ഇമെയിൽ വഴി കംപ്യൂട്ടറിൽ നുഴഞ്ഞുകയറി പണം തട്ടുന്ന ‘ഡയവോൾ’ എന്ന വൈറസിനെതിരേ മുന്നറിയിപ്പുമായി കേന്ദ്രം. വിൻഡോസ് കംപ്യൂട്ടറുകളെ ലക്ഷ്യംവെക്കുന്ന വൈറസിനെതിരേ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്-ഇൻ) ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇൻസ്റ്റാൾ ആയിക്കഴിഞ്ഞാൽ കംപ്യൂട്ടർ ഷട്ട്ഡൗൺ ആവുകയും ഓപ്പറേറ്ററിൽനിന്ന് പണം ആവശ്യപ്പെടുകയുമാണ് ഇതിന്‍റെ രീതി. പണം ചോദിച്ചുകൊണ്ടുള്ള കുറിപ്പ് മാത്രമാണ് സ്ക്രീൻ വാൾപേപ്പറില്‍ ഉണ്ടാകുക.
വൺഡ്രൈവിലേക്കുള്ള യു.ആർ.എൽ. ലിങ്ക് ഉൾപ്പെടുന്ന ഇമെയിൽ അറ്റാച്ച്മെന്‍റായാണ് ഡയവോൾ വൈറസെത്തുന്നത്. ഉപയോക്താക്കളെ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഡോക്യുമെന്‍റാണ് ലിങ്കിലുണ്ടാവുക. ലിങ്ക് ഫയൽ തുറന്നാൽ വൈറസ് ഇൻസ്റ്റാളാവാൻ തുടങ്ങും. പണം നൽകിയില്ലെങ്കിൽ വിവരങ്ങൾ മുഴുവൻ മായ്ച്ചു കളയുകയും കംപ്യൂട്ടർ ഉപയോഗയോഗ്യമല്ലാതാക്കുകയും ചെയ്യും. ഈയിടെ, ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്കും സെർട്ട്- ഇൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഗൂഗിൾ ക്രോം ഉടൻ അപ്ഡേറ്റ് ചെയ്യണമെന്നായിരുന്നു നിർദേശം.
മാൽവെയറുകളുടെ ആക്രമണത്തിൽനിന്ന് സംരക്ഷണം ലഭിക്കാൻ ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെയും പ്രോഗ്രാമുകളുടെയും ഏറ്റവും പുതിയ പതിപ്പുകളിലേക്ക് അപ്ഗ്രേഡ് ചെയ്യുക. ഉപയോഗിക്കാതിരിക്കുന്ന സമയങ്ങളിൽ റിമോട്ട് ഡെസ്ക് പ്രോട്ടോക്കോൾ (ആർ.ഡി.പി.) ഡീആക്ടിവേറ്റ് ചെയ്യുക. സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാനും റൺ ചെയ്യാനും അനുമതി നൽകാതിരിക്കുക.
Leave a Reply