതിനായി സ്‌നാപ്ചാറ്റ് അതിന്‍റെ ഡിസ്‌കവർ ഫീഡിൽ ഒരു പുതിയ ഡൈനാമിക് സ്റ്റോറീസ് ഫീച്ചർ അവതരിപ്പിച്ചു.  ആപ്പ് ഉപയോഗിക്കുമ്പോൾ തന്നെ ചുറ്റുമുള്ള ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ഇത് ഉപയോക്താക്കളെ സഹായിക്കും. ഈ ഫീഡ് ഓപ്‌ഷൻ പ്ലാറ്റ്‌ഫോമിൽ ലോകത്തിലെ ഏറ്റവും പുതിയ സംഭവങ്ങൾ കാണുന്നതിന് ഉപയോക്താക്കളെ സഹായിക്കും. വാർത്തകൾ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകളിൽ നിന്നോ മറ്റു വെരിഫൈഡ് മീഡിയ പ്രസാധകരിൽ നിന്നോ ലഭിക്കുന്ന വാർത്തകളും സ്റ്റോറിയാക്കി മാറ്റാം.  നിലവിൽ ഇന്ത്യ, ഫ്രാൻസ്, യുഎസ്, യുകെ എന്നിവിടങ്ങളിൽ ഡൈനാമിക് സ്റ്റോറീസ് പരീക്ഷിച്ചുവരുന്നു, ഭാവിയിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഈ ഫീച്ചർ എത്തും.  ഇന്ത്യയിൽ, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിൽ സ്‌നാപ്ചാറ്റ് സ്‌റ്റോറികൾ സൃഷ്‌ടിക്കാൻ സാധിക്കും.

ചുരുങ്ങിയ സമയംകൊണ്ട് വേഗത്തിൽ വാർത്തകൾ അറിയാൻ സാധിക്കുന്ന ഈ ഫീച്ചർ സ്നാപ്ചാറ്റ് ഉപഭോക്താക്കൾക്ക് വളരെ ഗുണകരമായിരിക്കും. സന്ദേശങ്ങളും ചിത്രങ്ങളും മാത്രം അയക്കുന്നതിന് പകരം ഇനിമുതൽ വാർത്തകളും ലേഖനങ്ങളും സ്നാപ്ചാറ്റ്  സ്റ്റോറിയായി മാറുന്നു. ടി വി പോലുള്ള മാധ്യമങ്ങളുടെ ഉപയോഗം കുറഞ്ഞുവരുന്ന യുവതലമുറയിലേയ്ക്ക് വാർത്തകൾ എത്തിക്കുന്നതിന് ഇത്തരം ഫീച്ചറുകൾ സഹായിക്കും. വാർത്താ പ്രസാധകരും ആയിട്ട് നേരിട്ട് ഒരു ബന്ധം സ്നാപ്ചാറ്റ് ഉപയോക്താക്കൾക്ക് ഉണ്ടാകുന്നു എന്നതും ഈ ഫീച്ചർ പ്രത്യേകതയായി പറയാം. സത്യസന്ധമായ വാർത്തകൾ നേരിട്ട് സ്നാപ്ചാറ്റ് സ്റ്റോറിയിലേക്ക് എത്തും. ഇന്ത്യയിൽ, GQ ഇന്ത്യ, മിസ്മാലിനി, പിങ്ക്വില്ല, സ്‌പോർട്‌സ്‌കീഡ, ദി ക്വിന്‍റ്, ടൈംസ് നൗ, വോഗ്ഇന്ത്യ എന്നീ പ്രസാധകരില്‍ നിന്നുള്ള വാര്‍ത്തകളായിരിക്കും തുടക്കത്തില്‍ ഈ ഫീച്ചറില്‍ ലഭ്യമാകുക. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*